Connect with us

Covid Kerala

കൊവിഡ് വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

കൊവിഡിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ രൂക്ഷമായ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് രോഗികള്‍ക്ക് വേണ്ട ഐ സി യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികളില്‍ 0.4 ശതമാനത്തെ മാത്രമാണ് ഐ സി യുവില്‍ പ്രവേശിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക കാന്‍സര്‍ ചികിത്സ നല്‍കാനുള്ള സൗകര്യമൊരുക്കിയത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാന്‍സര്‍ അനുബന്ധ ചികിത്സകള്‍ എന്നിവയ്ക്കായി തിരുവനന്തപുരം ആര്‍സിസിലോ, മലബാര്‍ കാന്‍സര്‍ സെന്ററിലോ, മെഡിക്കല്‍ കോളേജുകളിലോ പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാന്‍സര്‍ ചികിത്സ പൂര്‍ണമായും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാണ്. ഇവര്‍ക്ക് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ ജില്ലകളിലുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് അവര്‍ക്ക് റീജിയണല്‍ കാന്‍സര്‍ സെന്ററുകളില്‍ ലഭിച്ചിരുന്ന അതേ ചികിത്സ അവരുടെ വീടിനോട് വളരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. കാന്‍സര്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ തടയുന്നതിനും ചികിത്സ പൂര്‍ണമായും ഉറപ്പാക്കാനും സാധിക്കുന്നു. മാത്രമല്ല യാത്ര ഒഴിവാക്കുന്നതിലൂടെ കോവിഡ് രോഗവ്യാപനം ഒഴിവാക്കാനും സാധിക്കും.

ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അതത് കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ ഏകോപിപ്പിക്കുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.
---- facebook comment plugin here -----

Latest