Connect with us

Cover Story

ഭായ്...ഭായ്

തങ്ങളുടെ വിയർപ്പിന്റെ കൂലിക്കൊപ്പം വളർത്തു നാടായി സ്നേഹിച്ച് ഇവിടെ അലിഞ്ഞുചേർന്ന് ജീവിക്കുന്ന നിരവധിയായ കുടിയേറ്റ തൊഴിലാളികളുണ്ട് കേരളത്തിന്റെ പല ഭാഗത്തും. അവർക്കൊക്കെ പറയാൻ ഒരുപാട് കഥകളുണ്ടാകും. ഈ നാടിനെ ഇങ്ങനെ ചേർത്തുപിടിക്കാൻ പ്രാപ്തമാക്കിയ കഥകൾ...

Published

|

Last Updated

പശ്ചിമ ബംഗാൾ നാദിയ ജില്ലക്കാരനായ ദാസ് കഴിഞ്ഞ ഇരുപത് വർഷമായി രാമന്തളിയിലുണ്ട്. ലോക പ്രതിരോധ ഭൂപടത്തിൽ സ്ഥാനം നേടിയ ഏഴിമല നാവിക അക്കാദമിയുടെ വളർച്ച നോക്കിക്കണ്ടവനാണ് ദാസ്. 2002 ൽ നാവിക അക്കാദമിയുടെ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇരുപതാമത്തെ വയസ്സിലാണ് ദാസ് ഏഴിമലയിലെത്തുന്നത്. ഇപ്പോൾ നാവിക അക്കാദമിയിലെ നിർമാണ പ്രവൃത്തി ചെയ്യുന്നില്ലെങ്കിലും ദാസ് രാമന്തളി വിട്ടിട്ടില്ല. അക്കാദമിക്ക് പുറത്ത് ഒരു കെട്ടിട നിർമാണ കരാറുകാരന്റെ വിശ്വസ്തനായ സൂപ്പർവൈസറാണ് ഇന്ന് ദാസ്.

അക്കാദമിക്കു വേണ്ടി ഏഴിമല താഴ്്വര ആകെ ഇന്ന് കെട്ടിട സമുച്ചയങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പതിനായിരം കോടിയിലധികം രൂപയുടെ നിർമാണ പ്രവൃത്തികളാണ് അക്കാദമിയിൽ ഇതിനകം നടന്നിരിക്കുന്നത്. കാൽ നൂറ്റാണ്ടിനിപ്പുറം അക്കാദമിയുടെ വളർച്ചക്കൊപ്പം രാമന്തളിയുടെ മണ്ണിൽ ഇഴചേരുകയായിരുന്നു ദാസും. ഇത് ഒരു ദാസിന്റെ കഥയല്ല. അനേകായിരം ദാസുമാരുടെ കഥയാണ്.

തങ്ങളുടെ വിയർപ്പിന്റെ കൂലിക്കൊപ്പം കേരളത്തെ സ്നേഹിച്ച് വളർത്തു നാടായി ഇവിടെ അലിഞ്ഞുചേർന്ന് ജീവിക്കുന്ന നിരവധിയായ കുടിയേറ്റ തൊഴിലാളികളുണ്ട് കേരളത്തിന്റെ പല ഭാഗത്തും. അവർക്കൊക്കെ പറയാൻ ഒരുപാട് കഥകളുണ്ടാകും. ഈ നാടിനെ ഇങ്ങനെ ചേർത്തുപിടിക്കാൻ പ്രാപ്തമാക്കിയ കഥകൾ…

ഏഴിമലയിലെ ഭായിമാർ
ലോക പ്രതിരോധ ഭൂപടത്തിൽ കൃത്യമായ അടയാളപ്പെടുത്തലുകളോടെ രാജ്യത്തിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്ന ഏഴിമല നാവിക അക്കാദമി രാജ്യത്തെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും വലുതുമായ നാവിക അക്കാദമിയാണ്. പതിനായിരത്തോളം കോടികളുടെ നിർമാണ പ്രവൃത്തിയാണ് ഇവിടെ ഇതിനകം നടന്നു കഴിഞ്ഞത്. തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങളുടെ മഹാ ഭൂരിപക്ഷം പ്രവൃത്തികൾക്കു പിന്നിലും കുടിയേറ്റ തൊഴിലാളികളുടെ വിയർപ്പിന്റെ മണമുണ്ട്. നിർമാണ പ്രവൃത്തികൾ സജീവമായി നടന്നിരുന്ന പത്ത് പന്ത്രണ്ട് വർഷം മുമ്പ് ഇവിടുത്തുകാരെക്കാൾ ഈ നാട്ടിൽ നിറഞ്ഞുനിന്നത് കുടിയേറ്റ തൊഴിലാളികളായിരുന്നു. കവലകളും നിരത്തുകളും ഇവരുടെതായിരുന്നു. ഇപ്പോഴും നിത്യേന നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ അക്കാദമിക്കകത്ത് ജോലി ചെയ്യുന്നുണ്ട്.

