National
കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ ജയിലില്‍ മരിച്ചു;മരണം കലാപക്കേസില്‍ ശിക്ഷ അനുഭവിച്ചുവരവെ
സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബറില്‍ ഡല്‍ഹി പാലം കോളനിയിലുണ്ടായ കലാപക്കേസിലാണ് സജ്ജന്‍കുമാറിനെ കോടതി ശിക്ഷിച്ചത്.കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 17-നാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജന്‍കുമാറിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
മൂന്ന് തവണ ലോക്സഭാംഗമായിരുന്ന സജ്ജന്‍ കുമാര്‍, ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. 2018-ല്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.2018 ഡിസംബര്‍ 17-ന് ഡല്‍ഹി ഹൈക്കോടതി, കേസില്‍ സജ്ജന്‍ കുമാറിനെ വെറുതെവിട്ട വിചാരണക്കോടതിയുടെ 2013-ലെ വിധി റദ്ദാക്കി. തുടര്‍ന്ന് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

പാലം കോളനിയിലെ രാജ് നഗറില്‍ അഞ്ച് സിഖ് പുരുഷന്മാര്‍ കൊല്ലപ്പെട്ടതും വ്യാപകമായ അക്രമത്തിനിടയില്‍ ഒരു ഗുരുദ്വാര തീവെച്ച് നശിപ്പിച്ചതിനുമായിരുന്നു കേസ്.
ഈ വര്‍ഷം ജനുവരിയില്‍, 1984 ലെ കലാപത്തിനിടയില്‍ ജനക്പുരി, വികാസ്പുരി മേഖലകളില്‍ അക്രമം അഴിച്ചുവിട്ടെന്നാരോപിച്ചുള്ള രണ്ട് വ്യത്യസ്ത കേസുകളില്‍ ഡല്‍ഹി കോടതി സജ്ജന്‍ കുമാറിനെ വെറുതെവിട്ടു. എന്നിരുന്നാലും, അക്രമവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ടതിനാല്‍ മോചിതനാകാനായില്ല
2025 ഫെബ്രുവരിയില്‍, സരസ്വതി വിഹാര്‍ കേസില്‍ റൗസ് അവന്യൂ കോടതി സജ്ജന്‍ കുമാറിന് മറ്റൊരു ജീവപര്യന്തം തടവ് കൂടി വിധിച്ചു. ജസ്വന്ത് സിംഗ്, തരുണ്‍ദീപ് സിംഗ് എന്നിവരെ ആള്‍ക്കൂട്ടാക്രമണത്തിനിടെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.
സജ്ജന്‍ കുമാറിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, വാര്‍ദ്ധക്യവും ആരോഗ്യസ്ഥിതിയും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് കോടതി ജീവപര്യന്തം തടവ് വിധിക്കുകയാണുണ്ടായത്.
Content Highlights: Former Congress MP Sajjan Kumar passed away at Safdarjung Hospital at age 80. He was serving a life sentence in Tihar Jail for his role in the 1984 anti-Sikh riots. He represented Outer Delhi three times in the Lok Sabha before his conviction in 2018 led to his resignation.


