Union Budget 2026
ആയുർവേദ മേഖലയെ ശക്തിപ്പെടുത്തും; മൂന്ന് ആൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ
ആയുർവേദ ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഔഷധച്ചെടികളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദേശം
ന്യൂഡൽഹി | രാജ്യത്തെ ആയുർവേദ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ആയുർവേദ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗവേഷണങ്ങൾക്കും വലിയ പ്രാധാന്യമാണ് ധനമന്ത്രി നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ ഐ ഐ എ) കൾ സ്ഥാപിക്കും. ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും പഠന ഗവേഷണ അവസരങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആയുർവേദ ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഔഷധച്ചെടികളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദേശമുണ്ട്. ഔഷധച്ചെടികൾ വളർത്തുന്നതിനും അവയുടെ പ്രാഥമിക സംസ്കരണത്തിനുമായി കർഷകർക്കും സംരംഭകർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതാകും പദ്ധതിയെന്നാണ് വിവരം. ഇത് ഗ്രാമീണ മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് നൽകാനും സഹായിക്കും.
ആയുർവേദ മേഖലയെ ഒരു ആഗോള ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടാണ് ഈ പ്രഖ്യാപനങ്ങളിലൂടെ വ്യക്തമാകുന്നത്.