തോക്കേന്തി വരി വരിയായി പരിശീലനം കഴിഞ്ഞ് മടങ്ങുന്ന നേവൽ കാഡറ്റുകളുടെ മറുഭാഗത്ത് പണി കഴിഞ്ഞ് നിരനിരയായി നടന്നുനീങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ കാഴ്ച ഏഴിമല നാവിക അക്കാദമിയിലെ പതിവുകാഴ്ച ആണെങ്കിലും ജീവിതത്തിന്റെ രണ്ട് ധ്രുവങ്ങളിലുള്ളവരുടെ ജോലി കഴിഞ്ഞുള്ള മടക്കയാത്രയിൽ ശരീര ഭാഷക്കും ചിന്തകൾക്കും ഏറെ വ്യത്യാസമുണ്ട്.

വിയർപ്പിന്റെ വില
മെയ് 1 ലോക തൊഴിലാളി ദിനം. ലോക തൊഴിലാളി ജനതയുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പോരാടിയവരുടെ ത്യാഗത്തിന്റെ ഓർമ പുതുക്കലായാണ് ലോക തൊഴിലാളി ദിനം ആചരിക്കുന്നത്. എന്നാൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഏറെ വേരോട്ടമുള്ള കേരളത്തിൽ തൊഴിൽ നിയമങ്ങളുടെ ആനുകൂല്യങ്ങൾക്ക് പുറത്താണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായ കുടിയേറ്റ തൊഴിലാളികൾ . 20 മണിക്കൂറോളം ജോലി നാല് മണിക്കൂർ വിശ്രമം ഇതായിരുന്നു ഒരു നൂറ്റാണ്ടുമുമ്പ് വരെ തൊഴിലാളികളുടെ ജീവിതം. ഇപ്പോഴും ഇതിൽ നിന്നും വിഭിന്നരല്ല കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ. മണിക്കൂറുകളിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം എങ്കിലും രാവന്തിയോളം തൊഴിലാളികളെ പണിയെടുപ്പിച്ച് നേട്ടം കൊയ്യുന്ന ഇടനിലക്കാരുടെ കയ്പുള്ള കഥകൾ പറയാനുണ്ടാകും കേരളത്തിലെ ഓരോ ലേബർ കോളനികൾക്കും.

വേതനത്തിലെ വിവേചനവും, ജീവിത സാഹചര്യങ്ങളും കല്ലുകടിയായി ഇപ്പോഴും നിലനിൽക്കുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വർഗമായി കേരളം മാറുന്നു. നിരവധി ഘടകങ്ങളാണ് കേരളത്തിൽ ഇവരെ പിടിച്ചു നിർത്തുന്നത്.

കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒരു വർഷം നാട്ടിലേക്കയക്കുന്നത് 750 കോടിയോളം രൂപ വരുമത്രെ. കേരളത്തിൽ നിന്ന് നേടുന്ന പണമാണിത്. കേരളത്തിൽ ഏകദേശം 30 ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്ക്.

​സംസ്ഥാനത്ത് എവിടെ നോക്കിയാലും ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെ കാണാം. ഇവരിൽ കൂടുതലും ദിവസക്കൂലിക്കാണ് തൊഴിലെടുക്കുന്നത്. പറമ്പിലെ ജോലികൾ, കെട്ടിട നിർമാണം, പാചകം, മുടിവെട്ട് തുടങ്ങി മാളുകളിലെ വലിയ സ്റ്റോറുകളിൽ വരെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കാണാം. ഇവരിൽ പലരും സ്കിൽഡ് വർക്കേഴ്സ് അല്ലെന്നതാണ് യാഥാർഥ്യം. പലരും തൊഴിൽ പഠിച്ചെടുക്കുന്നതാണ്. കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും, ഉയർന്ന വേതനവും ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തെ ഒരു ഗൾഫ് ആയി കാണുന്നതിനു കാരണമായി. കൈത്തറി, ഖാദി തുടങ്ങിയ പാരമ്പര്യ തൊഴിലിടങ്ങളിൽ ഒഴിച്ച് നിർത്തിയാൽ ഞാറ് നടുന്ന കേരളത്തിന്റെ തനത് ജോലികളിൽ വരെ കുടിയേറ്റ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുകയാണ്.

