Connect with us

Kerala

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,10 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം

അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.

Published

|

Last Updated

തിരുവനന്തപുരം|ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. അഞ്ചു വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും.

അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്തിയില്ലെങ്കില്‍ ആധാര്‍ അസാധുവായേക്കും.

കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാലും ഗുണങ്ങളുണ്ട്. ബയോമെട്രിക് പുതുക്കല്‍ യഥാസമയം നടത്തിയാല്‍ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകളുടെ രജിസ്‌ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442.

 

Latest