Kerala
കെ എം ബഷീര്‍ കൊലപാതകം: വിചാരണ ഇന്നാരംഭിക്കും

തിരുവനന്തപുരം| ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറോടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കൊന്ന കേസില്‍ വിചാരണ ഇന്നാരംഭിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. പോലീസ് കുറ്റപത്രം നല്‍കി ഒന്നര വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും ഇന്ന് കോടതിയില്‍ ഹാജരാകും. കോടതിയുടെ അന്ത്യശാനയെ തുടര്‍ന്നാണ് പ്രതികള്‍ നേരിട്ട് കോടതിയില്‍ എത്തുന്നത്. ഇരുവര്‍ക്കും ആദ്യം കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. തുടര്‍ന്നാകും വിചാരണയിലേക്ക് കടക്കുക.
കേസിലെ വിചാരണ വൈകിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനായി കേസുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങളും രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയായിരുന്നു ഈ നീക്കം. ഒടുവില്‍ മജിസ്‌ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സി സി ടി വി ദൃശ്യങ്ങളുടെ തെളിവുകള്‍ ശ്രീറാമിന് നല്‍കി. ഇതിന് ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് കെ എം ബഷീറിനെ ശ്രീറാം കാറിടിച്ച് കൊന്നത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണ്‍ ചെയ്യുകയായിരുന്ന ബഷീറിനെ മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് ശ്രീറാം ഇടിച്ച് തെറിപ്പിക്കുകയാണ്. സുഹൃത്ത് വഫയും ശ്രീറാമിനൊപ്പമുണ്ടായിരുന്നു.