Connect with us

From the print

സാമ്പത്തിക പ്രതിസന്ധി: വിരമിക്കുന്ന ജീവനക്കാരുടെ കരാർ നിയമനത്തിന് കെ എസ് ഇ ബി

താത്കാലിക നിയമന നിരോധമെന്നും പിൻവാതിൽ നിയമനത്തിന് ഇടയാക്കുമെന്നും ആക്ഷേപം

Published

|

Last Updated

പാലക്കാട് | വിരമിക്കുന്ന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെ എസ് ഇ ബി. 31ന് വിരമിക്കുന്ന 1,100ഓളം ജീവനക്കാരെയാണ് താത്കാലികമായി നിയമിക്കാനൊരുങ്ങുന്നത്. ഇത്രയും ജീവനക്കാർക്ക് വിരമിക്കൽ ആനൂകൂല്യം ഉൾപ്പെടെ നൽകുന്നതിന് 650 കോടിയോളം വേണം. പുതിയ ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ ശമ്പളയിനത്തിൽ അധിക ബാധ്യത ഏൽക്കേണ്ടിയും വരും.

ഇതൊഴിവാക്കാനാണ് വിരമിക്കുന്നവരെ താത്കാലികമായി നിയമിച്ച് ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകി പ്രതിസന്ധി മറികടക്കുന്നതിന് കെ എസ് ഇ ബി തീരുമാനമെടുത്തത്.
കരാർ ജീവനക്കാർക്ക് 750 രൂപ ഓണറേറിയം നൽകിയാൽ മതി. മറ്റ് ആനുകൂല്യങ്ങൾ നൽകേണ്ടതില്ല. കൊവിഡ് ലോക്ക് ഡോൺ കാലത്ത് കെ എസ് ഇ ബി വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ വിരമിച്ച ജീവനക്കാരെ ഉൾപ്പെടുത്തി പവർ ബ്രിഗേഡ് രൂപവത്കരിച്ചിരുന്നു.

ഈ മാതൃകയിൽ പുതിയ പവർ ബ്രിഗേഡ് രൂപവത്കരിക്കാനാണ് നീക്കം.
വിരമിക്കുന്ന ജീവനക്കാരിൽ ഓവർസിയർ, ലോവർഗ്രേഡ് തസ്തികകളിലുള്ളവരാണ് ഭൂരിഭാഗവും. 19 ലൈൻമാൻമാരും 34 മസ്ദൂർമാരും 388 ഓവർസിയർമാരുമുണ്ട്. ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുകയും പകരം നിയമിക്കാതിരിക്കുകയും ചെയ്താൽ വൈദ്യുതി മേഖല പ്രതിസന്ധിയിലാകും. ഈ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, ഈ നീക്കത്തിൽ ജീവനക്കാർക്കിടയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്്. കരാർ നിയമനം പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുന്നതിന് പുറമെ കേന്ദ്ര സർക്കാറിന്റെ സ്വകാര്യവത്കരണം നടപ്പാക്കുന്നതിനാണെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ (കോൺഗ്രസ്സ്) അഭിപ്രായപ്പെട്ടു. കെ എസ് ഇ ബിയിൽ കരാർ നിയമനം റദ്ദാക്കി സ്ഥിരം ജീവനക്കാരെ നിയമിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. പുനഃസംഘടനയുടെ മറവിൽ കരാർ നിയമനം നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് ഭരണപക്ഷ തൊഴിലാളി സംഘടനകളും വ്യക്തമാക്കി.

കെ എസ് ഇ ബിയിൽ ലൈൻമാൻ, ഇലക്്ട്രിസിറ്റി വർക്കർ തസ്തികകളിലായി രണ്ടായിരത്തിലേറെ ജീവനക്കാരുടെ കുറവാണുള്ളത്. ഇത്ര ഗുരുതര ആൾക്ഷാമം അനുഭവപ്പെട്ടിട്ടും പുനഃസംഘടന കഴിയുംവരെ സ്ഥിരനിയമനമില്ലെന്ന് പി എസ് സിയെ കെ എസ് ഇ ബി അറിയിച്ചിരുന്നു. താത്കാലിക നിയമന നിരോധം യുവജനങ്ങളിൽ വ്യാപക എതിർപ്പിനിടയാക്കും.

വർഷങ്ങളായി താഴ്ന്ന തസ്തികകളിൽ നിയമനം നടക്കാത്തതിനാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ സെക്്ഷൻ ഓഫീസുകൾ വീർപ്പുമുട്ടുന്നുണ്ട്. കരാറടിസ്ഥാനത്തിൽ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് അൽപ്പമെങ്കിലും പരിഹാരം കാണുന്നത്.
രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ചെയ്യുന്ന കഠിനാധ്വാനത്തിന് പ്രതിദിനം ലഭിക്കുന്നത് 750 രൂപ മാത്രമാണെന്ന് കരാർ ജീവനക്കാരും പരാതിപ്പെടുന്നു.

Latest