Connect with us

Articles

അതിര്‍ത്തിലംഘനത്തിന്റെ ചാരബലൂണുകള്‍

മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനോ അവരുടെ വ്യോമ മേഖലയിലോ ഭൂപ്രദേശത്തോ കടന്നുകയറാനോ താത്പര്യമില്ലെന്ന് ചൈന ഉറക്കെ പ്രഖ്യാപിക്കുമ്പോഴും, ചൈനയില്‍ നിന്ന് ഇത്രയും ദൂരം താണ്ടി ബലൂണ്‍ അമേരിക്കയുടെ മുകളില്‍ എത്തിയതും ചാരബലൂണില്‍ നിന്ന് ലഭിച്ച സാധന സാമഗ്രികളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ ആ ന്യായത്തെ വെറുതെ തള്ളിക്കളയാന്‍ അമേരിക്കയും തയ്യാറല്ല.

Published

|

Last Updated

അമേരിക്കയുടെ ആകാശത്ത് ഒരാഴ്ച മുമ്പ് പ്രത്യക്ഷപ്പെട്ട വലിയ ബലൂണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏതാണ്ട് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള ഊഹങ്ങള്‍ തുടരുകയാണ്. ഇത് കണ്ട ദിവസങ്ങളില്‍ അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ റിപോര്‍ട്ട് ചെയ്തത് അത് ചൈനയുടെ ചാരബലൂണ്‍ ആണെന്നായിരുന്നു. പിന്നീട് അത് ചൈനയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ചാരപ്രവര്‍ത്തനങ്ങള്‍ക്കല്ല പകരം കാലാവസ്ഥാ പഠനങ്ങള്‍ക്കായാണ് പറത്തിയതെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാല്‍ ശക്തമായ കാറ്റില്‍ അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അമേരിക്കയിലെ മൊണ്ടാനക്ക് മുകളില്‍ എത്തിപ്പെടുകയായിരുന്നുവെന്നാണ് ചൈന വിശദീകരിച്ചത്. എന്നാല്‍ ഒരു രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ മറ്റൊരു രാജ്യം തങ്ങളുടെ ബലൂണ്‍ എത്തിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാല്‍ സ്വാഭാവികമായും ചൈന പ്രതിരോധത്തിലാകുകയും ചെയ്തു.

എന്നും സംശയങ്ങളുടെ നിഴലില്‍
ചൈനയെ സംബന്ധിച്ച് ആ രാജ്യം എന്നും സംശയത്തിന്റെ നിഴലിലാണ് ഉണ്ടാകാറുള്ളത്. കൊവിഡ് ലോകത്തെ വിറപ്പിച്ചപ്പോള്‍, ചൈനയില്‍ നിന്ന് ഉദയം കൊണ്ട കൊറോണ വൈറസ് ചൈനയുടെ തന്നെ ജൈവായുധം ആണോയെന്ന് ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചാരബലൂണുകള്‍ അമേരിക്കയുടെ മുകളില്‍ പറപ്പിച്ചുകൊണ്ട് ചൈന വീണ്ടും സംശയത്തിന്റെ നിഴലിലായിരിക്കുന്നു. മാത്രമല്ല, അമേരിക്കയിലെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളില്‍ ഒന്നായ മാല്‍സ്‌ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്നത് മൊണ്ടാനയിലാണ്. അതുകൊണ്ട് കൂടെയാണ് ചൈനീസ് ബലൂണ്‍ ചാരപ്രവൃത്തിയാണ് നടത്തിയതെന്ന ആരോപണം ഉയരുന്നതും.

