Kerala
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി
കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

കൊച്ചി| ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹരജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം വിധി ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി സുഹൃത്ത് നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം നിരവധി സാങ്കേതിക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.