From the print
ഹജ്ജ്: കോഴിക്കോട് നിന്നുള്ള വിമാന സമയപ്പട്ടികയായി
144 പേർക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം ചെറിയ വിമാനമാണ് കോഴിക്കോട് നിന്ന് സർവീസ് നടത്തുന്നത്.
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കോഴിക്കോട് നിന്ന് ഹജ്ജ് യാത്രക്ക് അപേക്ഷിച്ചവരുടെ വിമാനയാത്രാ പട്ടികയായി. മേയ് 15നാണ് ആദ്യ വിമാനം. ഏഴ് സർവീസുകളിലായാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. 144 പേർക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം ചെറിയ വിമാനമാണ് കോഴിക്കോട് നിന്ന് സർവീസ് നടത്തുന്നത്. ആകാശ എയർ ആണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്ക് കരാർ ഏറ്റെടുത്തിട്ടുള്ളത്.
കൊച്ചി, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിമാന സമയപ്പട്ടിക നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഈ വർഷം കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഹാജിമാരും ജിദ്ദയിലേക്കാണ് യാത്ര തിരിക്കുക. മടക്കം മദീന വഴിയായിരിക്കും.
ഈ വർഷം മുതൽ ഹാജിമാർക്ക് തന്നെ സ്വന്തം നിലയിൽ വിമാനവും യാത്രാ തീയതിയും തിരഞ്ഞെടുക്കാവുന്ന ഓൺലൈൻ ഫ്‌ളൈറ്റ് ബുക്കിംഗ് സൗകര്യം ഏതാനും ദിവസത്തേക്ക് ഒരുക്കിയിട്ടുണ്ട്. ഇത് ഓരോ കവറിലെയും യൂസർ ലോഗിനിൽ ലഭ്യമാണ്. ഹാജിമാർക്ക് യാത്ര സൗകര്യപ്പെടുന്ന ദിവസത്തിലേക്ക് വിമാനം ബുക്ക് ചെയ്യാവുന്നതാണ്. ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്.
കരിപ്പൂരിൽ മേയ് 15, 16 ,17, 18 ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിൽ രണ്ട് വിമാനവും അവസാന ദിവസം ഒരു സർവീസുമാണുണ്ടാകുക. 16ന് രണ്ടാമത്തെ വിമാനം പുലർച്ചെ 4.05നും മറ്റു ദിവസങ്ങളിലെ വിമാനം അർധരാത്രി കഴിഞ്ഞ് 12.05 നുമാണ് പുറപ്പെടുക. കരിപ്പൂരിൽ പകൽ സമയങ്ങളിൽ ഹജ്ജ് വിമാനങ്ങളില്ല.


