Connect with us

Articles

താക്കോൽ സർക്കാറിലേക്ക്?

Published

|

Last Updated

“വീട്ടുടമസ്ഥൻ താക്കോൽ നൽകണമെന്നാണ് പറയുന്നത്. എന്നാൽ കൈയിൽ താക്കോലില്ല എന്നാണ് ഉടമസ്ഥൻ പറയുന്നത്”-സാമൂഹിക മാധ്യമങ്ങളുടെ നിയന്ത്രണവും ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞമാസം നടന്ന വാദത്തിനിടെ സുപ്രീം കോടതിയുടെ പരാമർശമാണിത്. അപകീർത്തികരവും രാജ്യവിരുദ്ധവുമായ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ ഉറവിടം കണ്ടെത്താൻ കഴിയില്ലെന്നും അതിനുവേണ്ടി സർക്കാറുമായി സഹകരിക്കാമെന്നും ഫേസ്ബുക്കും വാട്‌സാപ്പും അറിയിച്ചപ്പോഴാണ് കോടതിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
ഏതായാലും, കഴിഞ്ഞദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറും സംയുക്തമായി പുറത്തിറക്കിയ സാമൂഹിക മാധ്യമങ്ങൾക്കും ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കുമുള്ള പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് (ഗൈഡ്‌ലൈൻ ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) സാമൂഹിക മാധ്യമങ്ങളുടെ താക്കോൽ സർക്കാറിലേക്ക് എത്തിപ്പെടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

മൂന്ന് വർഷത്തിലേറെയായി ഇത്തരത്തിലുള്ള പുതിയ മാർഗനിർദേശങ്ങൾക്കായി സർക്കാർ തലപുകച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നടന്ന അനിഷ്ട സംഭവങ്ങളാണ് ഈ നീക്കത്തിന് ഗതിവേഗം നൽകിയത്. അന്ന് ചില അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന സർക്കാർ ആവശ്യം ട്വിറ്റർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സർക്കാറും ട്വിറ്ററുമായുള്ള ബന്ധം വഷളായിരുന്നു.

നിയന്ത്രണം ആവശ്യമാണ്
ജനാധിപത്യത്തിലെ നാലാം തൂണുകളായ വാർത്താ മാധ്യമങ്ങളെ പിന്തള്ളിയുള്ള സാമൂഹിക മാധ്യമങ്ങളുടെ വളർച്ച പെട്ടെന്നായിരുന്നു. എന്നാൽ അതിനനുസരിച്ചുള്ള നിയമനിർമാണങ്ങൾ ഉണ്ടായിരുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ ആർക്കും എന്തും പറയാനും എഴുതാനും കഴിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അളവുകോലായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആ സ്വാതന്ത്ര്യം പലപ്പോഴും അതിര് കടക്കുന്നതായിട്ടാണ് അനുഭവം. അത്തരം അതിരുകടക്കലുകൾ നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.

ലോകരാജ്യങ്ങൾ പലതും ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളെയും ഗൂഗിൾ പോലെയുള്ള ഇന്റർനെറ്റ് ബ്രൗസറുകളെയും നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുകയും ചെയ്തിട്ടുണ്ട്. പത്രങ്ങളുടെ വാർത്താ ഉള്ളടക്കം ഗൂഗിൾ ഉപയോഗിക്കുന്നതിന് പണം നൽകണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടേതായി വന്ന പ്രസ്താവനയും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ഫ്രാൻസിലെയും ആസ്‌ത്രേലിയയിലേയും മാധ്യമങ്ങൾക്ക് ഇങ്ങനെ പണം നൽകാമെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസമാണ് സമ്മതമറിയിച്ചത്.

ലോകരാജ്യങ്ങളുടെ ഒരു നിയമവും ബാധകമാകാതെ പുതുതലമുറ മാധ്യമങ്ങൾ വളരുന്നത് നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്. അതേസമയം ആ നിയന്ത്രണം ഭരിക്കുന്നവരുടെ സ്വാർഥതാത്പര്യത്തിനും നയങ്ങൾക്കും വിരുദ്ധമാകുമ്പോൾ മാത്രം പോരാ. സാധാരണക്കാരന്റെ അഭിമാനവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുമ്പോഴും വേണമെന്ന് മാത്രം.

പുതിയ തലമുറ സങ്കേതമായ ഒ ടി ടി (ഓവർ ദി ടോപ്) വഴി സംപ്രേഷണം ചെയ്യപ്പെടുന്ന ചലച്ചിത്രങ്ങൾ നിയന്ത്രിക്കപ്പെടാൻ അഞ്ച് വിഭാഗങ്ങളിലായി തരംതിരിക്കണമെന്നത് പ്രധാന നിർദേശമാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ എന്നിവ സബ്‌സ്‌ക്രൈബ് ചെയ്ത് യൂസർ ഐ ഡി ഉപയോഗിച്ച് കുഞ്ഞുങ്ങൾ അശ്ലീലം കാണുന്നതിന് പേരന്റ് ലോക്ക് സൗകര്യം സാമൂഹികമാധ്യമങ്ങൾ നൽകേണ്ടതുണ്ട്. ഇതൊക്കെ ഒരു പരിധി വരെ ഗുണകരമാണെന്നതിൽ തർക്കമില്ല.
ദുരുപയോഗം ചെയ്യപ്പെട്ടാൽ സാമൂഹിക മാധ്യമങ്ങൾ ഇന്നത്തെ പോലെ സർവസാധാരണമാകാത്ത കാലത്ത് നിർമിക്കപ്പെട്ടിട്ടുള്ള നിയമങ്ങൾ മൂലം ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കുകയെന്നത് തീർത്തും ദുഷ്‌കരമാണ്. അതിന് പുതിയ നിയമങ്ങൾ തന്നെ ഉണ്ടാകേണ്ടതുണ്ട്.

എന്നാൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ചിലതെങ്കിലും ദുരുപയോഗപ്പെടുത്താൻ സാധ്യതയുള്ളതാണെന്നതിൽ സംശയമില്ല. രാജ്യത്തിന്റെ ഐക്യം, സമഗ്രത, പ്രതിരോധം, സുരക്ഷ, പരമാധികാരം, എന്നിവ തകർക്കുന്ന ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നത് തീർത്തും രാജ്യതാത്പര്യം മുൻനിർത്തിയുള്ളതാണെന്ന് ഒറ്റനോട്ടത്തിൽ പറയാം.
നിയമങ്ങൾ എങ്ങനെയുള്ളതാണെങ്കിലും അത് വ്യാഖ്യാനിക്കുന്നിടത്താണല്ലോ പ്രശ്‌നം. രാജ്യമെന്നത് ഭരിക്കുന്ന പാർട്ടിയോ അവരുടെ നയമോ അല്ലെന്നതാണ് ഇതിന് കാരണം. പലപ്പോഴും രാജ്യതാത്പര്യമെന്നത് ഭരണവർഗത്തിന്റെ താത്പര്യമായി കൂട്ടിക്കെട്ടുന്നതാണ് വർത്തമാനകാല സംഭവങ്ങൾ തെളിയിക്കുന്നത്. അത്തരം മുൻ അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്. അതുകൊണ്ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കുക എന്നത് ഇത്തരം നിയമങ്ങളുടെ സ്വീകാര്യതക്ക് അനിവാര്യമാണ്.

ഉറവിടം വ്യക്തമാകുമ്പോൾ
സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതലായി അപമാനിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. അത്തരം സംഭവങ്ങളിൽ പലപ്പോഴും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുകയാണ് പതിവ്. വാർത്തകളുടെയും പോസ്റ്റുകളുടെയും ഉറവിടം വ്യക്തമാക്കേണ്ട സാമൂഹികമാധ്യമങ്ങൾ അതിന് തയ്യാറാകാത്തതിനാൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ പോകുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. ബന്ധപ്പെട്ട ഏജൻസികൾ ആവശ്യപ്പെട്ടാൽ അപകീർത്തികരമായ വാർത്തകളുടെ ഉള്ളടക്കവും ഉറവിടവും വ്യക്തമാക്കാൻ സാമൂഹിക മാധ്യമങ്ങൾ ഇനി ബാധ്യസ്ഥരാകും.

രാജ്യവിരുദ്ധവും ദേശവിരുദ്ധവുമായ പല പോസ്റ്റുകളുടെയും വ്യാജ വാർത്തകളുടെയും ഉറവിടം തേടിയാലും അതിന് പിന്നിലും വിവേചനങ്ങൾ ധാരാളം കണ്ടെത്താൻ നമുക്ക് കഴിയും. പലതും വ്യാജമായി സൃഷ്ടിക്കപ്പെട്ട ഐഡികളിൽനിന്നാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.

അത്തരം വാർത്തകൾ സൃഷ്ടിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും രാജ്യവിരുദ്ധരാക്കാൻ ശ്രമിക്കുന്നവർ “രാജ്യസ്‌നേഹ”ത്തിന്റെ വക്താക്കളാണെന്ന് കണ്ടെത്താൻ കഴിയും. അതോട് കൂടി പ്രതി ചേർക്കപ്പെട്ടവൻ “മനോരോഗി”യാകുന്ന അവസ്ഥയുമാണല്ലോ നിലവിൽ രാജ്യത്തുള്ളത്. കോടതിയിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ പരാതി ലഭിച്ചാൽ ഇത്തരം ഉള്ളടക്കം 36 മണിക്കൂറിനുള്ളിൽ പുതിയ മാർഗനിർദേശം അനുസരിച്ച് നീക്കം ചെയ്യേണ്ടതുണ്ട്.

നിയമ വ്യവഹാരങ്ങൾ വരും
കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിന് മൂന്ന് മാസമാണ് സമയം പറഞ്ഞിരിക്കുന്നത്. അതിനിടെ ഇത്രയും കാലം ആരുടെയും നിയന്ത്രണത്തിലല്ലാതെ വളർന്ന സാമൂഹിക മാധ്യമ ഭീമന്മാർ നിയമപരമായി കോടതി കയറുമെന്നതിൽ സംശയമില്ല. രാജ്യത്ത് 53 കോടി വാട്‌സാപ്പ് ഉപഭോക്താക്കളും 41 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുമുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യ സാമൂഹിക മാധ്യമങ്ങളുടെ വലിയ വിപണിയാണ്. നിയന്ത്രണങ്ങൾ വരുന്നതോടെ ഇടപെടലുകളും കുറവാകും. അത്തരമൊരു കൊഴിഞ്ഞുപോക്ക് അവർ ആഗ്രഹിക്കുന്നില്ല. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പഠിച്ച് വരികയാണെന്നാണ് സാമൂഹിക മാധ്യമ ഭീമന്മാരുടെ ആദ്യ പ്രതികരണം. പഠനത്തിന് ശേഷം എന്തായാലും മാർഗനിർദേശങ്ങളുടെ മേലുള്ള നിയമപോരാട്ടങ്ങളായിരിക്കും നടക്കാൻ പോകുന്നത്.

---- facebook comment plugin here -----

Latest