Kerala
മുള്ളന്‍പന്നിയെ കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം | മുള്ളന്‍പന്നിയെ കൊന്ന കേസില്‍ സി പി എം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ശശി കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ കീഴടങ്ങിയിരുന്നു.
കഴിഞ്ഞ മാസം 28ന് വെള്ളനാട് വാളിയറ സ്വദേശിയുടെ വീട്ടില്‍ കയറിയ മുള്ളന്‍പന്നിയെ ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് ശശിക്കെതിരായ കേസ്. നാട്ടുകാരനില്‍ നിന്ന് വിവരമറിഞ്ഞ വെള്ളനാട് പഞ്ചായത്ത് അധികൃതര്‍ വാര്‍ഡംഗം ഷൈലജയോടു പറയുകയായിരുന്നു. ഷൈലജയാണ് വെള്ളനാട് ശശിയെ ഇക്കാര്യം അറിയിച്ചത്. സ്ഥലത്തെത്തിയ ശശി വനം വകുപ്പിനെ വിവരമറിയിക്കുന്നതിനു പകരം ഇരുമ്പ് കമ്പി ഉപയോഗിച്ച് മുള്ളന്‍പന്നിയെ തലക്കടിച്ചു കൊന്നുവെന്നാണ് കേസ്.
മുള്ളന്‍പന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.


