Connect with us

Kerala

എക്‌സലോജിക് സേവനം നല്‍കാതെ നിരവധി കമ്പനികളില്‍ നിന്ന് പണം കൈപ്പറ്റി; മാത്യു കുഴല്‍നാടന്‍

ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് സിഎംആര്‍എല്‍ നഷ്ടത്തിലാണെന്ന് കാണിച്ചതുപോലെയാണ് എക്‌സലോജികും കാണിച്ചത്.

Published

|

Last Updated

കൊച്ചി| മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സലോജിക്കിനെതിരെ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. എക്‌സലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട് അറിയണം. മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോഴും ഇതിലൊന്നും അസ്വാഭാവികതയില്ലെന്നാണോ വാദിക്കുകയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

എക്‌സലോജിക് നിരവധി കമ്പനികളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. സേവനം നല്‍കാതെയാണ് പണം വാങ്ങിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് സിഎംആര്‍എല്‍ നഷ്ടത്തിലാണെന്ന് കാണിച്ചതുപോലെയാണ് എക്‌സലോജികും കാണിച്ചത്. നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്ന് എല്ലാ പോരാട്ടവും നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സലോജിക്ക് കമ്പനിക്കെതിരെ അന്വേഷണം നടത്തുക. സിഎംആര്‍എലും എക്‌സലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി എ. ഗോകുല്‍നാഥ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. സിഎംആര്‍എലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്.

 

 

 

 

Latest