Connect with us

Editorial

വര്‍ഗീയ വിഷപ്പാമ്പുകളെ ഒതുക്കണം

വിദ്വേഷത്തിനെതിരെ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതില്‍ തീര്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാധ്യത. തെരുവുകളില്‍ അഴിഞ്ഞാടുന്ന വര്‍ഗീയ വിഷപ്പാമ്പുകളെ തളക്കാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍, ജനാധിപത്യത്തിന്റെ കറുത്ത അധ്യായമായിട്ടാകും ചരിത്രം ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത്.

Published

|

Last Updated

ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദളിന്റെ അഴിഞ്ഞാട്ടം പൂര്‍വോപരി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ അവര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. രണ്ട് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ ബറേല്‍വിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ജന്മദിനാഘോഷം ലവ് ജിഹാദ് അരോപിച്ച് അലങ്കോലപ്പെടുത്തി. ബറേല്‍വിയിലെ ഒരു റെസ്റ്റോറന്റില്‍ ഒന്നാംവര്‍ഷ ഹിന്ദു സമുദായക്കാരിയായ ബി എസ് സി നഴ്സിംഗ് വിദ്യാര്‍ഥിനി സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബര്‍ത്ത് ഡേ ചടങ്ങിലേക്ക് ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ചടങ്ങിനെത്തിയ രണ്ട് മുസ്ലിം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ വിസമ്മതിച്ചുവെന്നാരോപിച്ച് കശ്മീരി വ്യാപാരിയെ മര്‍ദിച്ചതും ത്രിപുരയില്‍ മനു-ചൗമനു റോഡിലെ മസ്ജിദിന് തീയിടാനുള്ള ശ്രമം നടത്തിയതും അടുത്ത ദിവസങ്ങളിലാണ്.

ജനാധിപത്യ മൂല്യങ്ങള്‍ക്കും മതസൗഹാര്‍ദത്തിനും മുറിവേല്‍പ്പിച്ച് ബജ്റംഗ്ദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘങ്ങള്‍ രാജ്യത്തുടനീളം വിശിഷ്യാ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വംശീയ അതിക്രമം തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഈ പ്രവണത വര്‍ധിച്ചത്. നേരത്തേ പശുക്കടത്ത് ആരോപിച്ചാണ് ഇവര്‍ നിരപരാധികളെ അക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നതെങ്കില്‍ ഇന്നത് സാധാരണക്കാരന്റെ നിത്യജീവിതത്തിലേക്കും ആഘോഷങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഗോസംരക്ഷകരും സദാചാര പോലീസുമായി ചമയുന്ന ബജ്റംഗ്ദള്‍ ഗുണ്ടകള്‍ സമാന്തര ഭരണകൂടങ്ങളായി മാറുകയാണ്.

അതിനിടെയാണ് ‘ഹിന്ദുരക്ഷാ ദള്‍’ എന്ന മറ്റൊരു സംഘടന ഹിന്ദുത്വ വീടുകളില്‍ വാള്‍, മഴു തുടങ്ങി മാരക ആയുധങ്ങള്‍ വിതരണം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. ഗാസിയാബാദിലെ ശാലിമാര്‍ ഗാര്‍ഡനിലാണ് തിങ്കളാഴ്ച ജയ്ശ്രീറാം വിളിയുമായി ‘ഹിന്ദുരക്ഷാ ദള്‍’ പ്രവര്‍ത്തകര്‍ 250ഓളം വീടുകളില്‍ മുസ്ലിംകള്‍ക്ക് നേരെ പ്രയോഗിക്കാനായി ആയുധങ്ങള്‍ നല്‍കിയത്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുകൂല നിലപാടും ഭരണകൂടത്തിന്റെ മൗനസമ്മതവുമാണ് വര്‍ഗീയ സംഘടനകളുടെ ആക്രമണ മനോഭാവം ശക്തിപ്പെടാന്‍ കാരണം. പല കേസുകളിലും അക്രമികളെ പിടികൂടുന്നതിനു പകരം അക്രമത്തിന് ഇരയായവര്‍ക്കെതിരെ കേസെടുക്കുന്ന വിചിത്രമായ നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്ന് കണ്ടുവരുന്നത്.

