Connect with us

Articles

ഇലക്ടറല്‍ ബോണ്ട്: ചുരുളഴിയുന്നതെന്ത്?

അംബാനി മുതല്‍ താഴോട്ട് പലരും ബോണ്ട് വാങ്ങിയവരുടെ ലിസ്റ്റില്‍ കാണാം. 400 കോടിയോളമാണ് അംബാനിയുടെ സംഭാവന. റിലയന്‍സ് കമ്പനി ബോണ്ടുകള്‍ വാങ്ങിയത് ക്വിക്ക് സപ്ലൈ ചെയിന്‍ എന്ന പേരിലാണ്. വേദാന്തയും ഡി എല്‍ എഫും ഫ്യൂച്ചറും ഒക്കെ ശതകോടികള്‍ നല്‍കിയിട്ടുണ്ട്. അപ്പോഴും ഒരാളെ ഈ പട്ടികയിലെങ്ങും കാണാനില്ല, മോദിയുടെ 'റോക്ഫെല്ലര്‍'; ഗൗതം അദാനി. കൂടാതെ 2018ന് മുമ്പുള്ള കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുമില്ല.

Published

|

Last Updated

ഏറെക്കാലത്തെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്ന അഴിമതി സംവിധാനത്തിന്റെ സാധുത സുപ്രീം കോടതി റദ്ദാക്കിയത്. ഫെബ്രുവരി 15ന് വന്ന വിധിയില്‍ ഇന്ന് വരെ ലഭിച്ച ബോണ്ടുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും അവര്‍ അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഒരാഴ്ചക്കകം നല്‍കാന്‍ കഴിയില്ലെന്നും അതിന് മൂന്ന് മാസം വേണമെന്നുമാണ് സ്റ്റേറ്റ് ബേങ്ക് ആവശ്യപ്പെട്ടത്. ഒറ്റനോട്ടത്തില്‍ തന്നെ ഇത് വിചിത്രമായ ഒരു നിലപാടായിരുന്നു. 80 കോടിയിലധികം അക്കൗണ്ടുകള്‍ ഉള്ള ഒന്നാണ് ഈ ബേങ്ക്. പ്രതിദിനം കോടിക്കണക്കിന് ഇടപാടുകള്‍ നടത്തുന്നവര്‍. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരണം നടന്നു എന്നവകാശപ്പെടുന്നവര്‍. ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ ഏത് വിവരങ്ങളും സെക്കന്‍ഡുകള്‍ക്കകം ലഭ്യമാക്കുന്നവര്‍.

2019 ഏപ്രില്‍ ഒന്നിനും 2024 ഫെബ്രുവരി 15നും ഇടക്ക് മൊത്തം 44,247 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെന്നും അതില്‍ 22,030 എണ്ണം ഇതിനകം അവര്‍ പണമായി മാറ്റിയിട്ടുണ്ടെന്നുമാണ് ബേങ്ക് അറിയിച്ചിരുന്നത്. എന്നിട്ടും കേവലം 44,000 അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ മൂന്ന് മാസം വേണമെന്ന അവരുടെ ആവശ്യം കോടതി തള്ളിയതില്‍ ഒരു അത്ഭുതവുമില്ല. എന്തായാലും കഴിഞ്ഞ ആഴ്ചയില്‍ അവരോട് അത് നല്‍കാന്‍ ആവശ്യപ്പെടുകയും ഭാഗികമായി കുറെ വിവരങ്ങള്‍ അവര്‍ നല്‍കുകയും കിട്ടിയ വിവരങ്ങള്‍ കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഓരോ ബോണ്ടിനും പ്രത്യേകമായി ഒരു രഹസ്യ കോഡ് നമ്പര്‍ (അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയത്) ഉണ്ടെന്ന് ബേങ്ക് പറഞ്ഞിരുന്നുവെങ്കിലും അത് നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇത് കണ്ട സുപ്രീം കോടതി വെള്ളിയാഴ്ച ബേങ്കിനോട് ചോദിച്ചു, ‘ഫെബ്രുവരി 15ലെ വിധിയില്‍ ഞങ്ങള്‍ എന്താണ് ആവശ്യപ്പെട്ടിരുന്നത്? ഓരോ ബോണ്ടിന്റെയും വ്യക്തമായ വിവരങ്ങള്‍, അവ വാങ്ങിയ തീയതി, തുക, വാങ്ങിയ ആളുടെ പേര്, ഏത് പാര്‍ട്ടിക്കാണ് നല്‍കിയത് – എന്നൊക്കെയല്ലേ? എന്നാല്‍ എത്ര ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്, അതില്‍ എത്ര അവര്‍ പണമാക്കി മാറ്റിയിട്ടുണ്ട് എന്ന വിവരം നല്‍കാത്തതെന്തുകൊണ്ട്’? ഈ വിവരങ്ങള്‍ നല്‍കാന്‍ മാര്‍ച്ച് 19 വരെ കോടതി സാവകാശം നല്‍കി. അതായത് തൊട്ടടുത്ത പ്രവൃത്തി ദിവസം അത് നല്‍കണം. ബോണ്ട് രേഖകളുടെ ഒറിജിനല്‍ എല്ലാം കമ്മീഷന് തിരികെ നല്‍കാന്‍ കോടതി തയ്യാറായി.

