Connect with us

Editorial

മാന്യമായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണ രീതി

മറ്റേത് രംഗത്തുമെന്ന പോലെ രാഷ്ട്രീയ മേഖലയിലും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കും അച്ചടക്കവും സംയമനവും ആവശ്യമാണ്. സഹിഷ്ണുത ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. തികച്ചും ആരോഗ്യകരമായിരിക്കണം വിമര്‍ശനങ്ങള്‍. വികാരത്തിനടിമപ്പെട്ട് പൊട്ടിത്തെറിക്കുകയോ സമചിത്തത കൈവെടിയുകയോ ചെയ്യരുത്. ശത്രുതാ മനോഭാവത്തോടെ പെരുമാറുകയുമരുത്.

Published

|

Last Updated

തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നുകഴിഞ്ഞു. മാന്യമായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണമെന്നും വ്യക്തിഹത്യ-അധിക്ഷേപം, മനപൂര്‍വമുള്ള തെറ്റിദ്ധരിപ്പിക്കല്‍, വിദ്വേഷ പരാമര്‍ശങ്ങള്‍ മുതലായ രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിഷ്‌കര്‍ഷയുണ്ട് പെരുമാറ്റച്ചട്ടത്തില്‍. എങ്കിലും വ്യക്തിഹത്യയും അസഭ്യങ്ങളും വിദ്വേഷ പരാമര്‍ശവും പ്രചാരണ രംഗത്ത് വ്യാപകമാണ്. ഇടുക്കി മണ്ഡലത്തില്‍ ഒരു പ്രചാരണ യോഗത്തില്‍, മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനും മുന്‍ കോണ്‍ഗ്രസ്സ് എം പി. പി ജെ കുര്യനുമെതിരെ കടുത്ത അസഭ്യവര്‍ഷമാണ് ഒരു പ്രമുഖ സി പി എം നേതാവ് കഴിഞ്ഞ ദിവസം നടത്തിയത്. ഒരു ഫോട്ടോയില്‍ കൃത്രിമം കാണിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് രാഷ്ട്രീയ എതിരാളികള്‍. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറും മറ്റൊരു കേന്ദ്ര മന്ത്രി പ്രതിമ ഭൗമികയും കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തില്‍ പ്രതിമ ഭൗമികിന്റെ തല വെട്ടിമാറ്റി തത്്സ്ഥാനത്ത് ഇ പി ജയരാജന്റെ ഭാര്യയുടെ മുഖം വെച്ചാണ് വ്യാജ പ്രചാരണം. കണ്ണൂരിലെ ഇ പി ജയരാജന്റെ വിവാദ റിസോര്‍ട്ട് വാങ്ങിയത് രാജീവ് ചന്ദ്രശേഖറാണെന്നും കേരളത്തില്‍ സി പി എം-ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും ഈ ചിത്രം വ്യക്തമാക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.

എതിര്‍കക്ഷി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത, സ്വകാര്യ ജീവിതത്തിന്റെ ഒരു വശവും പ്രചാരണ രംഗത്ത് എടുത്തിടരുതെന്നും എതിരാളികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടാകരുതെന്നും തിരഞ്ഞെടപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഉണര്‍ത്തുന്നുണ്ടെങ്കിലും പലരും എതിര്‍സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും സ്വകാര്യ ജീവിതത്തിലെ പാളിച്ചകളും വീഴ്ചകളും എടുത്തു പറഞ്ഞാണ് പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. പിതൃശൂന്യന്‍, പരനാറി, കുലംകുത്തികള്‍, പെണ്ണുപിടിയന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ രാഷ്ട്രീയ യോഗങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്നതാണ്. നെഹ്റു, മഹാത്മാ ഗാന്ധി തുടങ്ങി മരിച്ചു പോയ നേതാക്കളുടെ സ്വകാര്യജീവിതം വരെ ചര്‍ച്ചയാകാറുണ്ട് രാഷ്ട്രീയ വേദികളില്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തൊക്കെ അപവാദ പ്രചാരണങ്ങളാണ് നടന്നത്. അവസാനം തെളിവില്ലെന്നു കണ്ട് കേസ് അവസാനിപ്പിക്കേണ്ടിവന്നു. അധികാര രാഷ്ട്രീയത്തെക്കുറിച്ച്, അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാപകരില്‍ പ്രമുഖനും മൂന്നാമത് യു എസ് പ്രസിഡന്റുമായ തോമസ് ജെഫേഴ്സന്റെ ഒരു നിരീക്ഷണമുണ്ട്, ‘അധികാരത്തോട് താത്പര്യപൂര്‍വം അടുക്കുന്ന നിമിഷം മുതല്‍ അധികാരികളുടെ പെരുമാറ്റത്തില്‍ ജീര്‍ണത വന്നുതുടങ്ങും’. ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതാണ് പ്രസംഗത്തിലുള്‍പ്പെടെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ കണ്ടുവരുന്ന അമാന്യതയും സംസ്‌കാര രാഹിത്യവും. എതിര്‍ പാര്‍ട്ടിയിലെ സംശുദ്ധരായ നേതാക്കളെ പോലും സമൂഹത്തില്‍ നീചമായി ചിത്രീകരിക്കുന്ന വിധം ജീര്‍ണിത സംസ്‌കാരത്തിന്റെ ഉടമകളായി മാറിയിരിക്കുന്നു നേതാക്കളില്‍ പലരും. ഇക്കാര്യത്തില്‍ അവര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാറില്ല.

