National
സിജെപി പ്രതിഷേധത്തില് പങ്കെടുത്തു;നടന് ഇമ്രാന് ഖാനോട് രാജ്യം വിടണമെന്ന് നിര്ദേശിച്ച് മുംബൈ പോലീസ്
ഒക്ടോബര് 28നകം രാജ്യം വിടണമെന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്.
മുംബൈ| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില് സിജെപി നടത്തിയ പ്രതിഷേധത്തില് പങ്കെടുത്ത ബോളിവുഡ് താരം ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന് നിര്ദേശം. ഒക്ടോബര് 28നകം രാജ്യം വിടണമെന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്. ഇമ്രാന് ഖാന്റെ അമേരിക്കന് പൗരത്വം ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ പ്രതിഷേധത്തില് പങ്കെടുത്ത ഇമ്രാന് ഖാന് ഇമിഗ്രേഷന് നിയമത്തിലെ വ്യവസ്ഥകള് ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.
ബോളിവുഡ് താരം ആമിര് ഖാന്റെ അനന്തിരവനാണ് ഇമ്രാന് ഖാന്. ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില് നടന്ന പ്രതിഷേധത്തിലായിരുന്നു ഇമ്രാന് ഖാന് പങ്കെടുത്തത്. തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നതും തുടര്ന്നുള്ള ദൃശ്യങ്ങളും വൈറലായിരുന്നു. ഇമ്രാന് ഖാനോടൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടണും ബന്ധു സെയ്ന് മരിയ ഖാനും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത മൂവരെയും പോലീസ് പിന്നീട് വിട്ടയച്ചിരുന്നു.
ഇമ്രാന് ഖാനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന് എംപിയുമായ കിരിത് സോമൈയ രംഗത്തെത്തിയിരുന്നു. ഇമ്രാന് ഖാന് യു എസ് പൗരനാണെന്നും അദ്ദേഹത്തിന്റെ പൗരത്വം പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. വിദേശ പൗരന് രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില് പങ്കെടുക്കാമോയെന്നും ബിജെപി നേതാവ് ചോദിച്ചിരുന്നു.
ഇതേത്തുടര്ന്ന് ഇമിഗ്രേഷന് നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരമാണ് പോലീസ് നോട്ടീസ് നല്കിയത്. ആഗസ്റ്റ് ക്രാന്തി മൈതാനില് അനുമതിയില്ലാതെ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് നടന് ഉള്പ്പെടെയുള്ളവര് പങ്കെടുത്തതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
താന് ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ ഭാഗമായല്ല, മറിച്ച് വ്യക്തിപരമായ നിലപാടോടെയാണ് പ്രതിഷേധ സ്ഥലത്ത് എത്തിയതെന്ന് കസ്റ്റഡിയിലാകുന്നതിന് മുമ്പ് ഇമ്രാന് ഖാന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights: Mumbai Police issued a Leave India Notice to Bollywood actor Imran Khan, directing him to exit the country by October 28. The action follows his participation in an unauthorized political protest demanding Chief Election Commissioner Gyanesh Kumar’s resignation, which violated immigration rules for US citizens.



