Connect with us

Aksharam Education

മികവിലേക്കുള്ള കവാടം

പ്രൈമറി പഠന കാലയളവിലെ മികവിന്റെ സൂചകങ്ങളായി മാറിയ രണ്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷകളാണ് എല്‍ എസ് എസും യു എസ് എസും.

Published

|

Last Updated

പ്രൈമറി പഠന കാലയളവിലെ മികവിന്റെ സൂചകങ്ങളായി മാറിയ രണ്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷകളാണ് എല്‍ എസ് എസും യു എസ് എസും. കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത് എന്നതാണ് പ്രധാന ആകര്‍ഷകം. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ മാത്സര്യ ബുദ്ധിയും പഠന പ്രചോദനവും നല്‍കുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഈ രണ്ട് പരീക്ഷകള്‍ വലിയ പങ്കുവഹിക്കുന്നു. ഏറ്റവും ചെറിയ പ്രായത്തില്‍ എഴുതാവുന്ന ഏറ്റവും ഉയര്‍ന്ന പരീക്ഷകള്‍ എന്ന നിലയിലും ഇത് ശ്രദ്ധേയമാണ്.

എല്‍ എസ് എസിന് ഒരുങ്ങാം
പ്രൈമറി പഠനകാലത്തെ മികവിന്റെ സൂചകമായ എല്‍ എസ് എസ് എഴുതുന്നതിന് കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നാലാം ക്ലാസ്സുകാരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കാം. പാദവാര്‍ഷിക പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് എല്‍ എസ് എസ് പരീക്ഷ എഴുതാനുള്ള യോഗ്യതയുണ്ട്. പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല.

പരീക്ഷയുടെ രീതി
പ്രധാനമായും നാലാം ക്ലാസ്സിലെ പാഠപുസ്തകങ്ങളെ അപഗ്രഥിച്ചാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. പാഠഭാഗത്തിലെ പഠന നേട്ടം, ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍, മനോഭാവം എന്നിവ അളക്കുന്നതിനുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. വിശദമായി ഉത്തരം എഴുതേണ്ടതും ഒറ്റവാക്കില്‍ ഉത്തരം എഴുതേണ്ടതുമായ ചോദ്യങ്ങളുണ്ട്. അഞ്ച് പാര്‍ട്ടുകളായി ഒരു പേപ്പറാണ് പരീക്ഷക്ക് ഉണ്ടാവുക.

പാര്‍ട്ട് എ,
ഒന്നാംഭാഷ (20 മാര്‍ക്ക് )
ബി ഇംഗ്ലീഷ് (10)
സി പരിസര പഠനം(20)
ഡി ഗണിതം (20)
ഇ പൊതുവിജ്ഞാനം(10)
എന്നിങ്ങനെ ആകെ 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. 60 ശതമാനത്തിലധികം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് (48 മാര്‍ക്ക്) സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകും.

പ്രതിഭ തെളിയിക്കാന്‍
യു എസ് എസ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പ് പരീക്ഷയാണിത്. പാദവാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

സിലബസ്
പ്രധാനമായും ഏഴാം ക്ലാസ്സിലെ മാര്‍ച്ച് 31 വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷയില്‍ ചോദ്യങ്ങള്‍ ഉണ്ടാവുക. സിലബസിലെ പഠന നേട്ടം, ആശയം, ധാരണ, ശേഷി, മനോഭാവം എന്നിവ അളക്കുന്നതിന് പര്യാപ്തമായ ചോദ്യങ്ങള്‍ ഉണ്ടാകും. ബഹുവികല്‍പ്പ ചോദ്യങ്ങള്‍ (Multiple Choice) ആണ് എന്നതാണ് യു എസ് എസിന്റെ ഒരു പ്രത്യേകത. ആകെ 70 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. 60 മാര്‍ക്കിന് ഉത്തരം എഴുതിയാല്‍ മതിയാകും. 120 മിനുട്ട് സമയം ലഭിക്കും.

ആകെ ഒരു പേപ്പര്‍ മാത്രമാണ് ഉണ്ടാകുക. ഒന്നാം ഭാഷ, അടിസ്ഥാന പാഠാവലി, ഗണിതം, ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. 70 ശതമാന (42 മാര്‍ക്ക് ) ത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവരെ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും.

മിടുക്കര്‍ക്ക് ഗിഫ്റ്റഡ് റാങ്ക്
ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന 40 പേരെ ഗിഫ്റ്റഡ് റാങ്കിലുള്ളവരായി തിരഞ്ഞെടുക്കും. അവര്‍ക്ക് പ്രത്യേക തുടര്‍ പരിശീലന പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നുവരുന്നു.

ഇപ്പോള്‍
ഒരുക്കം തുടങ്ങാം
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന ശ്രദ്ധേയമായ രണ്ട് പരീക്ഷകള്‍ എന്ന നിലയില്‍ കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. പ്രധാനമായും അതത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലെ വിവരങ്ങളെ സമഗ്രമായി അപഗ്രഥിച്ചുള്ള പഠനരീതി ഇപ്പോഴേ ആരംഭിക്കാവുന്നതാണ്. ചിട്ടയായ പരിശ്രമവും നിരന്തരമായ പഠനവും ഉണ്ടെങ്കിലേ രണ്ട് സ്‌കോളര്‍ഷിപ്പുകളും നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

വലിയ സ്വപ്നങ്ങളിലേക്ക് കടന്നുകയറാന്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള ജാലകം ആണെന്ന തിരിച്ചറിവില്‍ മുന്നൊരുക്കം ഇപ്പോഴേ ആരംഭിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നോട്ടിഫിക്കേഷന്‍ വന്നതിന് ശേഷം മാത്രമാണ് അപേക്ഷിക്കാനാവുക. സാധാരണഗതിയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ സംഘടിപ്പിക്കപ്പെടും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അക്കൗണ്ട് വഴി ലഭിക്കും. കൂട്ടുകാര്‍ക്ക് വിജയാശംസകള്‍.

 

 

 

Latest