Connect with us

Kerala

മലമ്പുഴയിൽ എ സുരേഷിനെ ഇറക്കാൻ കോൺഗ്രസ് നീക്കം; തീരുമാനമെടുത്തിട്ടില്ലെന്ന് സുരേഷ്

മലമ്പുഴയില്‍ സുരേഷ് മത്സരിച്ചാല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

Published

|

Last Updated

പാലക്കാട്| പാലക്കാട് മലമ്പുഴ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചതായാണ് വിവരം. മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയം നേടാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന നിലപാടിലാണ് എ സുരേഷ്. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് ഏകദേശം 11 വർഷം കഴിഞ്ഞിട്ടും താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്നും സുരേഷ് പറഞ്ഞു.

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ നാലുതവണ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും, എന്തിനാണ് തന്നെ പുറത്താക്കിയതെന്ന കാര്യം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി. മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മലമ്പുഴ. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും വിജയിച്ച ചരിത്രമുള്ള മണ്ഡലത്തിൽ, വി എസ് നാല് തവണ നിയമസഭയിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ പ്രഭാകരനായിരുന്നു സിപിഎം സ്ഥാനാർത്ഥി. 25,000ലധികം വോട്ടുകൾക്കായിരുന്നു അന്നത്തെ വിജയം.