Connect with us

First Gear

ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 950 ശതമാനം വര്‍ധനവുമായി ഗുജറാത്ത്

2025 അവസാനത്തോടെ ഗുജറാത്ത് റോഡുകളില്‍ കുറഞ്ഞത് രണ്ടു ലക്ഷം ഇവികളാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഗുജറാത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 950 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കണ്ടതായാണ് ഇത് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 2019 അവസാനം വരെ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 1000 തികഞ്ഞിരുന്നില്ല എന്നാണ്. എന്നാല്‍ 2020-ല്‍ അത് 1,119 ആയി വര്‍ധിച്ചു. പെട്ടെന്ന്, രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 2021 അവസാനത്തോടെ 9,780 ആയി ഉയര്‍ന്നു. ഇതോടെ ഗുജറാത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 956 ശതമാനത്തോളം വര്‍ധിച്ചു എന്നാണ് കണക്കുകള്‍.

വാങ്ങുന്നവര്‍ക്കും ആവശ്യമുള്ളവര്‍ക്കും സബ്സിഡിയും മൂലധന ഇന്‍സെന്റീവും നല്‍കുന്ന ആദ്യ ഇലക്ട്രിക് വാഹന നയം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതിന് ശേഷം 2021 ജൂണ്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വന്‍തോതില്‍ കൂടുന്നതായി സംസ്ഥാന തുറമുഖ, ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി പ്ലാനിന് അനുസൃതമായി ആവിഷ്‌കരിച്ച ഉദാരമായ നയത്തിലൂടെ, 2025 അവസാനത്തോടെ ഗുജറാത്ത് റോഡുകളില്‍ കുറഞ്ഞത് രണ്ടു ലക്ഷം ഇവികളാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഇവികളില്‍ കുറഞ്ഞത് 1.25 ലക്ഷം ഇരുചക്ര വാഹനങ്ങളും 75,000 മുച്ചക്ര വാഹനങ്ങളും 20,000 നാല് ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ 25 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇത് ഒരു പുതിയ പ്രവണതയുടെ തുടക്കം മാത്രമാണ്. ബാറ്ററി സ്വാപ്പിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ മതിയായ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ വന്നാല്‍ ഗുജറാത്തില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ ഇനിയും കുറവുണ്ടാകും. 2019ല്‍ ഗുജറാത്തില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 16.16 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021-ല്‍ 12 ലക്ഷം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

 

 

 

 

Latest