Connect with us

ഫീച്ചർ

നൊന്തുപെറ്റ സ്വാതന്ത്ര്യവും ഗാന്ധിജിയുടെ ഊന്നുവടിയും

ദേശീയ പ്രസ്ഥാനം നൊന്തുപെറ്റ സ്വാതന്ത്ര്യവും വിഭാവനംചെയ്‌ത ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെയും മൂല്യങ്ങളും അനാഥമാവുകയാണോ?. ഗാന്ധിജി, നെഹ്‌റു,അംബേദ്‌കർ തുടങ്ങിയവർ മുന്നോട്ടുവെച്ച ഉൾച്ചേരലിന്റെയും സമഭാവനയുടെയും ന്യൂനപക്ഷ ദളിത്‌ പരിഗണനയുടെയും കാഴ്‌ചപ്പാടുകളെല്ലാം കടന്നാക്രമിക്കപ്പെടുന്നുമുണ്ട്‌. അവസാന വരിയിലെ ഒടുവിലത്തെ ആളെവരെ തൊട്ടുണർത്തി സ്വാതന്ത്ര്യ പ്രക്ഷോഭത്തെ വിസ്‌തൃതമാക്കിയതിൽ ഗാന്ധിജി വഹിച്ച പങ്ക്‌ അവഗണിക്കാനാകില്ല. ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മടങ്ങിവന്ന അദ്ദേഹത്തിന്റെ അഹിംസാത്മക സമരരൂപങ്ങൾ ചെലുത്തിയ സ്വാധീനവും വലുത്‌. അക്കാലത്തെ ആ ആഹ്വാനങ്ങളുടെ അന്തസ്സത്ത പൂർണമായും ഉപേക്ഷിക്കപ്പെടുകയാണോ.?

Published

|

Last Updated

നലക്ഷങ്ങൾ സ്വന്തം ജീവരക്തത്താൽ എഴുതിയ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അക്ഷരക്കൂട്ടുകൾ ചിതറുകയാണോ എന്ന സംശയം പ്രബലമാണ്‌. അപകടം തിരിച്ചറിയുന്നില്ലെങ്കിൽ അവ മുഴുവൻ മാഞ്ഞുപോകാനിടയുണ്ടെന്ന മുന്നറിയിപ്പും ഉയർന്നുകഴിഞ്ഞു. എട്ട്‌ ദശാബ്ദത്തിനുള്ളിൽ ഒട്ടേറെ നേട്ടങ്ങളും മുന്നേറ്റങ്ങളും കുതിപ്പുകളും ഉണ്ടായിട്ടുണ്ടെന്നത്‌ വാസ്‌തവം. എന്നാൽ അവയെല്ലാം ഔപചാരികമായ അവകാശവാദങ്ങളാക്കുന്ന ഭരണകൂട കെടുതികളാണ്‌ തുറിച്ചുനോക്കുന്നത്‌. 1947 ആഗസ്റ്റ് 14ന്‌ അർധരാത്രി 11 മണിക്ക്‌ ദില്ലിയിൽ ചേർന്ന ഭരണഘടനാ അസംബ്ലി യോഗത്തിൽ ജവഹർലാൽ നെഹ്‌റു പ്രസിദ്ധമായ “വിധിയുമായുള്ള കൂടിക്കാഴ്‌ച’എന്ന പ്രസംഗം നടത്തി.

കൊല്ലങ്ങൾക്കുമുമ്പ് നമ്മൾ വിധിയുമായി ഒരു ഉടമ്പടി ചെയ്തിരുന്നു, ഇപ്പോൾ ആ പ്രതിജ്ഞ പൂർണമായും അല്ലെങ്കിൽ വളരെ ഗണ്യമായി നിറവേറ്റേണ്ട സമയം വന്നിരിക്കുകയാണ്‌. ലോകം ഉറങ്ങുന്ന അർധരാത്രിയുടെ ഞെട്ടലിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന നിമിഷം വരുന്നു, പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഒരു യുഗം അവസാനിക്കുമ്പോൾ ഏറെക്കാലം അടിച്ചമർത്തപ്പെട്ട രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ ഉച്ചരിക്കുമ്പോൾ. മഹത്തായ നിമിഷത്തിൽ ഇന്ത്യയെയും ജനങ്ങളെയും സേവിക്കുന്നതിനും മാനവികതയുടെ അതിലും വലിയ ലക്ഷ്യത്തിനുവേണ്ടി സമർപ്പണ പ്രതിജ്ഞയെടുക്കുന്നത് ഉചിതമാണെന്നായിരുന്നു അതിന്റെ ഉള്ളടക്കം.

