Connect with us

Editorial

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കണം

കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്- എ ഉള്‍പ്പെടെ സംസ്ഥാനത്ത് വിവിധ പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചു കൊണ്ടിരിക്കെ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഗുരുതര പ്രശ്‌നമാണ്. പനി ബാധിതര്‍ക്ക് പാരസെറ്റാമോള്‍ പോലും നല്‍കാനില്ലാത്ത ആശുപത്രികളുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതും മരുന്ന് കമ്പനികള്‍ക്കുള്ള ഭീമമായ കുടിശ്ശികയുമാണ് മരുന്ന് ക്ഷാമം അനുഭവപ്പെടാനുള്ള കാരണം.

Published

|

Last Updated

ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന രോഗികള്‍ക്ക് മരുന്ന് പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ് പലപ്പോഴും. സൗജന്യ ചികിത്സയും മരുന്നും പ്രതീക്ഷിച്ച് പാവപ്പെട്ടവരും സാധാരണക്കാരുമാണ് സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ ഫാര്‍മസിയില്‍ മരുന്നില്ലാത്തതിനാല്‍ പുറത്തു നിന്ന് വാങ്ങണമെന്ന നിര്‍ദേശമാണ് അധികൃതരില്‍ നിന്ന് പലപ്പോഴും ലഭിക്കാറുള്ളത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു ഇക്കാര്യം. 67 ആശുപത്രികളില്‍ മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്ത 62,826 കേസുകള്‍ രേഖപ്പെടുത്തിയ സി എ ജി റിപോര്‍ട്ട് ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉന്നയിച്ചത്. 4,732 മരുന്നുകള്‍ക്കുള്ള അപേക്ഷ ലഭിച്ചിട്ടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് (കെ എം എസ് സി എല്‍) 536 ഇനങ്ങള്‍ക്ക് മാത്രമാണ് ഓര്‍ഡര്‍ നല്‍കിയതെന്നും കുടിശ്ശിക നല്‍കാത്തതിനാല്‍ പല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും കെ എം എസ് സി എല്ലിനുള്ള മരുന്ന് വിതരണം നിര്‍ത്തിവെച്ചതായും സി എ ജി റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ആരോഗ്യ മന്ത്രാലയം പറയുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ.് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് പരാതിയില്ല. മരുന്ന് വിതരണമുള്‍പ്പെടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നുവരുന്നുണ്ട് എന്നൊക്കെയാണ് അടുത്തിടെ ആരോഗ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞത്. ഫെബ്രുവരിയില്‍ നിയമസഭയിലും മന്ത്രി ഇതേ പല്ലവി ആവര്‍ത്തിച്ചു. ഈ സാമ്പത്തിക വര്‍ഷം 627 കോടിയുടെ മരുന്നുകള്‍ വാങ്ങി വിതരണം ചെയ്തതായും മന്ത്രി പറയുന്നു. അതേസമയം ഫെബ്രുവരിയില്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 1,128 കോടി രൂപ ആരോഗ്യവകുപ്പ് മരുന്ന് വാങ്ങിയ വകയില്‍ ആശുപത്രികള്‍ക്ക് നല്‍കാനുണ്ട്. 859 കോടി സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 269 കോടി സ്വകാര്യ ആശുപത്രികള്‍ക്കും.

