Connect with us

Editorial

ഗള്‍ഫ്-കേരള കപ്പല്‍ സര്‍വീസ്: പ്രതീക്ഷകളും ആശങ്കകളും

കൂടുതല്‍ ലഗേജുകളോടെ കുറഞ്ഞ നിരക്കില്‍ യാത്രയെന്നതാണ് കപ്പല്‍ സര്‍വീസിന്റെ ആകര്‍ഷണീയത. സര്‍വീസ് യാഥാര്‍ഥ്യമായാല്‍ ഒരു യാത്രക്കാരന് പതിനായിരം രൂപ നിരക്കില്‍ നാട്ടില്‍ പോയി തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഭക്ഷണവും വിനോദ പരിപാടികളും സജ്ജീകരിച്ച കപ്പലായിരിക്കും യാത്രക്ക് ഉപയോഗിക്കുക.

Published

|

Last Updated

ഗള്‍ഫ്-കേരള കപ്പല്‍ സര്‍വീസിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധതയുള്ള ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു മാരിടൈം ബോര്‍ഡ്. കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനുമുള്ള ഇന്റര്‍നാഷനല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡില്‍ (ഐ എസ് പി എസ്) ബേപ്പൂര്‍ തുറമുഖത്തിന് 2023ല്‍ രാജ്യാന്തര പദവി ലഭിച്ച സാഹചര്യത്തിലാണ് ബേപ്പൂരിനെ കൂടി കപ്പല്‍ സര്‍വീസിന് പരിഗണിച്ചത്.

മലബാര്‍ വികസന കൗണ്‍സിലും മാരിടൈം ബോര്‍ഡും ചേര്‍ന്നു നടത്തിയ ഉന്നതതല യോഗമാണ് കേരള-ഗള്‍ഫ് കപ്പല്‍ സര്‍വീസ് പദ്ധതി ആസൂത്രണം ചെയ്തത്. കഴിഞ്ഞ ജൂണില്‍ സംസ്ഥാന മന്ത്രിസഭ ഇതിന് അംഗീകാരവും നല്‍കി. കപ്പല്‍ സര്‍വീസുമായി ബന്ധപ്പെട്ട് മലബാര്‍ വികസന കൗണ്‍സില്‍ പ്രതിനിധികള്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍, ആനന്ദപുരം ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, നോര്‍ക്ക ടൂര്‍സ് തുടങ്ങി പ്രമുഖ കപ്പല്‍ പ്രതിനിധികളുമായും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായും ചര്‍ച്ച നടത്തി തദടിസ്ഥാനത്തില്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

25-30 ലക്ഷത്തോളം വരുന്ന ഗള്‍ഫ് മലയാളികളില്‍ ബഹുഭൂരിഭാഗവും നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന വരുമാനം കുറഞ്ഞ ബ്ലൂകോളര്‍ ജീവനക്കാരാണ്. സ്‌കൂള്‍ അവധി, പെരുന്നാള്‍, ഓണം തുടങ്ങി സീസണ്‍ വേളകളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക,് മറ്റു സന്ദര്‍ഭങ്ങളെ അപേക്ഷിച്ച് ഇരട്ടിയും അതിലേറെയുമായി വന്‍തോതില്‍ ഉയരുന്നതിനാല്‍ വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് അവധി കാലത്തെ നാടണയല്‍ താങ്ങാനാകാത്ത ഭാരമാണ്. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോഴാണ് പലരും നാട്ടിലെത്തി കുടുംബത്തോടൊപ്പം അല്‍പ്പ ദിവസം ചെലവഴിക്കുന്നത്. വിമാനക്കമ്പനികളുടെ കൊള്ളനിരക്കിനെതിരെ ഗള്‍ഫ് പ്രവാസ ലോകത്ത് നിന്ന് നിരന്തരം പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇത് പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല. വിമാന നിരക്കില്‍ ഇടപെടാനാകില്ലെന്ന മറുപടിയാണ് പലവുരു കേന്ദ്ര വ്യോമയാന വകുപ്പില്‍ നിന്നുണ്ടായത്. ഇതോടെയാണ് കാലങ്ങളായി സര്‍ക്കാര്‍ പരിഗണനയിലുള്ള കേരള-ഗള്‍ഫ് കപ്പല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വര്‍ധിച്ചത്.

കൂടുതല്‍ ലഗേജുകളോടെ കുറഞ്ഞ നിരക്കില്‍ യാത്രയെന്നതാണ് കപ്പല്‍ സര്‍വീസിന്റെ ആകര്‍ഷണീയത. സര്‍വീസ് യാഥാര്‍ഥ്യമായാല്‍ ഒരു യാത്രക്കാരന് പതിനായിരം രൂപ നിരക്കില്‍ നാട്ടില്‍ പോയി തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഭക്ഷണവും വിനോദ പരിപാടികളും സജ്ജീകരിച്ച കപ്പലായിരിക്കും യാത്രക്ക് ഉപയോഗിക്കുക. 200 കിലോ ലഗേജ് കൊണ്ടുവരാനും സാധിക്കും. മറ്റൊരു സംസ്ഥാനത്തിനു വേണ്ടി കൊച്ചിയില്‍ നിര്‍മിക്കുകയും പിന്നീട് അവര്‍ വേണ്ടെന്നു വെക്കുകയും ചെയ്ത, 1250 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ തുടക്കമെന്ന നിലയില്‍ ഇതിനായി ഉപയോഗിക്കാനായിരുന്നു നേരത്തേ തീരുമാനം.

പുതിയ സാഹചര്യത്തില്‍ ഈ കപ്പല്‍ തന്നെയാണോ ഉപയോഗിക്കുകയെന്ന് വ്യക്തമല്ല. കഴിഞ്ഞ ഡിസംബറില്‍ നവകേരള സദസ്സിനിടെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ സായി ഇന്റര്‍നാഷനല്‍, യു എ ഇ-ബേപ്പൂര്‍ സര്‍വീസിന് സന്നദ്ധത അറിയിക്കുകയും അന്നത്തെ സംസ്ഥാന തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവിലുമായും മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥരുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. യു എ ഇയില്‍ നിന്ന് ബേപ്പൂരിലേക്ക് യാത്രാ കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വീസും നടത്താനാണ് കമ്പനി താത്പര്യമറിയിച്ചത്. സര്‍വീസ് നടത്താന്‍ താത്പര്യപ്പെടുന്ന കമ്പനികളുടെ ആവശ്യങ്ങളനുസരിച്ച് തുറമുഖങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മാരിടൈം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

കപ്പല്‍ യാത്ര പ്രവാസ ലോകത്തെ സംബന്ധിച്ചിടത്തോളം പുതിയതല്ല. പണ്ട് ബോംബെ വഴി കപ്പലിലായിരുന്നു കേരളീയര്‍ ഗള്‍ഫ് നാടുകളിലേക്കും ഹജ്ജിനായി സഊദി അറേബ്യയിലേക്കും യാത്ര ചെയ്തിരുന്നത്. കാറ്റും കോളും നിറഞ്ഞ കടലിലൂടെ ഉരുവിലേറി ദുബൈ യാത്ര നടത്തിയവരുമുണ്ട്. തീരത്തെത്തിയാല്‍ നങ്കൂരമിട്ട ഉരുവില്‍ നിന്ന് നീന്തിക്കയറുകയായിരുന്നു. ഇത്തരം സാഹസിക യാത്രയിലൂടെയാണ് പ്രവാസികളുടെ ആദ്യ തലമുറ മണലാരണ്യങ്ങളില്‍ എത്തിപ്പെട്ടത്. ജീവന്‍ കൈയില്‍ പിടിച്ച് ചെറുവള്ളങ്ങളില്‍ അറേബ്യന്‍ മണ്ണില്‍ കാല്‍തൊട്ടതിന്റെ കഥകളും സിനിമകളും ധാരാളം ഇറങ്ങിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ സാര്‍വത്രികമായതോടെയാണ് കപ്പല്‍ വഴിയുള്ള യാത്രകള്‍ നിലച്ചത്.

ഇടക്കാലത്ത് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും അതേറെ നീണ്ടുനിന്നില്ല. വിമാനക്കമ്പനിക്കാരുടെ പാരവെപ്പും അധികൃതരില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതും കാരണമാണ് രണ്ട് ട്രിപ്പോടെ അതവസാനിപ്പിക്കേണ്ടി വന്നത്. എല്ലാ മാസവും രണ്ട് സര്‍വീസ് എന്ന പ്രഖ്യാപനത്തോടെയാണ് 2008ല്‍ കൊച്ചി-ഗള്‍ഫ് സര്‍വീസ് ആരംഭിച്ചത്. മുംബൈ വഴിയായിരുന്നു സര്‍വീസ്. എന്നാല്‍ മുംബൈയിലേക്കുള്ള യാത്രക്കാരുണ്ടായിരുന്നിട്ടും കപ്പല്‍ മുംബൈയില്‍ നങ്കൂരമിടാന്‍ തുറമുഖ അധികൃതര്‍ അനുവദിച്ചില്ല. ഒരു പ്രമുഖ വിമാനക്കമ്പനിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. കപ്പല്‍ സര്‍വീസ് വിജയകരമായി മുന്നോട്ടു പോയാല്‍ വിമാന യാത്രക്കാര്‍ കുറയുമെന്ന ഭീതിയിലാണ് വിമാനക്കമ്പനി അന്ന് കപ്പല്‍ സര്‍വീസ് അട്ടിമറിച്ചത്. ഈയൊരു പശ്ചാത്തലത്തില്‍ പുതിയ സര്‍വീസിന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.

 

Latest