കേരളത്തോട് കടപ്പാട്
“കേരളത്തോട് ഞങ്ങള്‍ക്ക് അത്യധികം കടപ്പാടുണ്ട്’ – ഇരുപത് വർഷമായി കേരളത്തെ അറിയുന്ന ദാസ് പറയുന്നു. ജന്മനാട്ടിൽ പുതിയ വീടുകളും ട്രാക്റ്ററുകളും മോട്ടോര്‍ സൈക്കിളുകളും കേരളത്തില്‍ ജോലി ചെയ്യുന്നവര്‍ അയക്കുന്ന പണംകൊണ്ട് ഉണ്ടായതാണ്. ഒരു കണക്കിന് ഞങ്ങള്‍ക്ക് തൊഴില്‍ തന്നവരാണ് കേരളീയര്‍. ദാസിനെ പോലെ ചിന്തിക്കുന്നവരാണ് കുടിയേറ്റക്കാരായ ഭൂരിപക്ഷം തൊഴിലാളികളും . മാന്യമായ തൊഴിൽ സാഹചര്യം ഇവിടെ ലഭിക്കുന്നു എന്നതു മാത്രമല്ല ഈ നാടിനെ ഇവർ ഇഷ്ടപ്പെടുവാൻ കാരണം. ജന്മദേശത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനം ലഭിക്കുന്നു. മതപരമായ സൗഹാർദതയും കേരളത്തിനോടുള്ള ഇവരുടെ താത്്പര്യത്തെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ, തൊഴിൽ എടുപ്പിക്കുമെങ്കിലും കുടിയേറ്റക്കാരെ തീർത്തും അംഗീകരിക്കാൻ കേരള മനസ്സ് പൂർണമായും തയ്യാറായിട്ടില്ല. ഏതെങ്കിലും കൊലപാതകം, അക്രമ സംഭവം തുടങ്ങിയവക്ക് പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജീവമാകുന്നത്. അതോടൊപ്പം കേരള വികസനത്തിൽ, രൂപപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിൽ അധ്വാന ശക്തിയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്കും ഇന്ന് ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ സാനിധ്യം കേരളത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതമാകുമോ എന്ന ആശങ്കയാണ് ഇത്തരം ഒരു ചർച്ചയുടെ പ്രചോദനം എന്നതാണ് യാഥാർഥ്യം. ഇത്തരമൊരു ചർച്ചയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം വെല്ലുവിളി ആണോ എന്ന് പരിശോധിക്കുമ്പോൾ കേരളം പോലുള്ള ഒരു പൊതു സമൂഹത്തിന് ഈ അന്യസംസ്ഥാന തൊഴിലാളി സാനിധ്യം മാത്രമാണോ വെല്ലുവിളി എന്ന് കൂടി പരിശോധിക്കേണ്ടതാണ്.
കേരളത്തിന്റെ ചരിത്രം വിവിധ തരം കുടിയേറ്റങ്ങളുടെയും കുടിയിറക്കങ്ങളുടെയും കൂടി ചരിത്രമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പുതിയതും പഴയതുമായ ആവാസ പരിസരങ്ങൾ പരിണമിച്ചാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടു വന്നത്. അര നൂറ്റാണ്ടുകൾക്ക് മുമ്പ് സ്വപ്നങ്ങൾ മുറുകെ പിടിച്ച് മറുനാടുകളിലേക്ക് ചേക്കേറിയ മലയാളിയുടെ മണ്ണിൽ ഇപ്പോൾ കുടിയേറ്റത്തിന്റെ പുതിയ കഥകൾ നിറയുകയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി കേരളത്തിൽ വന്നിറങ്ങുന്നവരുടെ എണ്ണം ദിവസേന കൂടി വരികയാണ്. അവരും തൊഴിലാളികളാണ് , സ്വന്തം കുടുംബം നോക്കാനാണ് അവരുടെ കഷ്ടപ്പാടുകളുമെന്ന് അംഗീകരിച്ചാൽ കേരളത്തിൽ അവരുടെ അധ്വാനശക്തിയെ പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കും.

Latest