Religion
സുഖ ദുഃഖങ്ങളില്‍ പങ്കാളിയാകുക

ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിവര്‍ത്തിച്ചുകൊടുത്താല്‍ അല്ലാഹു അവന്റെ ആവശ്യവും നിര്‍ത്തിച്ചുകൊടുക്കും.
അന്യരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാവുമ്പോഴാണ് നാം മനുഷ്യരാകുന്നത്. അവരുടെ സുഖ സമയത്ത് മാത്രം ബന്ധപ്പെടുകയും ദുഃഖിതരാവുമ്പോള്‍ പിന്‍മാറുകയും ചെയ്യുന്ന ശീലം നല്ലതല്ല. മറ്റുള്ളവരുടെ കഷ്ടതകളെയോ ദുരിതങ്ങളെയോ പറ്റി ഒന്നും ചിന്തിക്കാതെ താത്കാലിക സുഖങ്ങളില്‍ കഴിയുന്നവര്‍ പാരോപകാരം ചെയ്താലുണ്ടാവുന്ന ആനന്ദം അറിയുന്നില്ല. തന്റെ ജീവിതത്തിലേക്ക് മറ്റുള്ളവരേയും കൂടി പങ്കാളിയാക്കുമ്പോള്‍ ജീവിതം കൂടുതല്‍ സുഖകരവും ആനന്ദപ്രദവുമാകുന്നു. മറ്റുള്ളവരുടെ ഗുണങ്ങള്‍ കണ്ടറിയാനും പ്രശംസിക്കാനും സന്നദ്ധനാകണം. കുറ്റങ്ങള്‍ മാത്രം പെരുപ്പിച്ച് കാട്ടുന്നത് ശരിയല്ല. എത്ര നല്ല മനുഷ്യനാണെങ്കിലും ചില പിഴവുകളും എത്ര മോശം മനുഷ്യനാണെങ്കിലും ചില നന്മകളും അവരില്‍ കാണും. ആരും പരിപൂര്‍ണരല്ല. തന്റെ ജോലിയിലോ ഉദ്യോഗത്തിലോ എതിരാളിയായി നില്‍ക്കുന്നയാളുടെ ഗുണങ്ങള്‍ മറച്ച് വെച്ച് കുറ്റങ്ങള്‍ മാത്രം പറയുന്നത് നല്ല സ്വഭാവമല്ല. നമ്മുടെ പ്രവൃത്തികൊണ്ടു മറ്റുള്ളവരെ എത്രയേറെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുവോ അത്രകണ്ട് നമ്മുടെ വ്യക്തിത്വത്തിന്റെ ആകര്‍ഷണവും വര്‍ധിക്കുന്നു. പണം കൊടുത്തു മാത്രമല്ല മറ്റുള്ളവരെ സഹായിക്കല്‍, ദുരിതത്തിലകപ്പെടുമ്പോള്‍ സമാശ്വാസം പകരുന്നവിധം പെരുമാറാനും ആശ്വാസമരുളുന്ന വാക്കുകളും ആവുംവിധം ചെയ്യാന്‍ നമുക്ക് സാധിക്കണം. ഇത് അവര്‍ക്ക് ആനന്ദമുണ്ടാക്കുന്നതും നമ്മോടു അടുപ്പമുണ്ടാക്കുന്നതുമാണ്. മനസിന്റെ വിശാലതയാണ് വേണ്ടത്.
ഇന്ന് സ്ഥാനമാനങ്ങള്‍ക്കും സമ്പാദ്യത്തിനും മനുഷ്യന്‍ പരക്കം പായുമ്പോള്‍ സൗഹൃദങ്ങള്‍ തകരുന്നു. ബന്ധങ്ങള്‍ മുറിഞ്ഞുപോകുന്നു. സ്വന്തം സുഹൃത്തിനെ സഹായിക്കാന്‍ കഴിയുന്നില്ല. സ്വാര്‍ത്ഥത കുടിയേറി. സ്‌നേഹം പടിയിറങ്ങി. മനസില്‍ ഏകചിന്ത. പണം. അബൂമൂസയില്‍ നിന്നു നിവേദനം: നബി പറഞ്ഞു: യുദ്ധവേളയില്‍ ഭക്ഷണക്കമ്മി നേരിടുകയോ, മദീനയിലെ തങ്ങളുടെ കുടുംബങ്ങളുടെ ഭക്ഷ്യവിഭവം കുറയുകയോ ചെയ്യുമ്പോള്‍ തങ്ങളുടെ വശമുള്ള ആഹാര സാധനങ്ങളെല്ലാം ഒരു വസ്ത്രത്തില്‍ ശേഖരിച്ച് അത് ഒരു അളവുപാത്രത്തില്‍ തങ്ങള്‍ക്കിടയില്‍ തുല്യമായി വീതിച്ചെടുക്കുക അശ്അര്‍ ഗോത്രക്കാരുടെ രീതിയാണ്. അവര്‍ എന്നില്‍ പെട്ടവരും ഞാന്‍ അവരില്‍ പെട്ടവരുമാണ്. (ബുഖാരി, മുസ്‌ലിം)
അബൂദര്‍റില്‍ ഗിഫാരിയില്‍ നിന്ന് നിവേദനം: ഞാന്‍ നബി(സ)യോട് ചോദിച്ചു: ഏറ്റവും ശ്രേഷ്ഠമായ കര്‍മം ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവില്‍ വിശ്വസിക്കലും അവന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു: ഏത് തരത്തില്‍പ്പെട്ട അടിമയെ മോചിപ്പിക്കുന്നതാണുത്തമം?
തിരുമേനി പറഞ്ഞു: വില കൂടിയതും തങ്ങളുടെ യജമാനന്മാരുടെ നോട്ടത്തില്‍ ഉത്തമരുമായ അടിമകളെ മോചിപ്പിക്കല്‍. ഞാന്‍ ചോദിച്ചു: ഇത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം? നബി(സ) പറഞ്ഞു: എങ്കില്‍ വല്ല ജോലിയും ചെയ്യുന്നവനെ സഹായിക്കുക. അല്ലെങ്കില്‍ തന്റെ ജോലി നന്നായി ചെയ്യാന്‍ കഴിയാത്തവന് അത് ചെയ്തുകൊടുക്കുക. ഞാന്‍ ചോദിച്ചു: ഇതും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യണം? അവിടുന്ന് പറഞ്ഞു: എങ്കില്‍ ആളുകളെ വിഷമിപ്പിക്കാതിരിക്കുക. അത് നിനക്ക് പ്രതിഫലം ലഭിക്കുന്ന ധര്‍മമാണ്.