Connect with us

Ongoing News

രണ്ട് മത്സരങ്ങള്‍ തോറ്റ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; പരുക്കേറ്റ് രോഹിത് ഉള്‍പ്പെടെ മൂന്നുപേര്‍ പുറത്ത്

പേസര്‍മാരായ കുല്‍ദീപ് സെന്‍, ദീപക് ചാഹര്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരുക്കേറ്റ നായകന്‍ രോഹിത് ശര്‍മ നാട്ടിലേക്ക് മടങ്ങും. പേസര്‍മാരായ കുല്‍ദീപ് സെന്‍, ദീപക് ചാഹര്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്കും മൂന്നാം ഏകദിനത്തില്‍ കളിക്കാനാകില്ല. വിരലിനു പരുക്കേറ്റ രോഹിത് ബാന്‍ഡേജ് ഇട്ടാണ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്തത്. മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്.

പരുക്കേറ്റതിനാല്‍ രണ്ടാം ഏകദിനത്തില്‍ ഒമ്പതാമനായി ബാറ്റേന്തിയ രോഹിത് 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറും ഉള്‍പ്പെടെ പുറത്താവാതെ 51 റണ്‍സ് എടുത്തിരുന്നു. അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ടീമിനെ ലക്ഷ്യത്തിലെത്തിക്കാന്‍ രോഹിതിന് കഴിഞ്ഞില്ല. 271 റണ്‍സ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്നോട്ട് വച്ചിരുന്നത്. ഇന്ത്യയുടെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സിലൊതുങ്ങി. 102 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 റണ്‍സെടുത്ത അക്സര്‍ പട്ടേലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയ മറ്റ് ബാറ്റര്‍മാര്‍. ഇന്ത്യക്കായി സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി. ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് മൂന്നാം ഏകദിനം.

 

Latest