International
മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; കുട്ടികളടക്കം 23 പേർ മരിച്ചു
വൈദ്യുത ട്രാൻസ്ഫോർമർ തകരാറാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം
മെക്സിക്കോ സിറ്റി | വടക്കൻ മെക്സിക്കോയിലെ ഒരു സൂപ്പർമാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. തകരാറിലായ ഒരു വൈദ്യുത ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിഷവാതകം ശ്വസിച്ചാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് സംസ്ഥാന പ്രോസിക്യൂട്ടർ ഗുസ്താവോ സലാസ് അറിയിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വാൾഡോസ് സ്റ്റോറിലാണ് സ്ഫോടനം നടന്നത്.
സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഗവർണർ ദുറാസോ അറിയിച്ചു. ഇത് ഒരു അപകടമാണെന്നാണ് നിലവിലെ നിഗമനമെന്നും കടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ട്രാൻസ്ഫോർമറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇതൊരു ആസൂത്രിത പ്രവർത്തിയല്ലെന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അന്വേഷണത്തിന്റെ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും പ്രോസിക്യൂട്ടർ സലാസ് പിന്നീട് അറിയിച്ചു.
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സൂപ്പർമാർക്കറ്റ് ശൃംഖല തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷീൻബോം അനുശോചനം അറിയിച്ചു.




