International
സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷം; രണ്ട് ദിവസത്തിനകം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു
അക്രമം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിലൊന്നായ ബനിയാസിൽ, മൃതദേഹങ്ങൾ തെരുവുകളിൽ ചിതറിക്കിടക്കുന്ന നിലയിലോ വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സംസ്കരിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലോ ആണെന്ന് റിപ്പോർട്ടുകൾ
ഡമസ്കസ് | സിറിയൻ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശർ അൽ-അസദിന്റെ അനുയായികളും തമ്മിൽ രണ്ടു ദിവസത്തെ ഏറ്റുമുട്ടലിലും പ്രതികാരക്കൊലകളിലുമായി ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി യുദ്ധ നിരീക്ഷണ ഗ്രൂപ്പ് അറിയിച്ചു. സിറിയൻ സംഘർഷം തുടങ്ങി കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും മാരകമായ അക്രമ സംഭവങ്ങളിലൊന്നാണിത്.
ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നതനുസരിച്ച്, തൊട്ടടുത്ത് നിന്നുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ട 745 സാധാരണക്കാരെ കൂടാതെ, 125 സുരക്ഷാ സേനാംഗങ്ങളും അസദുമായി ബന്ധപ്പെട്ട സായുധ ഗ്രൂപ്പുകളിലെ 148 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ലാതാകിയ നഗരത്തിന് ചുറ്റുമുള്ള വലിയ പ്രദേശങ്ങളിൽ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അക്രമം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിലൊന്നായ ബനിയാസിൽ, മൃതദേഹങ്ങൾ തെരുവുകളിൽ ചിതറിക്കിടക്കുന്ന നിലയിലോ വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സംസ്കരിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലോ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവ എടുത്തു സംസ്കരിക്കാൻ സായുധസംഘം അനുവദിച്ചില്ലെന്നും ഇവിടത്തെ താമസക്കാർ പറയുന്നു.
അസദിനെ അധികാരത്തിൽ നിന്ന് നീക്കി, വിമതർ അധികാരം ഏറ്റെടുത്ത് മൂന്ന് മാസത്തിന് ശേഷം, വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട ഈ ഏറ്റുമുട്ടൽ വിമത സർക്കാറിന് വൻ വെല്ലുവിളിയാണ്.



