Connect with us

Ongoing News

പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തല്‍; വില്ലനായി പെഗാസസ് സ്പൈവെയര്‍

Published

|

Last Updated

2010 ജനുവരി 25 ന് ആരംഭിച്ച ഇസ്റാഈല്‍ കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പാണ് പെഗാസസ് എന്ന സ്പൈവെയറിന്റെ ഉപജ്ഞാതാക്കള്‍. ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിവ് കാര്‍മി, ഷാലേവ് ഹുലിയോ, ഒമ്രി ലവി എന്നിവരാണ് ഇതിന്റെ സ്ഥാപകര്‍. അവരുടെ പേരിന്റെ ചുരുക്കമാണ് എന്‍ എസ് ഒ. നിയമപാലകര്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും മൊബൈല്‍ ഫോണുകളിലേക്കോ അവയുടെ കണ്ടന്റിലേക്കോ റിമോട്ട് ആക്സസ് നല്‍കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടൊണ് പെഗാസസ് വികസിപ്പിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, സുപ്രീം കോടതി ജഡ്ജി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത് ഈ സ്പൈവെയറാണ്. രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയാകുന്ന റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

എന്താണ് പെഗാസസ്:
സ്പൈവെയര്‍ സോഫ്‌റ്റ്വെയറാണ് പെഗാസസ്. ഒരാളുടെ അറിവില്ലാതെ അവരുടെ ഡിവൈസിലേക്ക്
ആക്‌സസ് നേടുന്നതിനും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചാരപ്പണി ചെയ്യാനുമാണ് ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐ ഒ എസ്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കായുള്ള ഏറ്റവും മികച്ച സ്പൈവെയര്‍ ആണ് ഇത്. ഏറ്റവും സങ്കീര്‍ണമായ അറ്റാക്കുകള്‍ക്കെല്ലാം ഈ സ്പൈവെയറാണ് ഉപയോഗിക്കുന്നത്. ആപ്പിള്‍ ഐ ഫോണുകള്‍ക്ക് പോലും പെഗാസസില്‍ നിന്നും രക്ഷയില്ല എന്നാണ് അറിയുന്നത്.

പെഗാസസിനെ ഏറ്റവും കൂടുതല്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നതിന് പ്രധാന കാരണം സുരക്ഷിതവും ഡാറ്റാ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതുമായ ആപ്പിളിന്റെ ഡിവൈസുകള്‍ പോലും ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ്. പെഗാസസിന്റെ ലൈസന്‍സിന് എല്ലാ വര്‍ഷവും ഏഴ് മുതല്‍ എട്ട് ദശലക്ഷം ഡോളര്‍ വരെ ചെലവാക്കണം. സ്പൈവെയര്‍ ഉപയോഗിച്ച് ഡിവൈസ് ഉള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാനും അയാളുടെ ചുറ്റുപാടുകള്‍ കാണുന്നതിനുമായി ഫോണിന്റെ കാമറയും മൈക്രോഫോണും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

പെഗാസസിന് വര്‍ഷത്തില്‍ 500 ഫോണുകള്‍ വരെ നിരീക്ഷിക്കാനും ഒറ്റയടിക്ക് പരമാവധി 50 എണ്ണം ട്രാക്ക് ചെയ്യാനും സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു ലിങ്ക് ഉപയോഗിച്ചാണ് പെഗാസസ് മറ്റൊരാളുടെ ഡിവൈസിലേക്ക് കടക്കുന്നത്. മെസേജ് വഴിയാണ് ഈ ലിങ്ക് ഡിവൈസുകളില്‍ എത്തുക. ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇരയുടെ അറിവില്ലാതെ തന്നെ ഡിവൈസില്‍ പെഗാസസിന്റെ ഡൗണ്‍ലോഡ് ആരംഭിക്കും. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ഹാക്കറുടെ കമാന്‍ഡ് കമ്പ്യൂട്ടറുമായി കണക്ഷനില്‍ ആവുകയും ചെയ്യും. പാസ്വേഡുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, കലണ്ടര്‍ ഇവന്റുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ നിന്നുള്ള ലൈവ് വോയ്‌സ് കോളുകള്‍ എന്നിവയെല്ലാം നിരീക്ഷിക്കാന്‍ പെഗാസസിലൂടെ കഴിയും.

പെഗാസസിന് എന്‍ക്രിപ്റ്റ് ചെയ്ത ഓഡിയോ സ്ട്രീമുകള്‍ കേള്‍ക്കാനും എന്‍ക്രിപ്റ്റ് ചെയ്ത മെസേജുകള്‍ വായിക്കാനും കഴിയും. 60 ദിവസത്തില്‍ കൂടുതല്‍ ഹാക്കറിന്റെ നിയന്ത്രണ കേന്ദ്രവുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ പെഗാസസ് തനിയെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

---- facebook comment plugin here -----

Latest