1947 ആഗസ്റ്റ് 15ന് അവസാന വൈസ്രോയി ലോർഡ് മൗണ്ട്ബാറ്റൺ അധികാര കൈമാറ്റത്തിന് മേൽനോട്ടം വഹിച്ചു. നെഹ്‌റു ആദ്യ പ്രധാനമന്ത്രിയായി, ആഘോഷങ്ങളുടെ തുടക്കമായി ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിന് മുകളിൽ ത്രിവർണ പതാകയുയർത്തി. ഗാന്ധിജി അഭിപ്രായപ്പെട്ടതാകട്ടെ നാളെ മുതൽ ബ്രിട്ടീഷ് ഭരണത്തിന്റെ അടിമത്തത്തിൽനിന്ന് നാം മോചിതരാകും. പക്ഷേ, ഇന്ന് അർധരാത്രി മുതൽ ഇന്ത്യയും വിഭജിക്കപ്പെടും. അതിനാൽ നാളെ സന്തോഷത്തിന്റേതെന്നപോലെ ദുഃഖത്തിന്റെയും ദിനമായിരിക്കും. അത് ചുമത്തുന്ന ഉത്തരവാദിത്വത്തിന്റെ വലിയ ഭാരം താങ്ങാനുള്ള ശക്തി ദൈവം നമുക്ക് നൽകട്ടേയെന്ന് ദൈവത്തോട് പ്രാർഥിക്കാമെന്നും.

ഡൊമിനിക് ലാപിയറും ലാറി കോളിൻസും സംയുക്തമായി രചിച്ച “ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും നാടകീയവും അക്രമാസക്തവും വൈകാരികവുമായ സംഭവങ്ങൾ കോർത്തിണക്കിയതാണ്‌. ആ കൃതി നെഹ്‌റുവിന്റെ വിധിയുമായുള്ള കൂടിക്കാഴ്‌ച എന്ന പ്രസിദ്ധ പ്രസംഗം ഉദ്ധരിച്ചിട്ടുണ്ട്‌. ചരിത്രം കണ്ട ഏറ്റവും വലിയ സാമ്രാജ്യത്തിൽനിന്ന് മനുഷ്യരാശിയുടെ അഞ്ചിലൊന്ന് സ്വാതന്ത്ര്യം അവകാശപ്പെട്ടു. എന്നാൽ 40 കോടി ആളുകൾക്ക് സ്വാതന്ത്ര്യത്തിന്റെ വില വിഭജനവും യുദ്ധവും കലാപവും കൊലപാതകവുമെന്ന് കണ്ടെത്തേണ്ടിവന്നു. നക്ഷത്രം കൊണ്ട് അലങ്കരിച്ച യൂണിയൻ ജാക്ക് ദില്ലിയിലെ വൈസ്രോയി ഹൗസിന്റെ കൊടിമരത്തിലൂടെ അവസാന യാത്ര ആരംഭിച്ചു.

ഗാന്ധിജിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിലൂടെ രചയിതാക്കൾ രാഷ്ട്രീയ കുതന്ത്രങ്ങൾ, സാമൂഹിക- സാംസ്കാരിക ചലനാത്മകത, പരിവർത്തന ഘട്ടത്തിലെ മനുഷ്യർക്ക്‌ വന്നുപെട്ട വൻ നഷ്ടങ്ങൾ തുടങ്ങിയവ കണ്ടെടുത്തു. വിഭജനത്തിലേക്ക് നയിച്ച ഗൂഢാലോചനകൾ, ചർച്ചകൾ, കരാറുകൾ എന്നിവയെയും പ്രക്ഷുബ്ധ കാലഘട്ടത്തിന് അടിത്തറയിട്ട സങ്കീർണതകളെ കറിച്ചും അന്വേഷിച്ചു. മതസ്‌പർധകൾ, വർഗീയ സംഘർഷങ്ങൾ, രക്തരൂഷിതമായ നിർബന്ധിത കൂട്ടക്കുടിയേറ്റങ്ങൾ എന്നിവയിലേക്കും വെളിച്ചം വീശി. കോടിക്കണക്കിനാളുകൾ അനുഭവിച്ച അക്രമം, കഷ്ടപ്പാട്, നഷ്ടം എന്നിവയുടെ ഹൃദയഭേദക വിവരണങ്ങളുമുണ്ട്‌. ചരിത്ര വസ്തുതകൾ, വ്യക്തിപരമായ സംഭവങ്ങൾ, ദൃക്‌സാക്ഷി വിവരണങ്ങൾ തുടങ്ങിയവ ഇഴചേർത്തതാണ്‌ ആഖ്യാന ശൈലി. രാഷ്ട്രത്തിന്റെ ആത്മാവിന്റെയും സ്വാതന്ത്ര്യത്തിനായി നിലകൊണ്ട എണ്ണമറ്റ പോരാളികളുടെ ത്യാഗങ്ങളുടെയും സ്മാരകംകൂടിയാണ്‌ “ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’.

നവഖാലിയിൽ നഗ്നപാദനായി…

1946 നവംബറിൽ കലാപം പടർന്നുപിടിച്ച നവഖാലി ജില്ല (ഇപ്പോൾ ബംഗ്ലാദേശിൽ) സന്ദർശിച്ച്‌ ഗാന്ധിജി 116 മൈലുകൾ വിശ്രമമില്ലാതെ താണ്ടി. 49 വിദൂര ഗ്രാമങ്ങളിൽ സമാധാന ദൗത്യം കേന്ദ്രീകരിച്ചു. രാംഗഞ്ച് പോലുള്ളയിടങ്ങളിൽ താമസിച്ച് ജോയാഗ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി ആശ്രമ ട്രസ്റ്റിലും ശ്രീരാംപൂർ ഗ്രാമത്തിലെ പകുതി കത്തിയ വീട്ടിലും താവളം സ്ഥാപിക്കുകയുംചെയ്‌തു. നവംബർ ഏഴിനാണ്‌ അദ്ദേഹം തന്റെ സഹായികളോടൊപ്പം നവഖാലിയിൽ എത്തി സമാധാനം പുനഃസ്ഥാപിക്കുംവരെ ദില്ലിയിലേക്ക് മടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്തത്‌.

ഗ്രാമങ്ങളിലൂടെ ഊന്നുവടിയുമായി നഗ്നപാദനായി നടന്നു, ദരിദ്ര കൂരകളിലും ഹിന്ദു മുസ്്ലിം വീടുകളിലും വസിച്ച് പ്രാർഥനാ യോഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഭിന്നതകൾ പരിഹരിക്കാൻ ശ്രമിച്ചു. സ്ഥിതിഗതികൾ തണുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അവിടുത്തെ സംഭവങ്ങളെക്കുറിച്ച് ആശങ്കയോടെ പരാമർശിക്കുകയുമുണ്ടായി. ഇന്ത്യയിലെ മനുഷ്യത്വത്തിന്റെ പകുതിയും തളർന്നുപോയാൽ ഒരിക്കലും സ്വതന്ത്രമാകാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌. അത്തരം സാന്ത്വനങ്ങൾ നിലച്ച വിടവിലാണ്‌ ഹിന്ദുത്വ രാഷ്ട്രീയം ദേശീയതയുടെ അവകാശവാദം നെറ്റിപ്പട്ടമായി അണിഞ്ഞ്‌ അപരമത വിദ്വേഷം ഒളിച്ചു കടത്തുന്നത്‌. കാപട്യത്തിന്റെയും വഞ്ചനയുടെയും ഒറ്റുകൊടുക്കലിന്റെയും എത്രയോ മുദ്രകൾ പതിഞ്ഞതാണ്‌ അവ.

അനാഥമാകുന്ന മൂല്യങ്ങൾ

ദേശീയ പ്രസ്ഥാനം നൊന്തുപെറ്റ സ്വാതന്ത്ര്യവും വിഭാവനംചെയ്‌ത ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെയും മൂല്യങ്ങളും അനാഥമാവുകയാണോ?. ഗാന്ധിജി, നെഹ്‌റു, അംബേദ്‌കർ തുടങ്ങിയവർ മുന്നോട്ടുവെച്ച ഉൾച്ചേരലിന്റെയും സമഭാവനയുടെയും ന്യൂനപക്ഷ‐ദളിത്‌ പരിഗണനയുടെയും കാഴ്‌ചപ്പാടുകളെല്ലാം കടന്നാക്രമിക്കപ്പെടുന്നുമുണ്ട്‌. അടുക്കളക്കാർക്കുപോലും അവസരമൊരുക്കുന്ന ജനാധിപത്യത്തെ അവസാന വരിയിലെ ഒടുവിലത്തെ ആളെവരെ തൊട്ടുണർത്തി സ്വാതന്ത്ര്യ പ്രക്ഷോഭത്തെ വിസ്‌തൃതമാക്കിയതിൽ ഗാന്ധിജി വഹിച്ച പങ്ക്‌ അവഗണിക്കാനാകില്ല.

ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മടങ്ങിവന്ന അദ്ദേഹത്തിന്റെ അഹിംസാത്മക സമരരൂപങ്ങൾ ചെലുത്തിയ സ്വാധീനവും വലുത്‌. അക്കാലത്തെ ആ ആഹ്വാനങ്ങളുടെ അന്തഃസത്ത പൂർണമായും ഉപേക്ഷിക്കപ്പെടുകയാണോ. ഭരണഘടന കടലാസുകൾ കുത്തിക്കെട്ടിയ വെറും പുസ്‌തകം മാത്രമായി. ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ നടത്തിയ പ്രസംഗം പ്രസിദ്ധം. ഭരണഘടനയുടെ വിജയം പൂർണമായും അത് പ്രവർത്തിക്കുന്ന ആളുകളെയും രാഷ്ട്രീയ പാർട്ടികളെയും ആശ്രയിച്ചിരിക്കുന്നു. മോശം ആളുകൾ കൈകാര്യം ചെയ്താൽ നല്ല ഭരണഘടന പോലും ഉപയോഗശൂന്യമാകും. മികച്ച ഭരണഘടന പ്രവർത്തിപ്പിക്കാൻ ആഹ്വാനംചെയ്തവർ മോശം വർഗമാണെങ്കിൽ അത് വിനയായി മാറിയേക്കാം. യഥാർഥ ഫലങ്ങൾ പൗരന്മാരെയും അവർ തിരഞ്ഞെടുക്കുന്ന പാർട്ടികളെയും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി.

ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമായ മാതൃകാ മനുഷ്യൻ

ഇത്തരത്തിൽ മാംസവും ചോരയുമുള്ള മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് തലമുറകൾ വിശ്വസിക്കാൻ പ്രയാസമായിരിക്കുമെന്നാണ്‌ 1939 ൽ ഗാന്ധിജിയുടെ 70ാം ജന്മദിനത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടത്‌. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിൽനിന്ന് ഏറെ പ്രചോദനം ഉൾക്കൊണ്ടിരുന്ന വിശ്രൂത ശാസ്‌ത്രജ്ഞൻ ആ കാലഘട്ടത്തിലെ എല്ലാ രാഷ്ട്രീയക്കാരിലും വെച്ച് ഏറ്റവും പ്രബുദ്ധൻ എന്നാണ് വിശേഷിപ്പിച്ചതും. ഗാന്ധിജിയുടെ സത്യത്തിന്റെയും അഹിംസയുടെയും പാത കോടിക്കണക്കിനാളുകളുടെ വിധി മാറ്റിമറിച്ചെന്നും വിശദീകരിച്ചു. ഇരുവരും ഒരിക്കലും കണ്ടിരുന്നില്ലെങ്കിലും കത്തുകൾ കൈമാറി. തൂലികാ സുഹൃത്തുക്കളായിരുന്നുവെന്നർഥം.

ഗാന്ധി വധത്തിന് രണ്ട് വർഷം കഴിഞ്ഞ്‌ 1950ൽ പ്രിൻസ്റ്റൺ സർവകലാശാലയിലെ പഠനത്തിൽ നിന്ന് ഐൻ‌സ്റ്റീൻ ഐക്യരാഷ്ട്രസഭക്കുവേണ്ടി നടത്തിയ അഭിമുഖം റെക്കോർഡ് ചെയ്‌തു. നമ്മൾ അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അക്രമം ഉപയോഗിക്കരുത്, തിന്മയാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളിൽ പങ്കെടുക്കാതിരിക്കണമെന്നും അഭ്യർഥിച്ചു. ലോകം മെച്ചപ്പെടുത്തണമെങ്കിൽ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മാത്രംപോരാ, ധാർമികതയും ആദർശങ്ങളും ഉൾക്കൊള്ളണം. അവയുടെ അഗാധമായ അധഃപതനത്തിൽ രാഷ്ട്രീയ മേഖലയിൽ ഉയർന്ന തലത്തിലുള്ള മനുഷ്യബന്ധത്തിന് നിലകൊണ്ട ഒരേയൊരു രാഷ്ട്രതന്ത്രജ്ഞൻ ഗാന്ധി മാത്രമാണെന്ന വസ്തുത അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ആരാധന നിലനിൽക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ഗാന്ധിവധം സംബന്ധിച്ച്‌ ഐൻസ്റ്റീൻ കുറിച്ചത്‌, “സ്വന്തം തത്വങ്ങളുടെ ഇരയായിട്ടാണ് ആ നഷ്ടം; കാരണം രാജ്യത്ത് അരാജകത്വവും പൊതുപ്രകോപനവും ഉണ്ടായപ്പോൾ സ്വയം ആയുധ സംരക്ഷണം നിരസിച്ചുവെന്നാണ്‌’.

Content Highlights:
An insightful reflection on India’s independence journey, highlighting Jawaharlal Nehru’s Tryst with Destiny speech and Mahatma Gandhi’s peace efforts in Noakhali. The analysis examines historical moments from Freedom at Midnight and Albert Einstein’s tributes to Gandhi’s ethical leadership.

 

---- facebook comment plugin here -----

Latest