Connect with us

Kerala

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; എക്‌സൈസ് മന്ത്രി എം ലിജു

തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കണം. അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും മന്ത്രി

Published

|

Last Updated

കോട്ടയം| എക്‌സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എക്‌സൈസ് കമ്മീഷണറെ മന്ത്രി അഭിനന്ദിച്ചു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെയുള്ളവരെ തുറുങ്കിലടയ്ക്കും. ആളുകളുടെ ജീവനും ആരോഗ്യവും തകര്‍ത്ത്, ഒരു പങ്ക് ചില ജീവനക്കാര്‍ക്കും നല്‍കി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി എം ലിജു പറഞ്ഞു. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരോട് സീറോ ടോളറൻസ് നയമാണ്. ഏത് ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും നടപടിയുണ്ടാകും. നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുകയുമാണ് സർക്കാരിന്റെ നയം. ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്‌സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിര്‍ബന്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹം തന്നെ വിസില്‍ ബ്ലോവേഴ്സ് ആകണം. തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കണം. അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എക്‌സൈസ് വകുപ്പിനായി 41 പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

മദ്യം ഏറ്റവും കുറച്ചു വിറ്റ ഔട്ട്‌ലെറ്റുകളുടെ പേരാണ് പ്രസിദ്ധീകരിക്കേണ്ടത്. അങ്ങനെ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. മദ്യനയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ബാറുകള്‍ വേണ്ടെന്നാണ് യു ഡി എഫ് നയം. എന്നാല്‍ എല്‍ ഡി എഫ് നിരവധി ബാറുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കിയതായും മന്ത്രി എം ലിജു കൂട്ടിച്ചേര്‍ത്തു.

Content Highlights:
Excise Minister M Liju pledged strict action against corruption, ordering a Vigilance probe into suspended officers’ assets. He affirmed support for honest staff, praised the Excise Commissioner, and flagged 41 new department vehicles. Discussions on Kerala’s liquor policy are under way.

 

Latest