Connect with us

Ongoing News

അകതാരിൽ മായാതെ

Published

|

Last Updated

പാടിത്തീരാത്ത ഗാനം പോലെ മുഴുമിക്കാത്ത കഥ പറച്ചിൽ പോലെ എഴുത്തിന്റെ വഴിയിൽ പിന്തുണച്ചവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ച് വിടവാങ്ങിയ കെ എം ബഷീർ എന്ന യുവ ധർമ പോരാളിയുടെ ധന്യജീവിതത്തിന്റെ ഓർമകൾക്ക് ഒരാണ്ട്. ഇന്നും ബഷീർ അകതാരിൽ ഉറങ്ങുന്നു, മായാതെ ഒളിമങ്ങാതെ നിത്യതയിൽ.
മനസ്സിനകത്തെ ഉള്ളം തുറന്ന് സൗഹൃദത്തിന്റെ ജാലകത്തിലൂടെ കണ്ടുമുട്ടിയ വരെയല്ലാം അടുപ്പക്കാരാക്കിയ അനാദൃശമായ വ്യക്തിമഹത്വമുള്ള ചെറുപ്പക്കാരൻ. സ്പർശിച്ച മേഖലകളിലെല്ലാം അദ്വിതീയ സ്ഥാനത്തെത്തിയ പ്രതിഭാശാലി.

നിറപുഞ്ചിരിയുമായി അനന്തപുരിയിൽ പരിലസിച്ച സൗമ്യനായ യുവാവ് എല്ലാവരോടും ഇഷ്ടം കൂടി പ്രകാശം പരത്തി, മികച്ച പത്രപ്രവർത്തകനായത് സ്ഥിരോത്സാഹത്തിലൂടെയായിരുന്നു.
തന്റെ അവസാന ഫേസ് ബുക്ക് പേജിൽ എഴുത്തിന്റെ വഴിയിൽ പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞ് വിട പറയുമ്പോൾ മികച്ച നിയമസഭാ റിപ്പോർട്ടറെന്ന ഖ്യാതിയും തന്റെ ഔദ്യോഗിക ജീവിത നേട്ടങ്ങളിൽ തുന്നിച്ചേർത്തിരുന്നു.

2017 ആഗസ്റ്റ് ഒന്പതിന് സിറാജിൽ പ്രസിദ്ധീകരിച്ച ജി എസ് ടി അഥവാ അർധ രാത്രിയിലെ കവർച്ച എന്ന നിയമസഭാ അവലോകനമാണ് , നിയമസഭാ റിപ്പോർട്ടിംഗിലെ ചരിത്ര നിമിഷങ്ങൾ രേഖപ്പെടുത്തിയ മികച്ച ലേഖനങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ “പ്രസ്സ് ഗ്യാലറി കണ്ട സഭ ” എന്ന ഗ്രന്ഥത്തിൽ ഇടം പിടിച്ചത്. ആ രചനക്ക് കേരള മീഡിയ അക്കാദമിയുടെ ആദരം കൂടി ഏറ്റുവാങ്ങിയാണ് ബഷീർ കാലയവനികക്കുള്ളിൽ മറഞ്ഞത്. അതെക്കുറിച്ച് സന്തോഷാശ്രു പൊഴിക്കവെയാണ് പിന്തുണച്ചവർക്ക് മനസ്സിനുള്ളിൽ നിന്ന് ബഷീർ നന്ദി പറഞ്ഞത്.

എത്ര കാലം ജീവിച്ചുവെന്നതല്ല. ലഭ്യമായ ആയുസ്സ് എങ്ങനെ പ്രയോജനപ്പെടുത്തിയെന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ പ്രതിഭ നിർണയിക്കപ്പെടുന്നത്. ആ അർഥത്തിൽ ബഷീർ തന്റെ ദൗത്യം നിർവഹിച്ചാണ് ഭാഗധേയം വ്യക്തമാക്കിയത്. കൃത്യനിഷ്ഠത, സംഘാടന മികവ്, ഊർജസ്വലത, എന്നിവ മേളിച്ച ആ വ്യക്തിത്വം പ്രൊഫഷനലിസത്തിന്റെ ചേരുവകളിൽ ചാലിച്ച് തൊഴിലിൽ സമ്പൂർണത കൈവരിക്കുക വഴി സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും മാത്രമല്ല; സ്ഥാപന മേധാവികൾക്കും മാതൃകയായി മാറിയാണ് തന്റെ ദൗത്യം നിർവഹിച്ചത്.
സിറാജ് അദ്ദേഹത്തിന് കുടുംബമായിരുന്നു എന്നതിനപ്പുറം ഒരു വികാരമായിരുന്നു. തൊഴിൽ മികവിന്റെ പേരിൽ പ്രമുഖ പത്രങ്ങൾ മാടി വിളിച്ചപ്പോഴും വളർന്ന തണലിൽ തന്നെ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചത്. പത്രപ്രവർത്തന ജീവിതത്തിലെ തിരക്കുകൾക്കും രസകരമായ അനുഭവങ്ങൾക്കുമിടയിൽ മനസ്സിന്റെയും കുടുംബത്തിന്റെയും വിഷമങ്ങൾ ഈ യുവ പോരാളി മറന്നുപോകുമായിരുന്നു. ഇല്ല; മറക്കില്ല ബഷീറിനെ മറക്കാനാകില്ല.

Latest