ആശുപത്രി ഫാര്‍മസികളില്‍ നിന്ന് മരുന്ന് കിട്ടാതെ രോഗികള്‍ നെട്ടോട്ടം ഓടേണ്ടി വരുന്ന സംഭവങ്ങള്‍ പല ഭാഗത്ത് നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ മാസം ശ്വാസതടസ്സം അനുഭവപ്പെട്ട് രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയ തത്തമംഗലം സ്വദേശിയായ ഒരു രോഗി ഡോക്ടറുടെ കുറിപ്പടിയുമായി ഫാര്‍മസിയിലെത്തിയപ്പോള്‍ മരുന്ന് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാത്രിയായതിനാല്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെല്ലാം പൂട്ടിക്കഴിഞ്ഞിരുന്നു. ഒടുവില്‍ സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ഷോപ്പില്‍ നിന്നാണ് മരുന്ന് ലഭിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ഡോക്ടര്‍മാരുടെ സംഘടന- കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു അടുത്തിടെ. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഡന്റില്‍ ലഭിച്ച മരുന്നുകളുടെ സ്റ്റോക്ക് തീര്‍ന്നു. 25 ശതമാനം അധിക ഇന്‍ഡന്റ് അനുവദിച്ചെങ്കിലും അത്യാവശ്യ മരുന്നുകള്‍ പോലും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് (കെ എം എസ് സി എല്‍) ലഭിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ആശുപത്രി ഫാര്‍മസിയില്‍ മരുന്നുകള്‍ തീരുമ്പോള്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നെടുക്കാറുണ്ട്. എന്നാല്‍ കാരുണ്യയിലും ഇപ്പോള്‍ കൃത്യമായി മരുന്നുകള്‍ എത്തുന്നില്ല. മരുന്ന് വിതരണത്തിന് തടസ്സം വരാതിരിക്കാന്‍ കെ എം എസ് സി എല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് കത്തിലെ ആവശ്യം.

മരുന്നിന്റെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യതക്കുറവ് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശസ്ത്രക്രിയ തന്നെ മാറ്റിവെക്കേണ്ടി വന്നു കോഴിക്കോട് മെഡി. കോളജില്‍. ആറ് മാസമായി നല്‍കിയ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് കച്ചവടക്കാര്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ മെഡി. കോളജിലേക്കുള്ള മരുന്നുകളുടെ വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജീവന്‍രക്ഷാ മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, സ്റ്റെന്റ് തുടങ്ങിയവ വിതരണം ചെയ്ത വകയില്‍ 40 കോടിയോളം ലഭിക്കാനുണ്ടെന്ന് മരുന്ന് കച്ചവടക്കാര്‍ പറയുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ കിട്ടാത്ത അവസരങ്ങളില്‍ ആശുപത്രി വികസന സൊസൈറ്റി മരുന്ന് കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ മരുന്നിന്റെ കുടിശ്ശികയാണിത്.

കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്- എ ഉള്‍പ്പെടെ സംസ്ഥാനത്ത് വിവിധ പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചു കൊണ്ടിരിക്കെ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഗുരുതര പ്രശ്നമാണ്. പനി ബാധിതര്‍ക്ക് പാരസെറ്റാമോള്‍ പോലും നല്‍കാനില്ലാത്ത ആശുപത്രികളുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതും മരുന്ന് കമ്പനികള്‍ക്കുള്ള ഭീമമായ കുടിശ്ശികയുമാണ് മരുന്ന് ക്ഷാമം അനുഭവപ്പെടാനുള്ള കാരണം. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം നടത്തുന്നത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ്. ഓരോ ആരോഗ്യ കേന്ദ്രത്തിലെയും മരുന്ന് ശേഖരത്തിന്റെ വിവരങ്ങള്‍ അറിയാനുള്ള റിയല്‍ ടൈം അപ്ഡേറ്റ് സോഫ്റ്റ്വെയര്‍ കോര്‍പറേഷനുണ്ട്. ഈ സംവിധാനമുപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസാരം മരുന്നെത്തിക്കേണ്ടത് അവരുടെ ബാധ്യതയാണെങ്കിലും ഇക്കാര്യത്തില്‍ പലപ്പോഴും വീഴ്ച സംഭവിക്കുന്നു. കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ നിന്ന് യഥാസമയം ഫണ്ട് ലഭിക്കാത്തതാണ് കാരണമെന്നാണ് അധികൃത കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ആരോഗ്യ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുകയും മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതാണ്.

 

Latest