Alappuzha
പൊതുവേദിയില്‍ അപമാനിച്ചു; ജി സുധാകരനെതിരെ വനിതാ നേതാവിന്റെ പരാതി

അമ്പലപ്പുഴ: പൊതുവേദിയില്‍ തന്നെയും കുടുംബത്തേയും അപമാനിച്ചെന്നാരോപിച്ച് ജി സുധാരകരന്‍ എംഎല്‍എക്കെതിരെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിത നേതാവ് പോലീസില്‍ പരാതി നല്‍കി. അകാരണമായി ജി സുധാകരന്‍ പൊതുവേദിയില്‍ ശകാരിച്ചതിന്റെ പേരില്‍ അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്കിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും സിപിഎം ബ്രാഞ്ചിന്റെ സെക്രട്ടറി സ്ഥാനവും ഉഷാ സാലി രാജിവച്ചിരുന്നു.
അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ്-ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വനിതാ നേതാവിനെതിരെ സുധാകരന്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നു ഇവര്‍ കരഞ്ഞുകൊണ്ട് വേദി വിടുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ചിലരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതു മൂലം തന്നെ ബലിയാടാക്കുകയായിരുന്നു. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കില്‍ സ്വകാര്യമായി വിളിച്ചു പറയാമായിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്രകമ്മിറ്റിക്കുവരെ പരാതി നല്‍കിയിട്ടും ഒരു ആശ്വാസവാക്കുപോലും പറയുവാന്‍ സിപിഎം നേതാക്കളാരും തയാറായില്ലെന്നും ഉഷ പറഞ്ഞിരുന്നു.