Connect with us

Religion

വിസ്മയത്തിന്റെ വിരൽത്തുമ്പ്

Published

|

Last Updated

മനുഷ്യരുടെ കൈവിരലുകളിലെ തൊലിപ്പുറത്തുള്ള വരകൾ പതിഞ്ഞുണ്ടാകുന്ന അടയാളങ്ങളെയാണ് വിരലടയാളം (Fingerprint) എന്ന് പറയുന്നത്. തൊലിയിലുണ്ടാകുന്ന വിയർപ്പ് മൂലം സ്പർശിക്കുന്ന പ്രതലങ്ങളിൽ വിരലടയാളം സ്വതവേ പതിയുകയോ അനിവാര്യ സമയങ്ങളിൽ മഷിയിൽ വിരൽ പുരട്ടി പതിപ്പിക്കുകയോ ചെയ്യാറുണ്ട്.

മുഖഛായയിലും ശരീരഘടനയിലും പ്രവൃത്തിയിലും പരസ്പരം സാദൃശ്യമുള്ളവരുണ്ടാകുമെങ്കിലും വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. ഒരാളുടെ പത്ത് വിരലിലെ അടയാളങ്ങള്‍ പോലും വെവ്വേറെയാണ്. ഒരേ ശരീര പ്രകൃതിയുള്ള ഇരട്ടക്കുട്ടികളിലും വിരലടയാളം വ്യത്യസ്തമാണ്. വിരലടയാളം നോക്കി പ്രായവും ലിംഗ നിർണയവും നടത്തുന്നതിനുള്ള ഗവേഷണങ്ങൾ നടന്നു വരുന്നു. ഗർഭസ്ഥ ശിശുവിന് മൂന്ന് മാസം പ്രായമാകുന്നതോടെ വിരലുകൾ രൂപപ്പെടുകയും അവയിൽ അടയാളങ്ങൾ‍ പ്രത്യക്ഷപ്പെടുകയും മരണം വരെ യാതൊരു മാറ്റവുമില്ലാതെ അത് നിലനിൽക്കുകയും ചെയ്യുന്നു. മൃതദേഹത്തിലെ തൊലി നശിക്കും വരെ വിരലടയാളം മായുകയില്ല. ശസ്ത്രക്രിയ മുഖേനയോ മറ്റോ വിരലടയാളം മാറ്റാൻ സാധ്യവുമല്ല. ഒരു രോഗത്തിനും വിരലടയാളം മായ്ക്കാനും കഴിയില്ല. അവക്ക് മുറിവോ തേയ്മാനമോ സംഭവിച്ചാൽ ശരീരം അത് നേരെയാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുറ്റാന്വേഷകർ വിരലടയാളത്തെ ഒരു പ്രധാന തെളിവെടുപ്പ് രീതിയായി സ്വീകരിക്കുന്നത്. വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അത്ഭുതജ്ഞാനം പത്തൊമ്പതാം നൂറ്റാണ്ടിലാണ് ശാസ്ത്രലോകം കണ്ടെത്തിയതെങ്കിലും പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ഖുർആൻ പരാമർശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “മനുഷ്യൻ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്ന്? (വീണ്ടും ജീവൻ നൽകുകയില്ലെന്ന്) അതെ, നാം അവന്റെ വിരൽ തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ!. (സൂറതുൽ ഖിയാമ: 3, 4)

മൃതിയടഞ്ഞവരുടെ എല്ലുകള്‍ മണ്ണുമായി ലയിച്ച് ഭൂമിയില്‍ ചിന്നിച്ചിതറി കഴിഞ്ഞാല്‍ അന്ത്യനാളില്‍ അവരെ ഒരുമിച്ചുകൂട്ടി ഓരോരുത്തരെയും തിരിച്ചറിയുന്നതിനെ അവിശ്വാസികള്‍ തള്ളിക്കളയുന്നു. എന്നാല്‍ മരിച്ചവരുടെ എല്ലുകളെ ഒരുമിച്ചുകൂട്ടുക മാത്രമല്ല, അവരുടെ വിരലടയാളം പോലും മാറ്റമില്ലാതെ പൂർണമായും പുനഃസൃഷ്ടിക്കാന്‍ കൂടി സർവശക്തനായ അല്ലാഹുവിന് സാധിക്കുമെന്ന് അവൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണിവിടെ.

അല്ലാഹുവിന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങൾ പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചത്തിലെ അത്ഭുത ജീവിയായ മനുഷ്യ ശരീരത്തിൽ തന്നെ ചിന്തിക്കാൻ അനേകമുണ്ട്. അതിസങ്കീര്‍ണമാണ് മനുഷ്യ ശരീരഘടന. ഏകദേശം
അറുനൂറ് കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്‍. ഇന്ന് ഭൂമുഖത്തുള്ള ജനങ്ങളുടെയും മുൻ കഴിഞ്ഞവരുടെയുമെല്ലാം മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്‍വശം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഓരോന്നും വ്യത്യസ്തമാണ്.. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങളെ കുറിച്ച് പഠനം നടത്തണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളിൽ പറയുന്നു: “ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ടുമനസ്സിലാക്കുന്നില്ലെന്നോ”. (അദ്ദാരിയാത്ത് : 20, 21) “അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും സംവിധാനിച്ചവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.” (അൽ മുഅമിനൂൻ: 78).

അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതം മനസ്സിലാക്കാൻ കൈവിരലുകളുടെ സംവിധാനവും കൈവെള്ളയിലെയും വിരൽത്തുമ്പിലെയും വരകളും കുറികളും തന്നെ ധാരാളം. എത്ര തന്നെ വിദഗ്ധരായ ഡിസൈനർമാർ ചേർന്നാലും ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചാലും ഇത്രയും ചെറിയ സ്ഥലത്ത്‌ വ്യത്യസ്ത രൂപങ്ങളിലായി ഭൂമുഖത്ത് കഴിഞ്ഞവരും ജീവിച്ചിരിക്കുന്നവരും വരാനിരിക്കുന്നവരുമായ അനേകായിരം കോടി മനുഷ്യരുടെ വിരൽത്തുമ്പുകളിലെ ഡിസൈൻ സംവിധാനിക്കാൻ സാധ്യമല്ല.

ഇത്രമേല്‍ ആസൂത്രിതമായി സൃഷ്ടികർമം നിർവഹിച്ച്, ജീവനും ജീവിതവും കണ്ണും കാഴ്ചയും കാതും കേള്‍വിയും നാവും സംസാരശേഷിയും വാസനിച്ചറിയാനുള്ള കഴിവും ഹൃദയവും വിശേഷബുദ്ധിയും നടക്കാന്‍ കാലും പിടിക്കാന്‍ കൈകളുമെല്ലാം നമ്മുടെ ശരീരത്തില്‍ സംവിധാനിച്ച സ്രഷ്ടാവിനോടുള്ള ബാധ്യതകൾ നിറവേറ്റാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

Latest