വിവരങ്ങള്‍ നല്‍കാന്‍ ഇത്രയും താമസിപ്പിക്കുന്നത് കേവലം ബേങ്കിന്റെ കാര്യക്ഷമതയുടെ അല്ലെങ്കില്‍ സാങ്കേതിക മികവിന്റെ കുറവുകൊണ്ടല്ല എന്നും ബേങ്കിനെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണെന്നും ആര്‍ക്കും ബോധ്യമാകും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നല്‍കാന്‍ മടിച്ചിരുന്നതെന്ന് ഭാഗികമായി പുറത്തു വന്ന വിവരങ്ങള്‍ തന്നെ പരിശോധിച്ചാല്‍ മനസ്സിലാകും. ഈ വിവരങ്ങള്‍ സുതാര്യമായാല്‍ ഭരണകക്ഷിക്ക് വലിയ ദുഷ്പേരുണ്ടാകും എന്ന് നന്നായി അറിയാവുന്നത് അവര്‍ക്ക് തന്നെയാണല്ലോ. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വെച്ച് തന്നെ ഒട്ടനവധി തട്ടിപ്പു സ്ഥാപനങ്ങള്‍ ഇവര്‍ക്ക് വന്‍ തുകകള്‍ നല്‍കിയിട്ടുണ്ട്. പെട്ടെന്ന് തന്നെ വളര്‍ന്നു പടര്‍ന്നു പൊന്തിയ സ്ഥാപനങ്ങള്‍, നിരവധി തട്ടിപ്പു കേസുകളില്‍ അന്വേഷണം നടക്കുന്ന സ്ഥാപനങ്ങള്‍, ഷെല്‍ കമ്പനികള്‍ എന്ന രീതിയില്‍ അറിയപ്പെടുന്ന തട്ടിപ്പു സ്ഥാപനങ്ങള്‍, വന്‍കിട കരാറുകള്‍ കിട്ടിയ സ്ഥാപനങ്ങള്‍… അങ്ങനെ ഈ പട്ടിക നീളുന്നു. കിട്ടിയ സംഭാവനകളില്‍ 7,000 കോടിയിലധികമാണ് ബി ജെ പിക്ക് കിട്ടിയത്. മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും കൂടി ചേര്‍ന്നാലും ഇതിന്റെ നാലിലൊന്ന് പോലും ആകില്ല. ഈ കമ്പനികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വിഷയം അടുത്ത കാലത്തായി ആദായനികുതി വകുപ്പും ഇ ഡിയും മറ്റും നിരീക്ഷിക്കുന്ന സ്ഥാപനങ്ങളാണ് ഇവ എന്നതാണ്. ഈ അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഈ സ്ഥാപനങ്ങള്‍ ഈ ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നതെന്നും വ്യക്തമാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു സ്ഥാപനം ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് എന്ന പേരുള്ളതാണ്. പക്ഷേ ഈ പേര് നമുക്കത്ര പരിചിതമല്ലായിരിക്കാം. എന്നാല്‍ ഈ കമ്പനിയുടെ എം ഡിയെ നമുക്കറിയാം, ലോട്ടറി രാജാവെന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്‍. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശാഭിമാനിക്ക് രണ്ട് കോടി രൂപ സംഭാവന (വായ്പയെന്നും ചിലര്‍) നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഓര്‍മയുണ്ടാകും. ടിയാന്‍ വീണ്ടും വളരെ വലിയൊരു താരമായി ഈ പട്ടികയില്‍ കാണുന്നു. എസ് ബി ഐ വഴി സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനം വാങ്ങിയ ഇലക്ടറല്‍ ബോണ്ട് 1,368 കോടി രൂപയുടേതാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ലോട്ടറി വ്യവസായി ഇലക്ടറല്‍ ബോണ്ടിന് നല്‍കിയ വില മാധ്യമങ്ങളില്‍ പ്രത്യേകം വാര്‍ത്താ പ്രാധാന്യം നേടി.

