Connect with us

Articles

യൗവനത്തിന്റെ വിവേകപൂര്‍ണമായ സമര്‍പ്പണം

Published

|

Last Updated

“”ആഗോളവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിങ്ങള്‍ നിങ്ങളുടെ മുറിയില്‍ ഇരുന്നാല്‍ മതിയെന്ന സന്ദേശം നിങ്ങള്‍ക്ക് കിട്ടുന്നു. അങ്ങനെ സ്വയം സ്വകാര്യവത്കരിക്കപ്പെട്ട മുറിയിലിരിക്കുമ്പോള്‍ എങ്ങനെയാണ് സുഖമുണ്ടാകുക? അതിനായി മയക്ക് മരുന്ന് കഴിക്കാം. ജോലിയില്ലെങ്കിലും ജീവിക്കാം എന്ന തരത്തില്‍ ജീവിതത്തിന്റെ േെൃൗഴഴഹല കുറയുന്നത് കൊണ്ടാണിത്. വ്യായാമമില്ലെങ്കിലും ഉപകരണങ്ങള്‍ കൊണ്ടും രാസപദാര്‍ഥങ്ങള്‍ കൊണ്ടും ശരീരം സുഭദ്രമായിരിക്കും എന്നതുകൊണ്ടുമാണിത്. പക്ഷേ നിങ്ങളുടെ നിയന്ത്രണവും വ്യക്തിത്വവും നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും നിങ്ങള്‍ നൂലിഴകളായി അഴിഞ്ഞ് ഊടും പാവും വേറെ വേറെ വഴിക്ക് പോകുകയും നിങ്ങള്‍ ഒരു മുണ്ടല്ലാതായിത്തീരുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ആത്യന്തികത””
എം എന്‍ വിജയന്‍
ആത്മാര്‍ഥതയോടെയും നിസ്വാര്‍ഥതയോടെയും യൗവനത്തെ പ്രയോഗിക്കാനാകുമോ എന്ന ആലോചനയില്‍ നിന്നാണ് കേരളത്തില്‍ എസ് വൈ എസ് പ്രസ്ഥാനം രൂപം കൊള്ളുന്നത്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്. മത ധാര്‍മിക യുവജന സംഘം എന്ന നിലയില്‍ എസ് വൈ എസിന് പരിമിതികളുണ്ടായിരുന്നു. വിവിധതരം താത്പര്യങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് മുസ്‌ലിം യൗവനത്തെയെങ്കിലും മോചിപ്പിച്ചെടുക്കുക എന്നത് സംഘത്തിന്റെ പ്രഥമ ലക്ഷ്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. യുവജന കേരളത്തെ പ്രതിനിധീകരിക്കുന്ന പ്രായപൂര്‍ത്തിയിലേക്ക് സംഘടന അടുത്തുവരുന്നു എന്നേ ഇപ്പോള്‍ പറയാനാകൂ. അറുപതാണ്ടിന്റെ പരിപക്വമായ പ്രായപൂര്‍ത്തിയില്‍ സുന്നി പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന “വിഷന്‍ 2025” കേരളീയ യൗവനത്തെ തിരിച്ചറിഞ്ഞുള്ള കര്‍മപദ്ധതിക്കാണ് ഊന്നല്‍ നല്‍കുക.
ഇസ്‌ലാംമത ദര്‍ശനങ്ങള്‍ നല്‍കുന്ന ചിന്താ സ്വാതന്ത്ര്യത്തിലും കര്‍മമാര്‍ഗത്തിലും ഊന്നിയാണ് സുന്നിയുവജന പ്രസ്ഥാനം യൗവനത്തെ രൂപപ്പെടുത്തുന്നത്. നിസ്വാര്‍ഥമായ ഒരു പന്‍ഥാവിലൂടെ ഇസ്‌ലാമിക യൗവനത്തെ നയിക്കാനും യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും ഈ യുവജന പ്രസ്ഥാനം നിരന്തരം ശ്രമിച്ചുവരികയായിരുന്നു. മതനവീകരണവാദികളുടെ നശീകരണ ശ്രമങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വരച്ചുകൊടുത്ത ചതുരങ്ങളില്‍ നിന്നും സ്വതന്ത്രരായി അവര്‍ക്ക് പുറത്ത് വരേണ്ടതുണ്ടായിരുന്നു. മതദര്‍ശനങ്ങളെ അതിന്റെ തനിമയില്‍ ഉള്‍ക്കൊണ്ട് മാത്രമേ അത് സാധ്യമാകുമായിരുന്നുള്ളൂ. യൗവനത്തിന്റെ ഫലപ്രദമായ പ്രയോഗം അവര്‍ പരിശീലിപ്പിക്കപ്പെടണമായിരുന്നു. കുറേ കാലമായി അത് ജീര്‍ണാവസ്ഥയില്‍ തുടരുകയായിരുന്നല്ലോ. വിളിച്ച് കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലുന്നതാണോ യൗവനത്തിന്റെ ധര്‍മം? വരച്ചുകൊടുക്കുന്ന ചതുരങ്ങളില്‍ അനങ്ങാതെ നിലകൊള്ളുന്നതാണോ യുവത്വത്തിന്റെ പ്രായോഗികതലങ്ങള്‍? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടായിരുന്നു. എസ് വൈ എസ് പ്രസ്ഥാനം കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ അത് നിരന്തരം നിര്‍വഹിച്ചുകൊണ്ടിരുന്നു.
