Connect with us

indian judiciary

കൊളീജിയവും ഭീഷണിയിലാണ്

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം രാഷ്ട്രീയ പരിഗണനക്ക് അതീതമായി നടന്നാലേ ജുഡീഷ്യറിയുടെ നിഷ്പക്ഷത നിലനിർത്താൻ സാധിക്കുകയുള്ളൂ. അതിന് വേണ്ടിയാണ് ജഡ്ജിമാരുടെ നിയമനം കൊളീജിയത്തിന് നൽകാൻ തീരുമാനിച്ചത്. ഇതിനെയാണ് രാജ്യത്തെ എക്‌സിക്യൂട്ടീവ് ഇപ്പോൾ വെല്ലുവിളിക്കാൻ തുടങ്ങിയിരിക്കുന്നത്.

Published

|

Last Updated

മ്മുടെ ഭരണഘടനയെ താങ്ങിനിർത്തേണ്ട നെടുംതൂണാണ് ജുഡീഷ്യറി. ജുഡീഷ്യറിക്ക് അതിന്റെ നിഷ്പക്ഷ നിലപാടും മൗലികമായ ചുമതലകളും നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ഭരണഘടനയും സമൂഹവും ആന്ത്യന്തികമായി ഈ രാജ്യവുമായിരിക്കും പ്രതിസന്ധിയിൽ ചെന്നെത്തുക. ഇന്നത്തെ സാഹചര്യത്തിൽ ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സമ്പ്രദായത്തെ വെല്ലുവിളിക്കുന്ന കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ നിലവിലുള്ള നീതിന്യായ സംവിധാനത്തെയാണ് നഗ്നമായി ചോദ്യം ചെയ്യുന്നത്.

നീതിന്യായ പരിപാലനം അതിസൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടേണ്ടതും വിഷമം പിടിച്ചതുമായ ഒരു ചുമതലയാണ്. പരസ്പരം തർക്കിക്കുന്ന രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുള്ള വിവാദപ്രശ്‌നം ന്യായമായി തീരുമാനിക്കപ്പെടുക എന്ന പ്രക്രിയയാണ് അതിലടങ്ങിയിട്ടുള്ളത്. കക്ഷികൾക്ക് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ വിശ്വാസമില്ലെങ്കിൽ നീതിന്യായ പരിപാലനം നിരർഥകമായിത്തീരുന്നു. ആളുകളുടെ ഭരണത്തിൻ കീഴിലല്ല, നിയമത്തിന്റെ ഭരണത്തിൻ കീഴിൽ കഴിഞ്ഞുകൂടാൻ വേണ്ടിയാണ് മനുഷ്യൻ ദീർഘകാലമായി സമരം ചെയ്തുപോന്നത്. ഒരേ നിയമം തന്നെ എല്ലാവർക്കും ഒരു പോലെ ബാധകമാകുന്ന വ്യവസ്ഥിതിയാണ്- നിയമത്തിന്റെ കീഴിൽ തുല്യമായ നീതി ലഭിക്കലാണ്- അവന്റെ ചിരകാല അഭിലാഷം.
സുപ്രസിദ്ധ ബ്രിട്ടീഷ് നിയമജ്ഞൻ ഹെവാർഡ് പ്രഭു ചൂണ്ടിക്കാണിച്ചതുപോലെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പല സുപ്രധാന നേട്ടങ്ങളും നിയമകോടതികളുടെ തീരുമാനമനുസരിച്ച് ലഭിച്ചിട്ടുള്ളത് കൊണ്ടും പൗരസ്വാതന്ത്ര്യം ജഡ്ജിമാരുടെ അവിധേയത്വമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും നീതിന്യായ സമ്പ്രദായം തികച്ചും സ്വതന്ത്രമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ ഹിതാനുസരണം രാഷ്ട്രീയോദ്ദേശ്യങ്ങൾക്ക് വേണ്ടി നിയമങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനെതിരായി മാത്രമല്ല, നിഷ്പക്ഷമായ നീതിന്യായ പരിപാലനത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രബലമായ തത്പരകക്ഷികൾ നീതിയന്യായ വ്യവസ്ഥയുടെ ഘടകങ്ങളെ കൈക്കൂലിയും മറ്റ് തടസ്സങ്ങളും കൊണ്ട് ദുഷിപ്പിക്കുന്നതിനെതിരായും ഉള്ള കരുതൽ കൂടിയാണ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം.