മറ്റേത് രംഗത്തുമെന്ന പോലെ രാഷ്ട്രീയ മേഖലയിലും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കും അച്ചടക്കവും സംയമനവും ആവശ്യമാണ്. സഹിഷ്ണുത ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. തികച്ചും ആരോഗ്യകരമായിരിക്കണം വിമര്‍ശനങ്ങള്‍. വികാരത്തിനടിമപ്പെട്ട് പൊട്ടിത്തെറിക്കുകയോ സമചിത്തത കൈവെടിയുകയോ ചെയ്യരുത്. ശത്രുതാ മനോഭാവത്തോടെ പെരുമാറുകയുമരുത്. വളരുന്ന തലമറുക്ക് മാതൃകയാകേണ്ടവരാണ് ഇന്നത്തെ രാഷ്ട്രീയ നേതൃത്വം. തലമൂത്ത നേതാക്കള്‍ നടത്തുന്ന അസഭ്യവര്‍ഷങ്ങളും അമാന്യമായ സംസാരങ്ങളും അനീതിപരമായ പ്രവര്‍ത്തനങ്ങളും കണ്ടാവരുത് പുതിയ തലമുറ വളരേണ്ടത്. താത്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രതിയോഗികള്‍ക്കെതിരെ ലൈംഗികാപവാദ പ്രചാരണം വരെ നടത്തുന്നവര്‍ താമസിയാതെ അത് മറക്കും. എന്നാല്‍ പ്രചാരണത്തിനിരയാകുന്നവരെയും കുടുംബങ്ങളെയും വര്‍ഷങ്ങളോളം അത് വേട്ടയാടിയെന്നിരിക്കും.

ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള രാഷ്ട്രീയ നേതാക്കളെ മാതൃകയാക്കേണ്ടതുണ്ട് ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍. തീര്‍ത്തും മാന്യവും സഹിഷ്ണുതാപരവുമായിരുന്നു നെഹ്റുവിന്റെ രാഷ്ട്രീയ പ്രതിയോഗികളോടുള്ള പെരുമാറ്റം. അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുകയും സ്വീകാര്യമെങ്കില്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. വിമര്‍ശകര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയോ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയോ ഇല്ല. നെഹ്റുവിന്റെ കടുത്ത വിമര്‍ശകനായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. എങ്കിലും നല്ല ബന്ധമായിരുന്നു ഇരുവരും തമ്മില്‍. കാര്‍ട്ടൂണുകളിലൂടെ ശങ്കര്‍ നടത്തിയ വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ചു നെഹ്റു. 1948ല്‍ ശങ്കേഴ്സ് വീക്ലിയുടെ ഉദ്ഘാടന ചടങ്ങില്‍ നെഹ്റു ശങ്കറിനോട് പറഞ്ഞത് ‘എന്നെ വെറുതെ വിടരുത് ശങ്കര്‍’ എന്നായിരുന്നു. എതിരാളികളുടെ പോലും ബഹുമാനം പിടിച്ചു വാങ്ങാന്‍ നെഹ്റുവിനായത് അദ്ദേഹത്തിന്റെ മാന്യമായ സമീപനമാണ്.

ആരോഗ്യകരമായ ആശയ സംവാദമാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നടക്കേണ്ടത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ ആധാരമാക്കിയാകണം പ്രചാരണം. അധികാരത്തിലേറിയാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഭരണ പരാജയം, അഴിമതി, പ്രതിപക്ഷത്തിന്റെ നയവൈകല്യങ്ങള്‍ തുടങ്ങിയവയായിരുന്നു മുന്‍കാല നേതൃത്വങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചത്. എതിരാളിയുടെ വ്യക്തിജീവിതത്തെ മേശമാക്കി ചിത്രീകരിച്ചോ തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങള്‍ നടത്തിയോ അല്ല അവരൊന്നും വോട്ട് തേടിയത്.

 

Latest