നമുക്ക് മുമ്പില്‍ കമ്പോളം ഉഗ്രസ്വരൂപം സ്വീകരിച്ച് നില്‍പ്പുണ്ട്. സര്‍വപ്രതാപങ്ങളോടെയും. ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെ ഭയപ്പാടോടെ പരിരക്ഷിക്കുന്നു. അധികാരം കൈയാളുന്നത് പോലും കമ്പോള ശക്തികളാണ് എന്ന് വന്നിരിക്കുന്നു. ആഗോളവത്കരണം കമ്പോളത്തിന്റെ താത്പര്യമാണ്. അതിന് ഒരു അജന്‍ഡയുള്ളത് ഷണ്ഡീകരണമാണ്. അതിന്റെ മാനിഫെസ്റ്റോ അരാഷ്ട്രീയമാണ്. കമ്പോളം യൗവനത്തെ ഷണ്ഡീകരിക്കുകയും അരാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നു. ചിലപ്പോഴെങ്കിലും അത് യൗവനത്തെ ദത്തെടുക്കാറുണ്ട്. തദ്ഫലമായി യൗവനം വില്‍ക്കപ്പെടുന്നു. പ്രതികരണങ്ങളെ ഭയപ്പെടുന്ന കമ്പോളം അതിനെ സ്‌പോണ്‍സര്‍ ചെയ്യുന്നു. യൗവനം സമരങ്ങളെ വരുമാന മാര്‍ഗമാക്കുന്നു. കമ്പോള ശക്തികളില്‍ നിന്ന് പ്രതിഫലം പറ്റി രൂപപ്പെടുത്തുന്ന സമരങ്ങള്‍ അങ്ങനെ ഉണ്ടാകുന്നവയാണ്. സ്‌പോണ്‍സേഡ് സമരങ്ങള്‍. ഇവിടെ യൗവനം ഞെട്ടറ്റ് വീഴുന്നു. അത് സൃഷ്ടിപരമോ ഉത്പാദനക്ഷമമോ ആകാതെ പോകുന്നു. നൂലിഴകളായി അഴിഞ്ഞ് ഉലഞ്ഞാടി പറന്ന് പോകുന്ന യൗവനത്തെ സങ്കല്‍പിച്ചുനോക്കുക. നിങ്ങള്‍ ഒരു മുണ്ടല്ലാതായി മാറുന്ന ദുരന്തം ഇവിടെ സംഭവിക്കുന്നു.
കമ്പോളത്തില്‍ നിന്നും പകര്‍ന്നെടുത്ത താത്പര്യങ്ങളാണ് നമ്മുടെ യൗവനത്തെ നിയന്ത്രിക്കുന്നത് എന്ന് വരുന്നത് ദുഃഖകരമെങ്കിലും സത്യമാണ്. ഇവിടെ പക്ഷങ്ങളില്ല. ഇടതു വലത് വ്യത്യാസങ്ങളില്ല. ഇടതുപക്ഷത്തെ ഉപജീവിച്ച് കൊണ്ട് വലിയ വായില്‍ ഒച്ച വെക്കുന്ന ജമാഅത്ത് സോളിഡാരിറ്റികളെ അടക്കം നിയന്ത്രിക്കുന്നത് താത്പര്യങ്ങളാണെന്ന് വന്നിരിക്കുന്നു. ഒച്ചവെപ്പുകള്‍ക്ക് ശേഷം അത് ഒരു പാര്‍ട്ടിയായി രൂപപ്പെടുന്നത് അതുകൊണ്ടാണ്. സമരങ്ങളും സേവനങ്ങളും എന്തിന് മനുഷ്യന്റെ മുഖത്ത് നോക്കി ചിരിക്കുമ്പോള്‍ പോലും നവയൗവനം താത്പര്യങ്ങളെ മുന്നില്‍ നിര്‍ത്തുന്നു. രാഷ്ട്രീയ വിജയങ്ങള്‍, പാര്‍ലിമെന്ററി മോഹങ്ങള്‍, അധികാരം, വോട്ട് ബേങ്കിന്റെ പരിരക്ഷ. അങ്ങനെ വ്യത്യസ്തമായ താത്പര്യങ്ങള്‍. സ്വാര്‍ഥ താത്പര്യങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് കേരളീയ യൗവനത്തെ മോചിപ്പിക്കാനാകുമോ? കഴിഞ്ഞ 60 വര്‍ഷങ്ങളിലായി എസ് വൈ എസ് പ്രസ്ഥാനം ഈ ചോദ്യമുയര്‍ത്തി വരികയായിരുന്നു. ദുഷ്‌കരമെങ്കിലും മാനവരാശിക്കും രാജ്യനന്മക്കും വേണ്ടി അത് സാധ്യമാകേണ്ടതുണ്ടെന്ന് എസ് വൈ എസ് വിചാരിക്കുന്നു. കക്ഷിരാഷ്ട്രീയ മുക്തമായ ഒരു രാഷ്ട്രീയം ഇവിടെ രൂപപ്പെടേണ്ടതുണ്ട്. നീക്കുപോക്ക് സമരങ്ങളും ദത്തെടുക്കപ്പെടുന്ന പ്രതികരണങ്ങളും യൗവനത്തെ അപമാനിക്കാതിരിക്കുന്നതിന് ഈ രാഷ്ട്രീയം ആവശ്യമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ ഗുണങ്ങളെ വിസ്മരിക്കുന്നില്ല. അരാഷ്ട്രീയവത്കരണത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കക്ഷി രാഷ്ട്രീയം തന്നെ മെച്ചം. പക്ഷേ, അതിന്റെ ദുഷ്ഫലങ്ങളെ കുറിച്ചും ഓര്‍ക്കേണ്ടതുണ്ട്.
ഇസ്‌ലാം ഇപ്പോള്‍ ലോകം ശ്രദ്ധിക്കുന്ന പ്രത്യയ ശാസ്ത്രമാണ്. തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്തും ബോംബ് രാഷ്ട്രീയം വളര്‍ത്തിയും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ ഇനിയും തുടരും. പാശ്ചാത്യ ശക്തികള്‍ അതിനെ ഭയപ്പെടുന്നത് തീവ്രവാദികളെ നോക്കിയല്ല. ആധുനിക കാലത്തിന് ബദലാകാന്‍ മാത്രം ശക്തമായ അതിന്റെ ഉള്ളടക്കത്തെനോക്കിയാണ്. സാമ്രാജ്യത്വ ശക്തികള്‍ക്ക് തീവ്രവാദികളെ ആവശ്യമുണ്ട്. അവര്‍ ബിന്‍ലാദന്‍മാരെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്തുകൊണ്ടിരിക്കും. അത് കമ്പോളത്തിന്റെ കൂടി താത്പര്യമാണ്. ഇസ്‌ലാമിനെ മനുഷ്യത്വരഹിതമായ ഒരു പ്രത്യയ ശാസ്ത്രമായി അവതരിപ്പിക്കുന്നത് അതിന്റെ ഒളി അജന്‍ഡയാകുന്നു. മുസ്‌ലിം യൗവനം ഇതിന് നിന്ന് കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യം എസ് വൈ എസ് ഉയര്‍ത്തുന്നു. തീവ്രവാദം സമരമല്ല. പോരാട്ടവുമല്ല. യുവജനങ്ങള്‍ അറിയാതെ വില്‍ക്കപ്പെടുന്ന ദുരവസ്ഥയാണ്. ഈ കച്ചവടം ലാഭകരമായി നടത്തുന്നവരുണ്ട്. ഇത്തരക്കാരെ മനക്കരുത്ത് കൊണ്ട് തിരസ്‌കരിക്കാന്‍ യൗവനത്തെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് എസ് വൈഎസ് കരുതുന്നു.
യൗവനത്തിന് ശക്തി എന്നപോലെ ചില ദൗര്‍ബല്യങ്ങളുമുണ്ട്. വലിയവര്‍ അതിനെ പക്വതയില്ലായ്മ എന്ന് വിളിക്കും. അലസത യൗവനത്തിന്റെ സ്ഥായിഭാവമാകുന്നത് അപ്പോഴാണ്. മേലനങ്ങാതെ സമ്പാദിക്കുക, വ്യായാമമില്ലാതെ ആരോഗ്യത്തെ പരിരക്ഷിക്കുക, മുറിയുടെ തടവിലിരുന്ന് സുഖങ്ങളെ വരിക്കുക.. ഇതെല്ലാമാണ് അലസ യൗവനത്തിന്റെ സൈദ്ധാന്തിക ഭാവം. കമ്പോളവും ചിലപ്പോള്‍ ഭരണകൂടവും ഇതിനെ താലോലിക്കുന്നു. യൗവനത്തിനുചുറ്റും ആംവെ വലക്കണ്ണികള്‍ മുറുക്കുന്നത് അങ്ങനെയാണ്. മയക്കുമരുന്നുകള്‍ യൗവനത്തെ സ്വപ്‌നലോകത്ത് തടവിലിടുന്നത്, രാസ പദാര്‍ഥങ്ങള്‍ ആരോഗ്യത്തെ പരിരക്ഷിച്ച് തുടങ്ങുന്നത്, തെങ്ങിന്‍ തടത്തില്‍ കൊത്തുന്നതിന് പകരം ജിമ്മില്‍ പോയി ഉപകരണങ്ങളോട് മല്ലിടുന്നത് വലിയവര്‍ പറയുന്ന ആ പക്വതയില്ലായ്മയാണ്. ആരോ തീരുമാനിക്കുന്നു. യൗവനം അനുസരിക്കുന്നു.
യുവജനങ്ങള്‍ ചൂഷണങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നു എസ് വൈ എസ്. രാഷ്ട്രീയമായി, സാമ്പത്തികമായി, ആരോഗ്യപരമായി, വിദ്യാഭ്യാസപരമായി, തൊഴില്‍പരമായി, വിശ്വാസപരമായി ചൂഷണം ചെയ്യപ്പെടുന്ന ദുരവസ്ഥയില്‍ നിന്നും യുവജനങ്ങളെ രക്ഷിക്കാന്‍ എന്നാണ് നമുക്ക് സാധ്യമാകുക? തീവ്രവാദത്തിലേക്കും വര്‍ഗീയ ചേരിതിരിവിലേക്കും അഴിമതിയിലേക്കും അവരെ നയിക്കുന്ന ദുഷ്ട ശക്തികളില്‍ നിന്നും യൗവനം എപ്പോഴാണ് മോചിപ്പിക്കപ്പെടുക? സൃഷ്ടിപരവും ഉത്പാദനക്ഷമവുമായി നമുക്ക് സ്വയം മാറുന്നതിന് വിഘാതമായി നില്‍ക്കുന്ന ശക്തികളെ തള്ളിമാറ്റി മുന്നോട്ട് കുതിക്കാന്‍ കേരളീയ യുവജനങ്ങള്‍ക്ക് സാധ്യമാകേണ്ടതുണ്ട്. ക്ലേശകരമെന്ന് കരുതാം. എങ്കിലും പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ എസ് വൈ എസ് പ്രസ്ഥാനത്തിന് കഴിയും. ഒരു പുതിയ സൂര്യോദയത്തിന് വേണ്ടി ദീര്‍ഘകാലം കാത്തിരിക്കാനും.
യൗവനത്തിന്റെ ശക്തിയെ പക്വമായ മാര്‍ഗത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മാനവരാശിക്കും രാജ്യനന്മക്കുമായുള്ള ഒരു രാഷ്ട്രീയം യുവജനങ്ങളില്‍ ഉരുവം കൊള്ളുന്നതോടെ സമര്‍പ്പിത യൗവനം സാധ്യമാണെന്ന് എസ് വൈ എസ് വിശ്വസിക്കുന്നു. സേവനത്തിന്റെയും നന്മയിലേക്കുള്ള പ്രബോധനത്തിന്റെയും മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെടുന്ന യൗവനത്തിന് മാത്രമേ അര്‍ഥമുള്ള മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. സ്വാര്‍ഥതയോ വഴിവിട്ട താത്പര്യങ്ങളോ ഇല്ലാത്ത ഒരു യുവജന മുന്നേറ്റം സാധ്യമാകുമെങ്കില്‍ കമ്പോളത്തിന്റെ ദുര്‍മേദസ്സിനെ തോല്‍പ്പിക്കാനും ധനത്തെ നീതിദത്തമായ വിതരണത്തിലൂടെ ഉത്പാദനക്ഷമത ഉള്ളതാക്കാനും സാധ്യമാണ്. രാഷ്ട്രീയത്തെ നീക്കുപോക്കുകളില്‍ നിന്ന് രക്ഷിച്ചെടുക്കുക സാധ്യമാണ്. യൗവനത്തെ മയക്കുമരുന്നിന്റെ ആലസ്യത്തില്‍ നിന്ന് മോചിപ്പിക്കാനും അതിനെ സൃഷ്ടിപരതയിലേക്ക് നയിക്കാനും സാധ്യമാണ്. ഞങ്ങള്‍ പറയുന്നത് ഇതാണ്- വിമോചനം അകലെയല്ല. പുതിയ സൂര്യോദയം സാധ്യമാണ്.