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയെപ്പറ്റി ഭരണഘടനയുടെ ആർട്ടിക്കിൾ 124ലാണ് സൂചിപ്പിച്ചിട്ടുള്ളത്. ഫെഡറൽ സമ്പ്രദായത്തിൽ സുപ്രീം കോടതി അത്യന്താപേക്ഷിതാമായ ഒരു ഘടകമാണ്. അത് ഭരണഘടന വിശദീകരിക്കുന്ന ഏറ്റവും ആധികാരികമായ സ്ഥാപനവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ തീരുമാനമെടുക്കുന്ന അവസാന സ്ഥാപനവുമാണ്. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ വ്യവസ്ഥിതിക്ക് അനുയോജ്യമായ ഈ സുപ്രധാന ചുമതലയാണ് അതിനുള്ളത്. ഇന്ത്യയുടെ പരമാധികാരങ്ങളുടെ പരമകോടിയിലാണ് സുപ്രീം കോടതി നിലകൊള്ളുന്നത്.
ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുള്ളിൽ അധികാര പരിധിയോടുകൂടിയ ഓരോ ഹൈക്കോടിതിയുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 2014ലാണ് ഹൈക്കോടതികളെപ്പറ്റി പറയുന്നത്. ഓരോ ഹൈക്കോടതിയും കോർട്ട് ഓഫ് റെക്കോർഡാണ്. കോർട്ടലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരമുൾപ്പെടെ ഒരു റെക്കോർഡ് കോടതിയുടെ എല്ലാ അധികാരവും അതിലുണ്ടായിരിക്കും. സുപ്രീം കോടതിക്കോ നിയമസഭക്കോ കോർട്ടലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ല.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം രാഷ്ട്രീയ പരിഗണനക്ക് അതീതമായി നടന്നാലേ ജുഡീഷ്യറിയുടെ നിഷ്പക്ഷത നിലനിർത്താൻ സാധിക്കുകയുള്ളൂ. ഈ നിലയിലുള്ള ചർച്ചകളുടെയും വിശദമായ ആലോചനകളുടെയും ഫലമായിട്ടാണ് നമ്മുടെ രാജ്യത്ത് പരമോന്നത കോടതിയടക്കമുള്ള ഉന്നത കോടതികളുടെ ജഡ്ജിമാരുടെ നിയമനം കൊളീജിയത്തിന് നൽകാൻ തീരുമാനിച്ചത്. ഇതിനെയാണ് രാജ്യത്തെ എക്‌സിക്യൂട്ടീവ് ഇപ്പോൾ വെല്ലുവിളിക്കാൻ തുടങ്ങിയിരിക്കുന്നത്. ഉയർന്ന കോടതികളിൽ ജഡ്ജി നിയമനത്തിനായി കൊളീജിയം നൽകിയ ശിപാർശകളിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി രംഗത്തുവന്നിരിക്കുകയാണ്. നിയമന സമ്പ്രദായത്തെ നിരാശപ്പെടുത്തുന്നതാണ് സർക്കാർ നടപടിയെന്നും കൊളീജിയത്തെ കുറിച്ച് നിയമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശം സംഭവിക്കാൻ പാടില്ലാത്തതാണെന്നും പരമോന്നത കോടതി പറഞ്ഞു. നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് സമയപരിധി നിശ്ചയിച്ച് 2021 ഏപ്രിൽ മാസത്തിൽ സുപ്രീം കോടതി മാർഗ നിർദേ ശം പുറപ്പെടുവിച്ചിരുന്നു. ഇതിനോട് കേന്ദ്രം മനഃപൂർവം അവഗണന പുലർത്തുകയാണെന്ന് ആരോപിക്കുന്ന ഹരജികളിലാണ് സർക്കാറും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകുന്ന ഈ പരാമർശം. കൊളീജിയത്തിന്റെ ശിപാർശകളിൽ തീരുമാനം വൈകുന്നുവെന്ന് അഭിപ്രായമുണ്ടെങ്കിൽ കോടതി സ്വയം നിയമനം നടത്തിയാൽ മതിയെന്ന് കേന്ദ്രനിയമമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസുമാരായ എസ് കെ കൗളിന്റെയും എ എസ് ഓഗയുടെയും ബഞ്ച് ഉന്നത പദവി കൈയാളുന്ന ഒരാളിൽ നിന്ന് ഇത്തരം ഒരു പരാമർശം പാടില്ലായിരുന്നെന്ന് അഭിപ്രായപ്പെട്ടു. ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിലെ രണ്ടാമത്തെ മുതിർന്ന അംഗമാണ് എസ് കെ കൗൾ. ജഡ്ജി നിയമനങ്ങൾക്കായി 2014ൽ പാർലിമെന്റ് പാസ്സാക്കിയ നാഷനൽ ജുഡീഷ്യൽ നിയമന കമ്മീഷൻ നിയമം 2015ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇക്കാലം മുതൽ സർക്കാറിന് അസംതൃപ്തിയുണ്ടെങ്കിലും നാട്ടിൽ നിലനിൽക്കുന്ന നിയമം അംഗീകരിക്കാൻ ഇതൊന്നും കാരണമല്ലെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

കാരണം പറയാതെ നിയമനം വൈകിപ്പിക്കുന്നത് വഴി സീനിയോറിട്ടി മാനദണ്ഡങ്ങൾലംഘിക്കപ്പെടുന്നുണ്ട്. കൊളീജിയം ഒരു പേര് ആവർത്തിക്കുന്നതോടെ ആ അധ്യായം പൂർത്തിയാക്കുകയാണ്. എന്നാൽ ഇവിടെ ഒന്നര വർഷമായിട്ടും ചില പേരുകളിൽ തീരുമാനമുണ്ടാകുന്നില്ല. കൊളീജിയം ജഡ്ജിയായി നിർദേശിക്കപ്പെട്ടവരിൽ ഒരാൾ ഇതിനകം തന്നെ മരിച്ചു. നിയമനം നീണ്ടുപോകുന്നതിനാൽ ജഡ്ജിയായി നിയമിക്കപ്പെടാനുള്ള സമ്മതപത്രം ചില അഭിഭാഷകർ പിൻവലിച്ചു. കൊളീജിയം നൽകിയ പേരുകളിൽ ചിലതുമാത്രം സർക്കാർ അംഗീകരിക്കുമ്പോൾ സീനിയോറിട്ടി മാറുകയാണെന്ന് കോടതി പറഞ്ഞു. ഇതിനിടെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗാണ് കിരൺ റിജിജുവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയത്. പത്രപ്രസ്താവനകൾ അവഗണിക്കുകയാണെന്ന് പറഞ്ഞ ജസ്റ്റിസ് കൗൾ തുടർന്നാണ് ഇത് പരിധി ലംഘിച്ചെന്ന് അഭിപ്രായപ്പെട്ടത്. കൊളീജിയത്തിന്റെ ശിപാർശകളിൽ സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്ന് പറയരുതെന്നും അങ്ങനെയാണെങ്കിൽ പിന്നെ ശിപാർശകൾ നൽകാതിരുന്നാൽ പോരെ എന്നും എല്ലാം കൊളീജിയം തന്നെ ചെയ്താൽ മതിയല്ലോയെന്നും മന്ത്രി റിജിജു പറഞ്ഞു.

കൊളീജിയം ശിപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് കൗൾ ഇക്കാര്യത്തിൽ കോടതി തന്നെ തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും പറഞ്ഞു. കൊളീജിയം നൽകിയ ശിപാർശകളിൽ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്താനാകില്ലെന്നും ജഡ്ജിമാരുടെ സമിതി നൽകിയ എല്ലാ ശിപാർശകളിലും സർക്കാർ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി റിജിജു പറഞ്ഞിരുന്നു. കൊളീജിയത്തിൽ പഴുതുകളുണ്ട്. ഈ സംവിധാനം സുതാര്യമല്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഉത്തരവാദിത്വമില്ലാ എന്ന് ചിലർ പറയുന്നത്. അതുകൊണ്ട് തന്നെ സർക്കാർ നടപടികളെടുക്കുന്നില്ലെന്ന് പറയരുത്. ഇങ്ങനെ പറയുന്നവർ സ്വന്തമായി വിധികർത്താക്കളെ നിയമിച്ച് ഷോ നടത്തി നോക്കൂ എന്നായിരുന്നു റിജിജുവിന്റെ പ്രതികരണം. അതേസമയം പകരം സംവിധാനം വരുന്നതുവരെ കൊളീജിയത്തെ മാനിക്കുമെന്നും നിയമമന്ത്രി വ്യക്തമാക്കി.

കൊളീജിയവുമായുള്ള പോര് കേന്ദ്രസർക്കാർ തുടരുകയാണ്. ഹൈക്കോടതികളുടെ ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്ത 20 പേരുകൾ കൂടി കേന്ദ്രം മടക്കിയത് നേർക്കു നേർ ഏറ്റുമുട്ടലിന് തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. മടക്കിയ 20ൽ 11 പേരും കൊളീജിയത്തിന്റെ പുതിയ ശിപാർശകളാണ്. ഒന്പത് പേരുകൾ നേരത്തേ കേന്ദ്രം തിരിച്ചയച്ചത് കൊളീജിയം രണ്ടാമതും ശിപാർശ ചെയ്തവയാണ്. രണ്ടാമതും ശിപാർശ ചെയ്താൽ അംഗീകരിക്കുകയെന്ന കീഴ്‌വഴക്കമാണ് കേന്ദ്രം ലംഘിച്ചിരിക്കുന്നത്. കൊളീജിയം ശിപാർശകളിൽ കേന്ദ്രം അടയിരിക്കുന്നത് നിയമസംവിധാനത്തെ സ്തംഭിപ്പിച്ചെന്ന സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.

