Connect with us

From the print

ഇ കെ വിഭാഗത്തിലെ ഭിന്നത മറനീക്കി പുറത്ത്

"സമസ്ത'ക്ക് നയവ്യതിയാനമെന്ന് നദ്്വി

Published

|

Last Updated

കോഴിക്കോട് | ലീഗുമായുള്ള തർക്കത്തെ തുടർന്ന് ഇ കെ വിഭാഗത്തിൽ മാസങ്ങളായി തുടരുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്ത്. സംഘടനാ നേതൃത്വത്തെ വെല്ലുവിളിച്ച് ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാഉദ്ദീൻ നദ്‌വി രംഗത്ത് വന്നു. കടുത്ത ലീഗ് അനുഭാവിയായ നദ്‌വിയുടെ പ്രതികരണം വരും ദിവസങ്ങളിൽ സംഘടനയിൽ കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാണ് സൂചന. പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾക്കും മറ്റ് മുതിർന്ന നേതാക്കൾക്കും സംഘടനാ മുഖപത്രത്തിനുമെതിരെയുമാണ് അദ്ദേഹം പരസ്യപ്രതികരണം നടത്തിയത്. ജിഫ്‌രി തങ്ങളെ പരോക്ഷമായും അദ്ദേഹം വിമർശിച്ചു. ചടങ്ങിൽ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി എതിർത്താണ് അദ്ദേഹം രംഗത്തു വന്നത്. ഇ കെ സമസ്തക്കും സുപ്രഭാതം പത്രത്തിനും ഇടത് അനുകൂല നയവ്യതിയാനമുണ്ടായെന്ന് വിമർശിച്ച അദ്ദേഹം, ഇക്കാരണം കൊണ്ടാണ് ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതെന്നും വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്കൊപ്പം ചടങ്ങ് ബഹിഷ്‌കരിച്ച ഇ കെ വിഭാഗത്തിന്റെ പ്രമുഖ നേതാവാണ് ഡോ. ബഹാഉദ്ദീൻ നദ്‌വി. പാർട്ടി നേതൃയോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലീഗ് നേതാക്കൾ വിട്ടുനിന്നതെന്ന് വിശദീകരണമുണ്ടായെങ്കിലും ബഹാഉദ്ദീൻ നദ്‌വി പങ്കെടുക്കാത്തതിന് ഇതുവരെയും കാരണമൊന്നും പറഞ്ഞിരുന്നില്ല. പത്രത്തിന്റെ പബ്ലിഷറും എഡിറ്ററുമായിരുന്നിട്ടും പരിപാടിയിൽ പങ്കെടുക്കാത്തതിനെതിരെ സംഘടനക്കകത്ത് നിന്ന് തന്നെ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

മുസ്‌ലിം ലീഗ് നേതാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത്. ഇതേ തുടർന്ന് ഇ കെ വിഭാഗത്തിൽ രൂക്ഷമായ ആഭ്യന്തര കലഹമാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിലിലേക്ക് എത്തിയത്. ഇ കെ സമസ്തയുടെ പത്രമെന്ന് പറയപ്പെടുന്ന സുപ്രഭാതത്തിന് ചില നയംമാറ്റങ്ങൾ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് സമൂഹം ചർച്ച ചെയ്യുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇ കെ സമസ്തക്ക് ഇടതുപക്ഷവുമായി അടുപ്പമുണ്ട് എന്നത് വ്യക്തമാണ്. അതിന്റെ ധാരാളം ഉദാഹരണങ്ങൾ ദൃശ്യമായിക്കഴിഞ്ഞു. വ്യക്തിപരമായ കാഴ്ചപ്പാടുകൾക്കല്ല സംഘടനയിൽ പ്രസക്തിയെന്ന് ജിഫ്‌രി തങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മതനിരാസ പ്രവർത്തനങ്ങൾ വെച്ചുപുലർത്തുന്നവരോട് സ്വീകരിച്ച കാഴ്ചപ്പാടിന് അടുത്ത കാലത്തായി മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനം തന്നെ ഇതിന് തെളിവാണ്. മതനിഷേധികൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച സമസ്ത (ഇ കെ) യിൽ അടുത്ത കാലത്തായി മാറ്റങ്ങൾ വന്നു. നിരീശ്വര വാദിയായ ഒരാൾക്ക് തക്ബീർ ചൊല്ലി പിന്തുണ നൽകുന്നത് ബുദ്ധിശൂന്യതയാണെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അല്ലാഹുവിൽ വിശ്വാസമില്ലാത്ത ഒരാൾക്ക് അല്ലാഹു മഹോന്നതനാണ് എന്ന പ്രഘോഷണം കൊണ്ട് സ്വീകാര്യം നൽകുന്നത് എത്രമാത്രം ബുദ്ധിശൂന്യതയും മൗഢ്യവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലീഗും സമസ്ത (ഇ കെ) യും പരസ്പരം സമരസപ്പെട്ടായിരുന്നു മുന്നോട്ടുപോയത്. സഹസഞ്ചാരമാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിം ലീഗുമായി അസ്വാരസ്യം മൂർച്ഛിച്ച സാഹചര്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ഡോ. ബഹാഉദ്ദീൻ നദ്‌വിയുടെ പ്രതികരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിഫ്‌രി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകുന്ന ഇ കെ സമസ്തക്കെതിരെ അതേ സംഘടനയിൽ നിന്നുള്ള ഒരു നേതാവിനെ കൊണ്ട് തന്നെ വിമർശമുന്നയിപ്പിക്കുകയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരെ സംഘടന നടപടിയെടുത്താൽ മുസ്‌ലിം ലീഗിന്റെ ഭാവി നീക്കങ്ങൾ എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest