Connect with us

K P ANIL KUMAR

അനില്‍ കുമാര്‍ വിട്ടുപോയതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് കോണ്‍ഗ്രസിന്റെ ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കെ പി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവരുന്നതിനിടെ ചിലര്‍ പാര്‍ട്ടി വിട്ടുപോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങളാണ് കെ പി സി സി അധ്യക്ഷന്റെ നേതൃത്തില്‍ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് പരിഹരിച്ചു വരികയാണ്. ഇതിന് ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ പി സി സി പ്രസഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

അനില്‍ കുമാര്‍ വിട്ടുപോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്നേഹവും ബഹുമാനവും കൂടുക മാത്രമേ ചെയ്യൂ. വെറും ആള്‍ക്കൂട്ടമായി തുടരാനാകില്ല. എസ് ഡി പി ഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സി പി എമ്മിനെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് കെ പി അനില്‍കുമാര്‍ വിശേഷിപ്പിക്കുന്നത്. ഇത്ര നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍കുമാര്‍ നേരത്തെ തന്നെ സി പി എമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോണ്‍ഗ്രസില്‍ സംഘ്പരിവാറുമായി ബന്ധമുള്ള ആരുമില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെത്തന്നെ കൈകാര്യം ചെയ്യുമെന്നും തിരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി പോലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.