Connect with us

International

റഷ്യയില്‍ പ്ലേസ്റ്റോര്‍ ഇടപാടുകള്‍ നിര്‍ത്തിവെച്ച് ഗൂഗിള്‍

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി നിലവിലുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കാനോ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിള്‍ വിലക്കിയതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് വിലക്ക്. രാജ്യത്ത് പരസ്യങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം. പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടര്‍ന്ന് റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് ബില്ലിങ് സംവിധാനം ഉപയോഗിക്കാനാകില്ലെന്ന് കമ്പനി മാര്‍ച്ച് പത്തിന് അറിയിച്ചിരുന്നു. ആപ്പുകളും ഗെയിമുകളും നല്‍കുന്ന പെയ്ഡ് സേവനങ്ങള്‍ പണം നല്‍കി വാങ്ങാന്‍ റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കില്ല. സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി നിലവിലുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കാനോ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രഖ്യാപനത്തിന് മുമ്പ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാന്‍ സാധിക്കും. നിലവിലുള്ള ഡെവലപ്പര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ബില്ലിങ് ഗ്രേസ് പിരീയഡ് അനുവദിക്കും. കൂടാതെ പേമെന്റ് നടക്കുന്നത് വരെ ഫ്രീ ട്രയലുകള്‍ തുടരുകയും ചെയ്യും. ഈ തീരുമാനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുന്നത് അറിയാന്‍ ഗൂഗിളില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരണമെന്നും കമ്പനി റഷ്യന്‍ ജനതയെ അറിയിച്ചു.

 

Latest