Connect with us

Kerala

ശബരിമല വിമാനത്താവള പദ്ധതിക്ക് വിദഗ്ധ സമിതിയുടെ പച്ചക്കൊടി

സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Published

|

Last Updated

കോട്ടയം | സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് വിദഗ്ധ സമിതിയുടെ പച്ചക്കൊടി. പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സാമൂഹികാഘാത പഠന റിപോര്‍ട്ട് അവലോകനം ചെയ്ത ഒമ്പതംഗ സമിതി ശിപാര്‍ശ നല്‍കി. സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൃക്കാക്കര ഭാരത് മാത കോളജിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലുള്ളവരാണ് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയത്. രണ്ടു മാസമെടുത്താണ് റിപോര്‍ട്ട് തയ്യാറാക്കിയത്. സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി റിപോര്‍ട്ട് അവലോകനം ചെയ്തു. പദ്ധതി മൂലമുണ്ടാകുന്ന സാമൂഹികാഘാതത്തേക്കാള്‍ കൂടുതലാണ് വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകുന്ന സാമ്പത്തിക-സാമൂഹിക പ്രയോജനമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.

സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായി പദ്ധതിയെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പറയുന്ന റിപോര്‍ട്ടില്‍, ചെറുവള്ളി എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ കുടിയിറക്കപ്പെടുന്നവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കുടിയിറക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വെക്കുന്നു.

കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റുമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ചെറുവളളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടി വരും. ഇതിനുപുറമെ 100 വര്‍ഷത്തിലധികം പഴക്കമുള്ള കാരിത്തോട് എന്‍എം എല്‍പി സ്‌കൂള്‍, ഏഴ് ആരാധനാലയങ്ങള്‍ അഞ്ച് കച്ചവട സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയും മാറ്റി സ്ഥാപിക്കണം.

---- facebook comment plugin here -----

Latest