National
കൊതുകുകള്‍ ഉറക്കം കെടുത്തിയ ഗ്രാമം; കന്നുകാലികള്‍ക്കുപോലും രക്ഷയില്ല

ബെംഗളുരു | കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ചെറിയ ഗ്രാമത്തിലെ വീടുകളില്‍ നേരിടുന്ന പ്രശ്‌നമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അഡഗുരു എന്ന ഗ്രാമത്തില്‍ ഏകദേശം 400 വീടുകളാണുള്ളത്. ഇവിടുത്തുകാര്‍ക്ക് രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് വെല്ലുവിളി ഉയർത്തുന്ന കാര്യം.
ഉറക്കം കെടുത്തുന്നവര്‍ മനുഷ്യരോ മൃഗങ്ങളോ അല്ല, കൊതുകുകളാണ്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി അഡഗുരു നിവാസികള്‍ക്ക് ഉറക്കമില്ലാതായിട്ട്. മനുഷ്യര്‍ക്ക് മാത്രമല്ല കന്നുകാലികള്‍ക്കും ഉറങ്ങാന്‍ സാധിക്കില്ല. കൊതുകു പെരുകുന്നതിന് കാരണം 100 ഏക്കറോളമുള്ള ഒരു തടാകമാണ്. ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണമായ ചന്നരായപട്ടണത്തിലെ അഴുക്കുചാലുകളില്‍ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം അഡഗുരു തടാകത്തിലേക്ക് ഒഴുകുന്നു. വൃത്തിഹീനമായ ജലമാണ് തടാകത്തിലുള്ളത്.
തടാകം കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്. കൊതുകിനെ തുരത്താന്‍ പ്രദേശവാസികള്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സമീപിക്കുന്നത് പതിവാണ്. എങ്കിലും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് യാഥാര്‍ത്ഥ്യം.