Connect with us

vizhinjam port

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പല്‍ അടുത്തു

മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്ത സാധ്യതകളാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യയുടെ ചരക്കുനീക്ക സംവിധാനങ്ങളുടെ മുഖച്ഛായമാറ്റാന്‍ ഉതകുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പല്‍ അടുത്തു. തുറമുഖത്തിന് ആവശ്യമായ ക്രെയി നുമായി ചൈനയില്‍ നിന്നു വന്ന ഷെന്‍ ഹുവ 15 എന്ന കപ്പല്‍ പുറംകടലിലെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നു വിഴിഞ്ഞം തുറമുഖത്തേക്കു പ്രവേശിച്ചു. വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ വരവേറ്റു. ഔദ്യോഗിക സ്വീകരണ പരിപാടികള്‍ ഞായറാഴ്ച നടക്കും.

ക്രെയിനുമായി വന്നത് കൂറ്റന്‍ ചരക്കു കപ്പല്‍ അല്ലെങ്കിലും വരവ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചു ലോകത്തോടുള്ള പ്രഖ്യാപനമായി. മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്ത സാധ്യതകളാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള രാജ്യത്തെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാണു യാഥാര്‍ഥ്യമായിരിക്കുന്നത്. വിഴിഞ്ഞം

യാഥാര്‍ത്ഥ്യമാകുന്നതോടെ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്കുള്ള വാതായനമാണു തുറക്കുന്നത്.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവന്‍ വച്ചതു 2015 ലാണ്. 1,000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിംഗായിരുന്നു ലക്ഷ്യമിട്ടത്. ഓഖി, കൊവിഡ് പോലെയുള്ള പ്രതിസന്ധികള്‍, രാഷ്ട്രീയവിവാദം, തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ കൂടാതെ പാറക്കല്ലുകളുടെ ക്ഷാമം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് തുറമുഖ നിര്‍മാണം മുന്നേറിയത്.

കണ്ടെയ്നര്‍ ബെര്‍ത്ത് നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം 34 ശതമാനം, പുലിമുട്ട് നിര്‍മാണം 53 ശതമാനം, ഡ്രെഡ്ജിംഗ് 65 ശതമാനം എന്നിങ്ങനെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജമായി. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം.

വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. 14,000 മുതല്‍ 20,000 കണ്ടെയ്നറുകളുമായി വരുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറ മുഖ ത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്നു ചെറിയ കപ്പലുകളിലും ഫീഡര്‍ കപ്പലുകളിലുമാണു ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നു വെറും 10 നോട്ടിക്കല്‍ മൈല്‍ അകലാണു തുറമുഖത്തേക്കുള്ള ദൂരം. ചൈനയോട് കിടപ്പിടിക്കുന്ന മികച്ച ചരക്കുകൈകാര്യം ചെയ്യല്‍ സംവിധാനമാണ് വിഴിഞ്ഞം തുറമുഖത്തുള്ളതെന്നാണു വിലയിരുത്തപ്പെടുന്നത്.

 

Latest