ചാരബലൂണുകള്‍
മറ്റു രാജ്യങ്ങളെ നിരീക്ഷിക്കുന്നതിനായി പല രാജ്യങ്ങളും വിവിധങ്ങളായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അമേരിക്കയിലെ ‘മൊണ്ടാന’ എന്ന പ്രദേശത്താണ് ഈ ബലൂണ്‍ കാണപ്പെട്ടത്. ആണവ നിലയങ്ങളുള്‍പ്പെടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൊണ്ടാന. 80,000 മുതല്‍ ഒരുലക്ഷം വരെ അടി ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്. ഏതാണ്ട് മൂന്ന് ബസുകളുടെ വലിപ്പമാണ് അതിനുള്ളത്. ‘എയ്‌റോസ്റ്റാറ്റുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഈ ബലൂണുകള്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈന റഷ്യയുടെ പക്കല്‍ നിന്ന് വാങ്ങിയിരുന്നു. പിന്നീട് സ്വയം നിര്‍മിക്കാനും തുടങ്ങി. ഒരു പ്രദേശത്തെ കുറിച്ച് പഠിക്കാനും അവിടെ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമാണ് ഇത്തരം ‘എയ്‌റോസ്റ്റാറ്റുകള്‍’ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ബലൂണുകളുടെ രൂപം
പറക്കാനായി ഉപയോഗിക്കുന്ന പാരച്യൂട്ട് പോലെയുള്ള ബലൂണുകളുടെ അതേ രൂപമാണ് ചാരബലൂണുകള്‍ക്കുള്ളത്. മുകള്‍ ഭാഗം ഹീലിയം നിറച്ച ബലൂണില്‍, താഴെ സോളാര്‍ പാനലുള്‍പ്പെടെ നിരനിരയായി സ്ഥാപിച്ചിരിക്കുന്നു. ഇവയില്‍ നിന്നുള്ള ഊര്‍ജമാണ് പറക്കാനായി ഉപയോഗിക്കുന്നത്. അതിന്റെ താഴെയായാണ് ക്യാമറ, റഡാര്‍, സെന്‍സറുകള്‍, മറ്റ് വിവര സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ഘടിപ്പിക്കുന്നത്. ഇതുവഴിയാണ് ബലൂണ്‍ നിരീക്ഷണം നടത്തുന്നത്. അമേരിക്കയില്‍ കണ്ടെത്തിയ ബലൂണില്‍ ഇതൊക്കെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 50,000 മുതല്‍ ഒന്നര ലക്ഷം വരെ അടി ഉയരത്തില്‍ ഇവക്ക് പറക്കാന്‍ കഴിയും.

അമേരിക്കയില്‍ എത്തിയതെങ്ങനെ?
ചൈന വര്‍ഷങ്ങളായി അവരുടെ രാജ്യത്തിന്റെ അന്തരീക്ഷത്തില്‍ കാലാവസ്ഥാ സംബന്ധമായും ഭൂമിശാസ്ത്രപരമായും പല പഠനങ്ങള്‍ക്കും ബലൂണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. 2022ല്‍ അമേരിക്കയുടെ സമീപത്തുള്ള പല ദ്വീപുകളിലും ഇത്തരം ചൈനീസ് ബലൂണുകള്‍ കണ്ടതായി റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ അമേരിക്ക ഇത്തവണ കൃത്യമായി ബലൂണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചപ്പോള്‍ ആദ്യം ചൈന പ്രതികരിച്ചില്ല എങ്കിലും പിന്നീട് അവര്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയാണുണ്ടായത്.

ചൈനാ സന്ദര്‍ശനം
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജോണ്‍ ബ്ലിങ്കണ്‍ അടുത്ത് തന്നെ വിവിധ തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. ഈ സംഭവത്തിന് ശേഷം അദ്ദേഹം ചൈനാ സന്ദര്‍ശനം റദ്ദാക്കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ സംഭവത്തിന് ബ്ലിങ്കന്റെ സന്ദര്‍ശനവുമായി ബന്ധമുണ്ടെന്നും സന്ദര്‍ശനത്തിന് മുമ്പ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ചൈന ഇങ്ങനെയൊരു ശ്രമം നടത്തിയതെന്നുമാണ് അമേരിക്കയുടെ ആരോപണം.

ഇന്ത്യയുടെ ആശങ്കകള്‍
ചൈന അമേരിക്കയില്‍ ബലൂണ്‍ പറത്തിയതില്‍ ഇന്ത്യക്ക് എന്ത് ചേതമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ തെറ്റി. ഇന്ത്യ-ചൈന-അമേരിക്ക ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളും അതിന്റെ ഉലച്ചിലുകളുമൊക്കെ എന്നും അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. 2019ല്‍ ചൈന ഇത്തരം ബലൂണുകള്‍ ടിബറ്റില്‍ ഉപയോഗിച്ച്കൊണ്ട് ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ നിരീക്ഷിച്ചതായി ഇന്ത്യയിലെ ഒരു മുന്‍നിര മാധ്യമം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ പോലും ചൈനയുടെ പക്കല്‍ നിന്ന് ഇത്തരം ബലൂണുകള്‍ വാങ്ങിയിട്ടുണ്ട് എന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതുകൊണ്ട് തന്നെ അമേരിക്കയില്‍ ഉണ്ടായിരിക്കുന്ന ഈ സംഭവം ഇന്ത്യയിലും ഏത് സമയവും ഉണ്ടാകാം. അതിനാല്‍ ചൈനയുടെ ലക്ഷ്യം കൃത്യമായി വിലയിരുത്താനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ ടെക്നോളജിയല്ല
രാജ്യങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി ബലൂണ്‍ പറത്തുന്നത് ഇത് ആദ്യമായല്ല. ആയിരത്തി എഴുനൂറുകളില്‍ തന്നെ നിരീക്ഷണങ്ങള്‍ക്കായി ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. 1836ല്‍ അമേരിക്കയില്‍ ആഭ്യന്തര യുദ്ധം നടന്നപ്പോഴും എതിര്‍ചേരിയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും ബലൂണിന്റെ സഹായം തേടിയിരുന്നു. മാത്രമല്ല രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന്‍ ഔദ്യോഗികമായി ഇത്തരമൊരു ബലൂണ്‍ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. അമേരിക്കയില്‍ തന്നെ ആയിരത്തിത്തൊള്ളായിരത്തി എണ്ണൂറുകളില്‍ ഡ്രഗ്സിന്റെ ഒഴുക്ക് അറിയാനും തടയുന്നതിനുമായി ബലൂണ്‍ ഉപയോഗിച്ചുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനില്‍ അണുബോംബ് വര്‍ഷിക്കാന്‍ അമേരിക്ക ഉപയോഗിച്ചത് ബലൂണുകളായിരുന്നു. ഒപ്പം ശീതയുദ്ധ സമയത്തും അമേരിക്കയും സോവിയറ്റ് യൂനിയനും ചാരബലൂണുകള്‍ ഉപയോഗിച്ചിരുന്നു.

എന്നിരുന്നാലും, ടെക്‌നോളജി ഇത്രയേറെ വളര്‍ന്ന കാലത്തും ചൈന ബലൂണുകള്‍ ഉപയോഗിച്ചുകൊണ്ട് നിരീക്ഷണം നടത്തുന്നത് എന്തിനായിരിക്കാം എന്നത് പ്രധാനമാണ്. ലഭ്യമായ അറിവുവെച്ച്, ഉപഗ്രഹ നിരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം ബലൂണ്‍ ഉപയോഗിച്ചുകൂടി നിരീക്ഷണങ്ങള്‍ നടത്തുകവഴി, അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതാകാം ചൈനയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഉപഗ്രഹങ്ങളെ അപേക്ഷിച്ച് ബലൂണുകള്‍ വളരെ മെല്ലെ ചലിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും എന്ന ഗുണം കൂടെയുണ്ട്. കൂടാതെ ബലൂണുകളുടെ നിയന്ത്രണം കൂടുതല്‍ ലളിതമാണ് താനും. ബലൂണില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ സാറ്റലൈറ്റ് വഴി ചൈനയില്‍ എത്തിച്ചേരുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അമേരിക്കയില്‍ കണ്ടതിനൊപ്പം ലാറ്റിനമേരിക്കയിലും കാനഡയിലും ഇത്തരം ബലൂണുകള്‍ കണ്ടതായി റിപോര്‍ട്ടുകളുണ്ട്.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനോ അവരുടെ വ്യോമ മേഖലയിലോ ഭൂപ്രദേശത്തോ കടന്നുകയറാനോ താത്പര്യമില്ലെന്ന് ചൈന ഉറക്കെ പ്രഖ്യാപിക്കുമ്പോഴും, ചൈനയില്‍ നിന്ന് ഇത്രയും ദൂരം താണ്ടി ബലൂണ്‍ അമേരിക്കയുടെ മുകളില്‍ എത്തിയതും ചാരബലൂണില്‍ നിന്ന് ലഭിച്ച സാധന സാമഗ്രികളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ ആ ന്യായത്തെ വെറുതെ തള്ളിക്കളയാന്‍ അമേരിക്കയും തയ്യാറല്ല.

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)