മ്യാന്മറിലെ യാങ്കൂണില്‍ വെറും ഒരു തൊഴിലാളിയായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്‍ 1988ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതോടെ അദ്ദേഹത്തിന്റെ ജീവിതം അടിമുടി മാറുന്നു. തിരിച്ചു വരവില്‍ കോയമ്പത്തൂരില്‍ ‘മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി ലിമിറ്റഡ്’ എന്ന പേരില്‍ മാര്‍ട്ടിന്‍ സ്വന്തം ലോട്ടറി സ്ഥാപനം തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ ‘ലോട്ടറി രാജാവ്’ എന്ന പേര് മാര്‍ട്ടിന്‍ സ്വന്തമാക്കി. പിന്നാലെ ഒന്നിന് പിറകെ ഒന്നെന്ന രീതിയില്‍ കേസുകള്‍. അതിനിടെ ലോട്ടറി സ്ഥാപനം ‘ഫ്യൂച്ചര്‍ ഗെയിമിംഗ്’ എന്ന പേരിലേക്ക് മാറുന്നു. ഒപ്പം ഹോട്ടല്‍ വ്യവസായത്തിലേക്കും മാര്‍ട്ടിന്‍ കടന്നിരുന്നു. എന്നാല്‍ 2000ത്തിന്റെ പകുതിയോടെ നിയമ പ്രശ്നങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ ലോട്ടറി സ്ഥാപനം ആരംഭിച്ചു, വ്യാജ ഒറ്റ അക്ക ലോട്ടറികള്‍ അച്ചടിച്ച് വിതരണം ചെയ്തു തുടങ്ങിയ നിരവധി കേസുകള്‍ ഒന്നിന് പിറകെ ഒന്നായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

2003ല്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസ്ഥാനത്ത് ലോട്ടറി നിരോധിച്ചതോടെ മാര്‍ട്ടിന്‍ കര്‍ണാടകയിലേക്കും കേരളത്തിലേക്കും പിന്നാലെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തന്റെ ലോട്ടറി വ്യവസായം വ്യാപിപ്പിച്ചു. ഇന്നും ‘ഡിയര്‍ ലോട്ടറി’ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന മാര്‍ട്ടിന്റെ ലോട്ടറി വ്യവസായം 13 സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. രാജ്യത്തെ ലോട്ടറി വിതരണക്കാരുടെയും ഏജന്റുമാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും സംഘടനയായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്നും ലൈബീരിയയില്‍ ലോട്ടറി വ്യവസായം ആരംഭിച്ചത് മാര്‍ട്ടിനാണെന്നും ഫ്യൂച്ചര്‍ ഗെയിമിംഗ് വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

ലോട്ടറി ‘വ്യവസായത്തില്‍’ നിന്നുള്ള പണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഊര്‍ജം, ദൃശ്യമാധ്യമ രംഗം, വസ്ത്രം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സോഫ്റ്റ് വെയര്‍, സാങ്കേതികവിദ്യ, പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്, അഗ്രോ, ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ബിസിനസുകളിലേക്ക് മാര്‍ട്ടിന്‍ കടക്കുന്നു. ഇതിനിടെ പോപ് ബെനഡിക്റ്റ് പതിനാറാമന്റെ അപ്പസ്‌തോലിക അനുഗ്രഹവും ലഭിച്ചതോടെ മാര്‍ട്ടിന്റെ പ്രശസ്തി ലോകമെങ്ങും ഉയര്‍ന്നു.

