Connect with us

National

മുംബൈയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

Published

|

Last Updated

മുംബൈ | മുംബൈയിലും സമീപ പ്രദേശങ്ങളിലുമാകെ ഇന്ന് പൊടുന്നനെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. വൈദ്യുതി പ്രശ്‌നമുണ്ടാകാന്‍ എന്താണ് കാരണമെന്ന് അന്വേഷിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ഊര്‍ജ വകുപ്പു മന്ത്രി ആര്‍ കെ സിംഗ് അറിയിച്ചു. ദേശീയ വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാന ശൃംഖലയിലാണ് പ്രശ്‌നം സംഭവിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 2,000 മെഗാവാട്ടില്‍ 1,900 മെഗാവാട്ട് പുനസ്ഥാപിച്ചു കഴിഞ്ഞതായും ബാക്കി ഉടന്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ 10നു ശേഷമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. കല്‍വ-പദ്‌ഗെ പവര്‍ ഹൗസിലെ സര്‍ക്യൂട്ട് രണ്ടിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി പ്രശ്‌നത്തിന് ഇടയാക്കിയതെന്ന് മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റൗത്ത് വ്യക്തമാക്കി. ടാറ്റയില്‍ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചതാണ് വൈദ്യുതി തടസ്സപ്പെടാന്‍ ഇടയാക്കിയതെന്നും ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ ട്വീറ്റില്‍ പറഞ്ഞു. വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് നിലച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ 12.20ഓടെ പുനരാരംഭിച്ചു.