Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സംവിധാനങ്ങള്‍ പരിഗണിക്കാം; വിദഗ്ദ്ധ സമിതി
ഭൂകമ്പ-പ്രളയ സുരക്ഷ പരിശോധിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യം
ഇടുക്കി|മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയില്‍ കാലാനുസൃതമായ അത്യാധുനിക സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന കേരളത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് സമിതിയുടെ തീരുമാനം. സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാര്‍ സമഗ്ര സുരക്ഷാ പരിശോധനാ സമിതി കഴിഞ്ഞ ദിവസം അണക്കെട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്.
അണക്കെട്ടിന്റെ ബലക്ഷയും ജനങ്ങളുടെ സുരക്ഷയും സംബന്ധിച്ച നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ധ സമിതിയുടെ തീരുമാനം.
തേക്കടിയില്‍ വെച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി വിശദമായ ചര്‍ച്ച നടത്തി. തേക്കടിയില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികള്‍ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്കകള്‍ രേഖപ്പെടുത്തി. ഭൂകമ്പ സാധ്യതകള്‍, പ്രളയ ഭീഷണി, അണക്കെട്ടിന്റെ ആന്തരികവും ബാഹ്യവുമായ ഘടനാപരമായ സ്ഥിരത, അനിയന്ത്രിതമായ നീരൊഴുക്ക് എന്നിവ ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തന്നെ വിലയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഈ ഘട്ടത്തിലും ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ അടിയന്തരമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് ആധുനിക സംവിധാനങ്ങള്‍ പരിശോധനയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വിദഗ്ദ്ധ സമിതി യോഗത്തില്‍ ഉറപ്പുനല്‍കിയത്.
Content Highlights: The Supreme Court-appointed expert committee agreed to consider using modern technology for the comprehensive safety inspection of the Mullaperiyar dam. This decision came after Kerala firmly demanded advanced scientific methods to assess structural stability and flood risks. The committee will submit its report to the National Dam Safety Authority within 15 days.


