Connect with us

National

അസാധാരണ താപനില: ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്രം

1901ന് ശേഷം ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | വരും മാസങ്ങളില്‍ രാജ്യത്ത് തീവ്ര ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഉഷ്ണ തരംഗ സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നോട്ടുവെക്കുന്നു. ഉഷ്ണ തരംഗത്തിലൂടെ കാര്‍ഷിക വിളകള്‍ നശിക്കുകയും രാജ്യത്തെ വൈദ്യുതി ശൃംഖലക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും.

മെയ് 31 വരെ രാജ്യത്തിന്റെ അധിക ഭാഗങ്ങളിലും ഉഷ്ണ തരംഗമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എസ് സി ഭാന്‍ പറയുന്നു. 1901ന് ശേഷം ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ അസാധാരണ വർധനവുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ സി ഡി സി) വെബ്സൈറ്റിൽ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കി. ചൂട് ആഘാതം, അതുമൂലം ഉണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യേണ്ട വിധം, പരിപാലനം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട മാർഗരേഖ എല്ലാ ജില്ലകളിലും പ്രചരിപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ചൂട് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചുള്ള പ്രതിദിന നിരീക്ഷണം എല്ലാ ജില്ലകളിലും ഇന്ന് മുതൽ നടത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ പറഞ്ഞു.

സംസ്ഥാനങ്ങളിലെ ആരോഗ്യ സൗകര്യങ്ങളും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെയും മരണങ്ങളെയും കുറിച്ചുള്ള വിവരങ്ങളും പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, ഐസ് പാക്കുകൾ, ഒ ആർ എസ് എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് കുടിവെള്ളത്തിന്റെ ലഭ്യതയും പ്രധാന സ്ഥലങ്ങളിൽ ശീതീകരണ ഉപകരണങ്ങളും ലഭ്യമാക്കണം.

രാജ്യത്ത് ചില സ്ഥലങ്ങളിൽ താപനില ഇതിനകം അസാധാരണമായ നിലയിൽ ഉയർന്നിട്ടുണ്ട്. ഈ വർഷം പ്രതീക്ഷിക്കുന്ന സാധാരണ താപനിലയിൽ നിന്ന് ഗണ്യമായ വ്യതിയാനങ്ങൾ ചില സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും റിപോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഭൂഷൺ വ്യക്തമാക്കി.

Latest