ഇത്രയേറെ സാമ്പത്തിക തട്ടിപ്പുകളില്‍ പങ്കാളിയായ സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിലയാണ് മാധ്യമങ്ങളെ ഞെട്ടിച്ചത്, 1,394 കോടി രൂപ. എല്ലാം ഒരു കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2021, 2022, 2023 വര്‍ഷങ്ങളിലാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. പക്ഷേ, ഇലക്ടറല്‍ ബോണ്ടുകളുടെ സ്വഭാവം വെച്ച്, സാന്റിയാഗോ മാര്‍ട്ടിന്‍ ഏത് പാര്‍ട്ടിക്ക് വേണ്ടിയാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് കണ്ടെത്തുക ഏറെ പ്രയാസമാകും.

2023 മെയിലാണ് മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും ഇ ഡി പരിശോധനകള്‍ നടത്തിയത്. അനധികൃത പണം കൈകാര്യം ചെയ്യുന്നതാണ് (മണി ലോണ്ടറിംഗ് നിയമം ലംഘിച്ചതാണ്) കേസ്. 2022 ഏപ്രില്‍ രണ്ടിന് മാര്‍ട്ടിന്റെ 410 കോടി രൂപ വിലയുള്ള ജംഗമ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മാര്‍ട്ടിന്റെ സ്ഥാപനം നൂറ് കോടിക്കുള്ള ബോണ്ട് വാങ്ങുന്നു. ഒറ്റ ദിവസം അവര്‍ നടത്തിയ ഏറ്റവും വലിയ വാങ്ങല്‍ ഇതായിരുന്നു. അവരുടെ മൊത്തം ബോണ്ട് തുകയില്‍ പാതി ഇ ഡി പരിശോധനകള്‍ക്കു മുമ്പും പാതി അതിന് ശേഷവുമാണെന്നു കാണാം. നമുക്ക് പരിചയമില്ലാത്ത നിരവധി മറ്റു സ്ഥാപനങ്ങളും ഉണ്ട്. 2021 ഫെബ്രുവരിയില്‍ ഇ ഡി റെയ്ഡ് നടത്തിയ കെവെന്റര്‍ ഫുഡ് പാര്‍ക്ക് വാങ്ങിയത് 573 കോടിയുടെ ബോണ്ടുകളാണ്. ഡിസംബര്‍ 2020ല്‍ ഇ ഡി പരിശോധിച്ച യശോദാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കാര്‍ എടുത്തത് 162 കോടിയുടെ ബോണ്ടാണ്.

സ്വന്തം സ്ഥാപനത്തിന്റെ അതിരു കടന്ന വളര്‍ച്ചക്കുള്ള സര്‍ക്കാര്‍ പിന്തുണ ബോണ്ടായി മാറിയ കഥകളും ഉണ്ട്. അതിലൊരാളാണ് സഞ്ജീവ് ഗോയെങ്ക. ചെറിയ പുള്ളിയൊന്നുമല്ല. അവര്‍ കൈവെക്കാത്ത ഒരു മേഖലയുമില്ല. കൊല്‍ക്കത്ത നഗരത്തിലാണ് പ്രധാന ഓഫീസുകള്‍. നഗരത്തിലെ മുഴുവന്‍ വൈദ്യുതി വിതരണവും നടത്തുന്നത് ഇവരുടെ സ്ഥാപനമായ സി ഇ എസ് സി ആണ്. വൈദ്യുതി മാത്രമല്ല, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ചില്ലറ വ്യാപാര ശൃംഖലകള്‍, ഐ ടി അനുബന്ധ സേവനങ്ങള്‍, മാധ്യമങ്ങള്‍, സ്പോര്‍ട്സ്, വിദ്യാഭ്യാസം, ചില അപൂര്‍വ ഉത്പന്നങ്ങളുടെ ഉത്പാദനം മുതലായവയില്‍ ഇവര്‍ കൈവെച്ചിരിക്കുന്നു. എറണാകുളത്തെ കരിമുഗളില്‍ വലിയ തോതില്‍ മലിനീകരണം നടത്തിയതിന്റെ പേരില്‍ ജനങ്ങള്‍ സമരം ചെയ്ത് നിര്‍ത്തിപ്പിച്ച ഒരു കമ്പനിയാണ് ഫിലിപ്സ് കാര്‍ബണ്‍. ഈ സ്ഥാപനം ഈ ഗ്രൂപ്പിന്റേതാണ്. ഐ പി എല്‍ എന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ലക്‌നോ സൂപ്പര്‍ ജയന്റ്സ് എന്ന ടീം ഇവരുടേതാണ്. ഐ എസ് എല്‍ എന്ന ഫുട്ബോള്‍ ഉത്സവത്തില്‍ മോഹന്‍ ബഗാന്‍ എന്ന കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥരും ഇവരാണ്. ഇവരുടെ വളര്‍ച്ച ഏറെ സംശയാസ്പദമായിരുന്നു. നിരവധി പരാതികള്‍ ഉണ്ടായിരുന്നു. ഓരോ തവണയും ഇവരെ രക്ഷിച്ചു പോന്നത് ഈ ബോണ്ടുകളാണ് എന്ന് ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കാണിക്കുന്നു.

ഇത് മാത്രമല്ല, പല സ്ഥാപനങ്ങളുടെയും വായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ട്. പലര്‍ക്കും വന്‍കിട കരാറുകള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ ഒക്കെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് എന്നെങ്കിലും കിട്ടുമോ? ഇവര്‍ക്ക് വേണ്ടി ഏതെങ്കിലും നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ? സ്ഥാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ചില സ്ഥാപനങ്ങള്‍ കോടികള്‍ ഇങ്ങനെ നല്‍കുന്നതെന്തുകൊണ്ട്? ദേശസ്നേഹത്തിന്റെ പേരില്‍ മതം തിരിച്ച് അന്വേഷണം നടത്തുന്നവര്‍ പാകിസ്താനില്‍ നിന്നടക്കമുള്ള വിദേശ കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടോ?

ഇപ്പോഴും മറഞ്ഞിരിക്കുന്ന ഗൗതം അദാനി
പാലം കുലുങ്ങിയാലും അതിലിരിക്കുന്ന കേളന്‍ കുലുങ്ങില്ല എന്ന് പറയുന്നത് പോലെയാണ് അദാനിമാരുടെ കാര്യം. അംബാനി മുതല്‍ താഴോട്ട് പലരും ബോണ്ട് വാങ്ങിയവരുടെ ലിസ്റ്റില്‍ കാണാം. 400 കോടിയോളമാണ് അംബാനിയുടെ സംഭാവന. റിലയന്‍സ് കമ്പനി ബോണ്ടുകള്‍ വാങ്ങിയത് ക്വിക്ക് സപ്ലൈ ചെയിന്‍ എന്ന പേരിലാണ്. വേദാന്തയും ഡി എല്‍ എഫും ഫ്യൂച്ചറും ഒക്കെ ശതകോടികള്‍ നല്‍കിയിട്ടുണ്ട്. അപ്പോഴും ഒരാളെ ഈ പട്ടികയിലെങ്ങും കാണാനില്ല, മോദിയുടെ ‘റോക്ഫെല്ലര്‍’; ഗൗതം അദാനി. കൂടാതെ 2018ന് മുമ്പുള്ള കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുമില്ല. തിരഞ്ഞെടുപ്പ് സംഭാവനത്തട്ടിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായിരിക്കുമ്പോഴും, രാജ്യത്തിന് മുന്നില്‍ മോദി – അമിത് ഷാ ദ്വയങ്ങളും ബി ജെ പിയും നാണംകെട്ട് നില്‍ക്കുമ്പോഴും അദാനിയെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണവര്‍: ദ ഗാംഗ് ഓഫ് അഹമ്മദാബാദ്..

 

 

Latest