From the print
പാകിസ്താന് ചൈനയുടെ സഹായം; കരുത്തുകൂട്ടാൻ ഇന്ത്യ
അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ നിർമാണം ഉടൻ
ന്യൂഡൽഹി | യുദ്ധവിമാനങ്ങൾ ഉൾപ്പെടെ സൈനിക മേഖലയിൽ പാകിസ്താന് ചൈന കൂടുതൽ സഹായം നൽകാൻ തയ്യാറെടുക്കുന്നതിനിടെ സൈനികശേഷി വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി ഇന്ത്യ. അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ നിർമാണം ഉൾപ്പെടെയുള്ളവയിലേക്ക് കടക്കാനാണ് തീരുമാനം. അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾക്കുള്ള അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എ എം സി എ) പ്രോഗ്രാമിന്റെ ഭാഗമായി നിർമിച്ച മോഡലിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നിർമാണം നടപ്പാക്കാനാണ് തീരുമാനം. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ വ്യോമ മേധാവിത്വത്തെ ചെറുക്കുന്നതിനായി പാകിസ്താന് സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ നൽകാനുള്ള പദ്ധതി ചൈന വേഗത്തിലാക്കുന്നുവെന്ന റിപോർട്ടുകൾക്കിടെയാണ് ഇന്ത്യ അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിലേക്ക് കടക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി ആർ ഡി ഒ) കീഴിലുള്ള എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ്ഏജൻസി (എ ഡി എ) വ്യാവസായിക പങ്കാളിത്തത്തിലൂടെ പ്രോഗ്രാം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എൽ) ഉൾപ്പെടെയുള്ളവയുടെ പങ്കാളിത്തത്തോടെയായിരിക്കും നിർമാണമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതു- സ്വകാര്യ പങ്കാളിത്തം
പൊതു, സ്വകാര്യ മേഖലകൾക്ക് തുല്യ അവസരങ്ങൾ നൽകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. അവർക്ക് സ്വതന്ത്രമായോ സംയുക്ത സംരംഭമായോ കൺസോർഷ്യമായോ ലേലം വിളിക്കാമെന്നും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ഇന്ത്യൻ കമ്പനിയായിരിക്കണമെന്നതാണ് വ്യവസ്ഥയെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഉടൻ തന്നെ താത്പര്യപത്രം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ചെലവ് ₹15,000 കോടി
പദ്ധതിയുടെ പ്രാരംഭ വികസന ചെലവ് ഏകദേശം 15,000 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ സി എ) തേജസിന്റെ വിജയകരമായ നിർമാണത്തെത്തുടർന്ന് എ എം സി എയുടെ വികസനത്തിലുള്ള ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്താൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യ സൈനിക ആക്രമണം നടത്തിയതോടെ രൂപപ്പെട്ട സംഘർഷത്തിൽ പാകിസ്താന് കനത്ത തിരിച്ചടിയേറ്റിരുന്നു. ഇതോടെയാണ് ചൈനയിൽ നിന്ന് കൂടുതൽ സഹായം പാകിസ്താൻ ആവശ്യപ്പെട്ടത്.



