Kerala
പാണക്കാട് ഹൈദരലി തങ്ങൾ വിടവാങ്ങി
25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച തങ്ങൾ, 2009 ഓഗസ്റ്റില്‍ സഹോദരന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡൻറ് പദവിയിലെത്തിയത്.

കൊച്ചി | മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) വിടവാങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി വഷളായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് പള്ളിയിൽ നടക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഇകെ വിഭാഗം സമസ്ത വൈസ് പ്രസിഡൻറ് മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടർ തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില് മൂന്നാമനായി 1947 ജൂണ്‍ 15-നായിരുന്നു ജനനം. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച തങ്ങൾ, 2009 ഓഗസ്റ്റില്‍ സഹോദരന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡൻറ് പദവിയിലെത്തിയത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു.
മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലായിരുന്നു മതപഠനം. തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സുന്നി വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി.
1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവില്‍ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.
ഒരുപാട് മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചുവന്ന തങ്ങള്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാഡമി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടക്കം സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.
സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്ലിംലീഗ് ജില്ല പ്രസിഡൻറ്), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങൾ