Connect with us

siraj editorial

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ പതിയിരിക്കുന്നത്

അടുത്തിടെ ഫുഡ് സേഫ്റ്റി വിഭാഗം കേരളത്തില്‍ നടത്തിയ പഠനത്തില്‍ വിപണിയില്‍ ലഭ്യമാകുന്ന 82 ശതമാനം ഭക്ഷ്യവസ്തുക്കളിലും കൂടിയ തോതിലുള്ള സിന്തറ്റിക് നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. കേരളത്തിലും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.

Published

|

Last Updated

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യപദാര്‍ഥങ്ങളില്‍ മിക്കതിനും. ഫാസ്റ്റ്ഫുഡ് കടകളിലെ മത്സ്യ-മാംസ വിഭവങ്ങള്‍, ബേക്കറികളിലെ മധുര പലഹാരങ്ങള്‍, സ്റ്റേഷനറി കടകളിലെ മിഠായികള്‍ തുടങ്ങിയവക്കെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മനോഹര നിറങ്ങളാണ്. ഈ നിറങ്ങള്‍ക്കു പിന്നില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അപകടകാരികളായ രാസവസ്തുക്കളാണെന്ന വസ്തുത മിക്കവര്‍ക്കും അറിയില്ല.

നാല് ദിവസം മുമ്പാണ് കര്‍ണാടകയില്‍ പഞ്ഞിമിഠായിയും ഗോബിമഞ്ചൂരിയനും നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോളിഫ്ളവര്‍ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ഗോബിമഞ്ചൂരിയന്‍. ബീച്ച്, ഉത്സവപ്പറമ്പ് തുടങ്ങി കുട്ടികള്‍ കൂടുന്നയിടങ്ങളില്‍ വില്‍ക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ഇഷ്ടയിനമാണ് പഞ്ഞിമിഠായി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഈ മിഠായികളില്‍ ആരോഗ്യത്തിന് ഹാനികരമായ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടകയില്‍ ഈ വസ്തുക്കള്‍ വില്‍പ്പന നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴശിക്ഷയും അനുഭവിക്കേണ്ടി വരും. കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

തമിഴ്നാടും പുതുച്ചേരിയും നേരത്തേ നിരോധിച്ചതാണ് പഞ്ഞിമിഠായി വില്‍പ്പന. വസ്ത്രങ്ങള്‍ക്ക് നിറം പകരാന്‍ ഉപയോഗിക്കുന്ന റൊഡാമിന്‍-ബിയാണ് ഇതിന് നിറം കൂട്ടാന്‍ ഉപയോഗിച്ചതെന്ന് ഗിണ്ടിയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം.

ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങള്‍ ലഭിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥമാണ് റൊഡാമിന്‍-ബി. പച്ചനിറമാണ് പൊടിരൂപത്തിലുള്ള ഈ വസ്തുവിനെങ്കിലും വെള്ളവുമായി കൂടിക്കലരുമ്പോള്‍ പിങ്ക്, നീല കവര്‍ന്ന ചുവപ്പ്, മഞ്ഞ നിറങ്ങള്‍ കൈവരും. പട്ട്, ലെതര്‍, കോട്ടന്‍, കമ്പിളി തുടങ്ങിയ വസ്ത്ര ഇനങ്ങള്‍ക്ക് നിറം പകരാനും സൗന്ദര്യ വര്‍ധക മേഖലയിലുമാണ് ഇവ ഉപയോഗിക്കപ്പെടാവുന്നത്. ശരീരത്തിന് അതീവ ദോഷകരമാണ് റൊഡാമിന്‍-ബി. ശരീരത്തില്‍ പ്രവേശിച്ചാല്‍ കോശങ്ങള്‍ക്കും കലകള്‍ക്കും കേടുപാടുകള്‍ സംഭവിക്കും. തലച്ചോറിനെ സുഷുംനാ നാഡിയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ കോശങ്ങളിലാണ് ഇത് കൂടുതല്‍ നാശമുണ്ടാക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.

റൊഡാമിന്‍-ബി അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ കൂടുതല്‍ കാലം ഉപയോഗിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനം താറുമാറാകുകയും അര്‍ബുദത്തിന് കാരണമാകുകയും ചെയ്യുമെന്ന് യു എസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. പഞ്ഞിമിഠായിക്കും ഗോബിമഞ്ചൂരിയനും പുറമെ വിവിധയിനം മധുര പലഹാരങ്ങള്‍, കറിപൗഡറുകള്‍, സോസുകള്‍ തുടങ്ങിവയിലും റൊഡാമിന്‍-ബിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അയല്‍ സംസ്ഥാനങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയെങ്കിലും കേരളത്തില്‍ ഇപ്പോഴും വ്യാപകമാണ് ഗോബിമഞ്ചൂരിയന്റെയും പഞ്ഞിമിഠായിയുടെയും വില്‍പ്പന. അടുത്തിടെ ഫുഡ് സേഫ്റ്റി വിഭാഗം കേരളത്തില്‍ നടത്തിയ പഠനത്തില്‍ വിപണിയില്‍ ലഭ്യമാകുന്ന 82 ശതമാനം ഭക്ഷ്യവസ്തുക്കളിലും കൂടിയ തോതിലുള്ള സിന്തറ്റിക് നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. കേരളത്തിലും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. പഴയ തലമുറ പ്രകൃതിദത്ത വസ്തുക്കളായിരുന്നു ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം പകരാന്‍ ഉപയോഗിച്ചിരുന്നത്. മഞ്ഞള്‍, കുങ്കുമം, ചെറി, മാതളം, ബീറ്റ്റൂട്ട്, റോസ് പൂവിതളുകള്‍, ചീരച്ചാറ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ഭക്ഷണത്തിന് നിറം പകരാന്‍ സഹായകവും പ്രകൃതിദത്തവും ഒരു വേള ആരോഗ്യത്തിന് ഗുണകരവുമാണ്. കെമിക്കലുകളെ പോലെ കണ്ണഞ്ചിപ്പിക്കുന്ന നിറം ലഭിക്കാത്തതും ഉത്പാദനച്ചെലവ് കൂടുമെന്നതുമായിരിക്കാം പുതിയ തലമുറ ഇത്തരം പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കാത്തതും സിന്തറ്റിക് നിറങ്ങളെ ആശ്രയിക്കുന്നതും.

ഹോട്ടലുകളില്‍ നിന്നും ഫാസ്റ്റ്ഫുഡ് കടകളില്‍ നിന്നും കഴിക്കുന്ന ഭക്ഷ്യ പദാര്‍ഥങ്ങളില്‍ മാത്രമല്ല, വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ പലചരക്കു കടകളില്‍ നിന്ന് വാങ്ങുന്ന അരി, ശര്‍ക്കര, ചായപ്പൊടി, ഉപ്പ് തുടങ്ങിയവയിലുമുണ്ട് അപകടകരമായ സിന്തറ്റിക് നിറങ്ങള്‍. കെട്ടിടങ്ങളുടെ തറക്ക് ചുവപ്പ് നിറം കിട്ടാന്‍ സിമന്റില്‍ കലര്‍ത്തി ഉപയോഗിക്കുന്ന റെഡ് ഓക്സൈഡ്, കാത്സ്യം കാര്‍ബണേറ്റ് തുടങ്ങിയ വസ്തുക്കളാണ് അരിക്ക് നിറം പകരാന്‍ ഉപയോഗിക്കുന്നത്. മട്ട അരിക്ക് കൂടുതല്‍ നിറം ലഭിക്കാനാണ് റെഡ് ഓക്സൈഡ് ചേര്‍ക്കുന്നത്. കാത്സ്യം കാര്‍ബണേറ്റ് ചേര്‍ത്താല്‍ വെള്ള അരിക്ക് കൂടുതല്‍ ആകര്‍ഷണീയത ലഭിക്കും. റേഷന്‍ ഷാപ്പിലും സപ്ലൈകോ വില്‍പ്പന ശാലകളിലും വില്‍ക്കുന്ന മട്ട അരിയില്‍ വരെ റെഡ് ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചാനലുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കാത്സ്യം കാര്‍ബണേറ്റാണ് ഉപ്പിന് നിറം കൂട്ടാന്‍ ചേര്‍ക്കുന്നത്. കിഡ്നി അടക്കമുള്ള അവയവങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് റെഡ് ഓക്സൈഡും കാത്സ്യം കാര്‍ബണേറ്റും.

ടാര്‍ട്രാസിന്‍, കാര്‍മോയ്സിന്‍ തുടങ്ങിയ വസ്തുക്കളാണ് ചായപ്പൊടിക്ക് നിറവും കടുപ്പവും കൂട്ടാന്‍ ചേര്‍ക്കുന്നത്. 2022ല്‍ ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പാലക്കാട്ട് നടത്തിയ പരിശോധനക്കിടെ പിടിച്ചെടുത്ത ശര്‍ക്കരയില്‍, നിറം നല്‍കാന്‍ സിന്തറ്റിക് നിറങ്ങള്‍ ചേര്‍ത്തതായി കണ്ടെത്തി. സാധാരണ ശര്‍ക്കരക്ക് ചുവപ്പ് കലര്‍ന്ന കറുപ്പ് നിറമാണ്.

ഇതിന് വിപണിയില്‍ ഡിമാന്‍ഡ് കുറവാണ്. മഞ്ഞ നിറത്തിലും ചവപ്പു നിറത്തിലുമുള്ള ശര്‍ക്കരക്കാണ് ഡിമാന്‍ഡ് കൂടുതല്‍. അപകടരമായ ടാര്‍ട്രാസിന്‍, റോഡാമിന്‍-ബി തുടങ്ങിയ സിന്തറ്റിക് നിറങ്ങള്‍ ചേര്‍ത്ത ശര്‍ക്കര വിപണി കൈയടക്കാന്‍ കാരണമിതാണ്. ശര്‍ക്കരയുടെ ഉത്പാദനം അയല്‍ സംസ്ഥാനങ്ങളിലായതിനാല്‍ നടപടിയെ ടുക്കുന്നതില്‍ കേരള ഭക്ഷ്യവകുപ്പിന് പരിമിതകളുമുണ്ട്. മാത്രമല്ല, പലപ്പോഴും നാമമാത്രമാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ-ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍. ഭക്ഷ്യവസ്തുക്കളും പലചരക്ക് ഉത്പന്നങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ പരമാവധി സൂക്ഷിക്കുകയും ശ്രദ്ധിക്കുകയുമാണ് പരിഹാരം.

 

 

 

Latest