കൊളീജിയത്തിന്റെ അന്തസ്സിടിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. കൊളീജിയം സംവിധാനത്തിന് വിശ്വാസ്യതയില്ലെന്നും ജഡ്ജി നിയമനങ്ങൾ സർക്കാർ നടത്തുന്നതാണ് ഉചിതമെന്നുമാണ് മന്ത്രി പ്രതികരിച്ചത്. എല്ലാ ഭരണഘടനാസംവിധാനങ്ങൾക്കുമുള്ള പോരായ്മകൾ കൊളീജിയത്തിനും ഉണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. കൊളീജിയത്തിന്റെ ചില ശിപാർശകൾക്കെതിരെ തെലങ്കാന, മദ്രാസ്, ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകർ അടുത്തിടെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന വിഷയത്തിൽ കേന്ദ്ര സർക്കാറിനെ സുപ്രീം കോടതി ശക്തമായി വിമർശിച്ചിരുന്നു.

കൊളീജിയം സമ്പ്രദായം രാജ്യത്തെ ഭരണഘടനയുടെ തന്നെ ഭാഗമായ ഒന്നായി മാറിയിരിക്കുകയാണ് അതുകൊണ്ട് തന്നെ അതിനെ വെല്ലുവിളിക്കുന്ന രാജ്യത്തെ ഭരണാധികാരികൾ ഫലത്തിൽ ഭരണഘടനയെത്തന്നെയാണ് ചോദ്യം ചെയ്യുന്നതെന്ന് പറയേണ്ടി വരും. ജഡ്ജി നിയമനം നിഷ്പക്ഷമായി നടന്നേ മതിയാവൂ. എങ്കിൽ മാത്രമേ ഉന്നത കോടതികളിൽ നിന്ന് നീതി ലഭിക്കുകയുള്ളൂ എന്ന യാഥാർഥ്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഇന്നത്തെ സാഹചര്യത്തിൽ പരമോന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയത്തേക്കാൾ മെച്ചപ്പെട്ട ഒരു സംവിധാനത്തെപ്പറ്റി ആലോചിക്കാൻപോലും കഴിയുന്നതല്ല. നിയമ മന്ത്രി പറയുന്നതു പോലെ കേന്ദ്രസർക്കാർ നിയമിക്കുന്ന നാഷനൽ ജുഡീഷ്യൽ നിയമന കമ്മീഷനെ കൊണ്ട് ഈ നിയമനങ്ങൾ നടത്തിയാൽ അത് തികച്ചും രാഷ്ട്രീയ പരിഗണനകൾ മാത്രം വെച്ചുകൊണ്ടുള്ള ഒന്നായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കോടതികളെ എക്‌സിക്യൂട്ടീവിന്റെ താളത്തിനൊത്ത് തുള്ളുന്ന ഒന്നായി മാറ്റാനാണ് അധികാരത്തിലുള്ളവർ ശ്രമിക്കുന്നതെന്നത് ഒരു പുത്തരിയല്ല. അതിന്റെ ഭാഗമായിട്ടാണ് സ്വന്തം ജഡ്ജിമാരെ നിയമിക്കാൻ ഭരണകക്ഷി ജുഡീഷ്യൽ നിയമന കമ്മീഷനുമായി രംഗത്ത് വന്നിട്ടുള്ളത്. രാഷ്ട്രീയ തത്ത്വചിന്തകരായ കാറൽമാർക്‌സ് അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത് കോടതികളെ ഭരണാധികാരി വർഗം അവരുടെ താളത്തിനൊത്ത് തുള്ളിക്കുമെന്നാണ്. എന്നാൽ വിവിധ ജനാധിപത്യ രാജ്യങ്ങളിൽ കോടതികളിൽ നിന്നും കുറച്ചെങ്കിലും നീതി സാധാരണ ജനങ്ങൾക്ക് ഇന്ന് ലഭിച്ചുവരികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് നമ്മുടേതെന്നാണ് ഇന്ത്യൻ ഭരണാധികാരികൾ പെരുമ്പറയടിച്ചു നടക്കുന്നത്. അതുകൊണ്ട് തന്നെ കോടതികളെ എക്‌സിക്യൂട്ടീവിന്റെ കടുംപിടിത്തത്തിൽ നിന്ന് മോചിപ്പിക്കാനും കോടതികളിൽ നീതി ലഭ്യമാക്കാനും ഇവിടുത്തെ ഭരണാധികാരികൾ ഇനിയെങ്കിലും തയ്യാറാകേണ്ടതാണ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest