Connect with us

Kerala

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സെലക്ട് കമ്മിറ്റിക്ക്

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തുന്നത് നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളടങ്ങിയ ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പാസാക്കുന്നതിന് മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് നന്നായിരിക്കുമെന്ന് കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത സഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനയാത്ര തടസ്സപ്പെടുത്തുകയോ ജോലിക്ക് ഹാജരാകുന്നവരെ തടയുകയോ ചെയ്താല്‍ ആറ് മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ആശുപത്രി, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനം, പെട്രോള്‍ പമ്പുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വ്യക്തികളെ തടഞ്ഞാലും സമാനമായ ശിക്ഷ ലഭിക്കും. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നതാണ് മറ്റൊരു വ്യവസ്ഥ. മാധ്യമങ്ങള്‍ മുഖേന മൂന്ന് ദിവസത്തെ പൊതു അറിയിപ്പ് നല്‍കി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ പാടുള്ളൂ. ആശുപത്രികള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവയും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണം, ആംബുലന്‍സുകള്‍, ആശുപത്രി വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം എന്നിവയും തടയാന്‍ പാടില്ല.
ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനായി ഹര്‍ത്താല്‍ നടത്തുന്നവര്‍ മുന്‍കൂര്‍ തുക ഈടായി നിക്ഷേപിക്കണം. ബലപ്രയോഗമോ ശാരീരികമോ മാനസികമോ ആയ ഭീഷണിയോ അടിച്ചേല്‍പ്പിക്കലോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെയോ സേവനങ്ങളുടെയോ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. ജീവനും സ്വത്തിനും ഭീഷണിയോ ആശങ്കയോ അപകടമോ നാശനഷ്ടമോ ഉണ്ടാക്കരുത്.
ക്രമസമാധാനം ഭംഗപ്പെടുത്താനും ഇടവരുത്തരുത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ നല്‍കും. വ്യക്തികള്‍ക്ക് വേണ്ട സംരക്ഷണം പോലീസും മറ്റ് ഏജന്‍സികളും നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്ക് പതിനായിരം രൂപ വരെ പിഴ നല്‍കും. നിയമപ്രകാരം ഉത്തമവിശ്വാസത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നിയമനടപടികളോ ശിക്ഷകളോ പാടില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ജനങ്ങളുടെ സമാധാനജീവിതം ഉറപ്പുവരുത്താനാണ് ഹര്‍ത്താലുകള്‍ക്ക്‌മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരിധികളില്ലാത്ത സ്വാതന്ത്ര്യവും അമിതനിയന്ത്രണവും അരാജകത്വവും പൊട്ടിത്തെറിയും സൃഷ്ടിക്കും. രാഷ്ട്രത്തിന്റെ സുരക്ഷ പരിഗണിച്ച് യുക്തിസഹമായ നിയന്ത്രണങ്ങള്‍ വരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ സാധുവാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് കോടതികളാണ്. ന്യായമായ സമരം, പണിമുടക്ക് എന്നിവയെ നിരോധിച്ചിട്ടില്ല. ആരുടെയും സ്വാതന്ത്ര്യം ഹനിക്കില്ല. ജീവനക്കാരെയോ തൊഴിലാളികളെയോ തൊഴില്‍ സംഘടനാ പ്രവര്‍ത്തനങ്ങളെയോ ഈ ബില്‍ ബാധിക്കില്ല. പരിഷ്‌കൃതസമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ചും ബോധം വേണം. അനാവശ്യ സമരങ്ങളൊഴിവാക്കി കേരളത്തില്‍ വ്യവസായങ്ങളെ വളര്‍ത്താനും നിക്ഷേപം കൊണ്ടുവരാനും ബില്ലിലെ വ്യവസ്ഥകള്‍ സഹായിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Latest