Ongoing News
ഇന്ന് അന്താരാഷ്ട്ര യുവജന ദിനം; യുവജനങ്ങള്‍ രാജ്യത്തിന്റെ സ്പന്ദനമാവട്ടെ

കോഴിക്കോട് | ഇന്ന് അന്താരാഷ്ട്ര യുവജന ദിനം. ഈ കൊവിഡ് കാലത്ത് നിരവധി പ്രതിസന്ധികളിലൂടെയാണ് യുവജനങ്ങള്‍ കടന്നുപോകുന്നത്. യുവാക്കള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് ഇടപ്പെടാന്‍ വേണ്ടിയുള്ള ദിനമായാണ് അന്താരാഷ്ട്ര യുവജനദിനം എല്ലാ വര്‍ഷവും കൊണ്ടാടുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2000, ഓഗസ്റ്റ് 12 മുതലാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്.
രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ ആവശ്യമായ പങ്കാളിത്തം കണക്കിലെടുത്ത്, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1999 ഡിസംബര്‍ 17 നാണ് ഈ ദിവസം അംഗീകരിച്ചത്. “ഭക്ഷ്യ സംവിധാനങ്ങളുടെ പരിവര്‍ത്തനം: മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യത്തിന് യുവജനങ്ങളുടെ കണ്ടുപിടിത്തം” എന്നതാണ് 2021-ലെ ദിനാചരണ സന്ദേശം. ആദ്യ അന്താരാഷ്ട്ര യുവജന ദിനം ലോകത്തിലെ മിക്ക രാജ്യങ്ങളും ആഘോഷിച്ചിരുന്നു. 1985 അന്താരാഷ്ട്ര യുവജന വര്‍ഷമായാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സുസ്ഥിര വികസനത്തില്‍ യുവാക്കളുടെ പങ്ക് ഉറപ്പാക്കുക, യോഗ്യതയ്ക്കനുസരിച്ച് വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നല്‍കുക എന്നതാണ് അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ കൊവിഡ് സാഹചര്യത്തില്‍ നിരവധി യുവാക്കള്‍ തൊഴിലില്ലാതെ പ്രയാസം അനുഭവിക്കുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ഗൗരവമായി കാണണം എന്നതാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. യുവാക്കളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ എന്ന വസ്തുത ഭരണകൂടം മനസ്സിലാക്കിയേ മതിയാകൂ.
വികസ്വര രാജ്യമായ ഇന്ത്യ ജനസംഖ്യാപരമായി ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ഏകദേശം 60 കോടി ആളുകള്‍ 25 നും 30 നും ഇടയില്‍ പ്രായമുള്ളവരുണ്ട്. യുവാക്കളെക്കൊണ്ട് ഇന്ത്യക്ക് കുതിക്കാന്‍ കഴിയുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിച്ചാല്‍ മാത്രമേ രാജ്യത്തിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ എന്ന വസ്തുതയും ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 11.3 കോടിയില്‍ അധികമാണ്. 15 നും 60 നും ഇടയില്‍ പ്രായമുള്ള 748 കോടി ആളുകള്‍ തൊഴില്‍രഹിതരാണ്. സെന്‍സസില്‍ വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് തൊഴിലില്ലാത്തവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 2001 ലെ സെന്‍സസില്‍ 23 ശതമാനം ആളുകളായിരുന്നു തൊഴില്‍ രഹിതര്‍. എന്നാല്‍ 2011 ലെ സെന്‍സസില്‍ എണ്ണം 28 ശതമാനമായി വര്‍ദ്ധിച്ചു.
തൊഴിലില്ലായ്മ രൂക്ഷമാകുന്നതോടൊപ്പം യുവാക്കള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ സജീവമാകുന്നതായാണ് കാണപ്പെടുന്നത്. മയക്കുമരുന്ന്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളില്‍ 70 ശതമാനം പ്രതികളും യുവാക്കളാണെന്ന കാര്യം വേദനാജനകമാണ്. ഇതിന് തടയിടണമെങ്കില്‍ യുവാക്കളുടെ ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്് അനിവാര്യമാണ്.