ഉത്തര്‍പ്രദേശിലെ ബറേല്‍വിയില്‍ കഴിഞ്ഞ ദിവസം ബര്‍ത്ത് ഡേ ആഘോഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ബജ്റംഗ്ദള്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. അഥവാ ഇത്തരം ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ നടപടിയെടുത്താല്‍ തന്നെ അന്വേഷണം അനിശ്ചിതമായി നീളും, കോടതികളില്‍ നിന്ന് ഉടന്‍ ജാമ്യവും ലഭിക്കും, കോടതി ദുര്‍ബലമെന്ന വിലയിരുത്തലില്‍ കേസ് തള്ളിപ്പോകുകയും ചെയ്യും. ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ കര്‍ശന നിയമം കൊണ്ടുവരണമെന്ന സുപ്രീം കോടതി നിര്‍ദേശം ഫയലുകളില്‍ വിശ്രമിക്കുകയാണ്.

മാധ്യമങ്ങളുടെ പങ്കും നിര്‍ണായകമാണ് ഇക്കാര്യത്തില്‍. ചില മാധ്യമങ്ങള്‍ ഹിന്ദുത്വ അതിക്രമങ്ങളെ ലഘൂകരിക്കുകയും ഇരുവശത്തും തെറ്റുണ്ടെന്ന നിലപാട് സ്വീകരിച്ച് പ്രശ്നത്തിന്റെ ഗൗരവം കുറച്ചു കാണിക്കുകയും ഇരകളെ സമൂഹത്തിന്റെ മുമ്പില്‍ കുറ്റക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. അക്രമികള്‍ക്കും ഇരകള്‍ക്കുമിടയില്‍ കൃത്രിമ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത് നീതിയല്ല, മാധ്യമ ധര്‍മത്തിന് അനുയോജ്യവുമല്ല. അതേസമയം വസ്തുതാപരമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുണ്ട്. ഇത്തരം സ്വതന്ത്ര മാധ്യമങ്ങളുടെ ഇടപെടല്‍ വര്‍ഗീയ അതിക്രമങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

രാജ്യത്തെങ്ങാനും നിയമവിധേയമല്ലാത്ത പശുക്കടത്തോ മതപരിവര്‍ത്തനമോ നടക്കുന്നുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ നിയമ സംവിധാനങ്ങളുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെടാനല്ലാതെ നിയമം കൈയിലെടുക്കാന്‍ ഏതെങ്കിലും വര്‍ഗീയ സംഘടനകള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ അവകാശമില്ല. സുപ്രീം കോടതിയും ഹൈക്കോടതികളും പലവട്ടം ഇക്കാര്യം ഊന്നിപ്പറഞ്ഞതാണ്. കുറ്റകരമാണ് ആള്‍ക്കൂട്ട വിചാരണയും അതിക്രമങ്ങളും. നിയമത്തെ കാറ്റില്‍ പറത്തി അത്തരം സംഭവങ്ങള്‍ അരങ്ങേറുകയും ഭരണകൂടം നിഷ്‌ക്രിയത്വം പാലിക്കുകയും ചെയ്യുന്നത് വോട്ട് ബേങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ഭരണകൂടങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി വിദ്വേഷം വിതയ്ക്കുന്ന തീവ്രഹിന്ദുത്വ സംഘടനകളെ അദൃശ്യ സൈന്യമായി ഉപയോഗിക്കുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഓരോ ദിവസത്തെയും ചെയ്തികള്‍. ന്യൂനപക്ഷ സമുദായത്തെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തി കൈവരിക്കുന്ന തിരഞ്ഞെടുപ്പ് വിജയവും രാഷ്ട്രീയ ലാഭവും താത്കാലികമായിരിക്കും. നൂറ്റാണ്ടുകളായി കെട്ടിപ്പടുത്ത സാഹോദര്യത്തിന്റെ അടിത്തറക്ക് അത് പോറലേല്‍പ്പിക്കുകയും രാജ്യത്തിന്റെ യശസ്സിന് കോട്ടം തട്ടിക്കുകയും ചെയ്യും. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതമല്ലാത്ത രാജ്യമായാണ് ആഗോളതലത്തില്‍ ഇന്ത്യ ഇന്നറിയപ്പെടുന്നത്.

വിദ്വേഷത്തിന്റെ വഴികളിലൂടെയല്ല, വികസനത്തിന്റെയും സാഹോദര്യത്തിന്റെയും വഴികളിലൂടെയാണ് രാജ്യം മുന്നോട്ട് പോകേണ്ടത്. വിദ്വേഷത്തിനെതിരെ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതില്‍ തീര്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാധ്യത. തെരുവുകളില്‍ അഴിഞ്ഞാടുന്ന വര്‍ഗീയ വിഷപ്പാമ്പുകളെ തളക്കാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍, ജനാധിപത്യത്തിന്റെ കറുത്ത അധ്യായമായിട്ടായിരിക്കും ചരിത്രം ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത്.

 

Latest