Connect with us

Editorial

കോടതികളും ഏകസിവിൽ കോഡും

Published

|

Last Updated

ഏക സിവിൽ കോഡിന് വേണ്ടി മോദി സർക്കാറിനൊപ്പം ജുഡീഷ്യറിയും. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവിൽ കോഡ് ആവശ്യമാണെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടതും ഇതുസംബന്ധമായി കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചതും. മീണ വിഭാഗത്തിൽപ്പെട്ടവർക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹരജി പരിഗണിക്കവെയാണ് കോടതി ഏക സിവിൽ കോഡ് വിഷയം വലിച്ചിട്ടത്. വിവാഹ നിയമം പൊളിച്ചെഴുതണമെന്നും വിവാഹവുമായി ബന്ധപ്പെട്ട് മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണമെന്നും കേരള ഹൈക്കോടതിയും നിരീക്ഷിച്ചു കഴിഞ്ഞ ദിവസം. വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവത്തിൽ ഏകീകൃത നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും ബി ജെ പി പ്രകടന പത്രികയിലെ പ്രധാന ഇനമായിരുന്നു ഏകസിവിൽ കോഡ്. 2016 ൽ മോദി സർക്കാർ ഏകസിവിൽ കോഡിന്റെ രൂപരേഖ തയ്യാറാക്കാനും സാധ്യത ആരായാനും നിയമ കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാർച്ച് ആദ്യത്തിൽ ലഖ്്നോവിൽ ചേർന്ന ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെ, രാമക്ഷേത്ര വാഗ്ദാനം പൂർത്തികരിച്ചതുപോലെ രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കാനും ബി ജെ പിസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിക്കുകയുമുണ്ടായി.

മതന്യൂനപക്ഷങ്ങളിലെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ വിശിഷ്യാ ഇസ്‌ലാമിക വിവാഹമോചനം പോലുള്ള പ്രശ്‌നങ്ങൾ പരിഗണനക്കെത്തുമ്പോൾ പലപ്പോഴും നീതിപീഠങ്ങൾ, ജഡീഷ്യൽ എത്തിക്‌സിന്റെ പരിധികൾ ലംഘിച്ച് സാമൂഹിക പരിഷ്‌കർത്താക്കളുടെ പരിവേഷം എടുത്തണിയുകയും മാറിയ രാഷ്ട്രീയ പരിസരത്തിന് അനുയോജ്യമാം വിധം ഇവ കൈകാര്യം ചെയ്യാൻ മുതിരുകയും ചെയ്യുന്നു.

മുത്വലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉദാഹരണം. യഥാർഥത്തിൽ ജസ്റ്റിസുമാരായ അനിൽ ആർ ദാവെ, ആദർശ്കുമാർ ഗോയൽ എന്നിവരുടെ മുന്നിൽ 2015 ഒക്ടോബറിൽ 2005 ലെ ഹിന്ദു പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വന്നപ്പോഴാണ് ഈ ഹരജിയുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത മുസ്‌ലിംസ്ത്രീ പ്രശ്‌നവും മുത്വലാഖുമെല്ലാം കോടതി വലിച്ചിഴച്ചു കൊണ്ടുവന്നത്. ഇത്തരമൊരു ഇടപെടൽ തന്നെയാണ് ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതിയുടെയും കേരള ഹൈക്കോടതിയുടെയും മേൽ പരാമർശങ്ങളും.

മതവിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം. മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്ന ആർട്ടിക്കിൾ 25 ഉം 26 ഉും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതവിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഏതൊരു പൗരനും ഉറപ്പ് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിവാഹം, സ്വത്തവകാശം, ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക വ്യക്തിനിയമങ്ങൾ രൂപപ്പെടുത്തിയത്. ഏകസിവിൽ കോഡ് നിലവിൽ വരുത്തണമെന്നാവശ്യപ്പെടുന്നവരും തങ്ങളുടെ വാദത്തിന് ഉപോത്ബലകമായി ഉയർത്തിക്കാണിക്കുന്നത് ഭരണഘടനയെയാണെങ്കിലും ഏകസിവിൽ കോഡ് ഭരണഘടനയുടെ നിർദേശക തത്വങ്ങളിലും മതസ്വാതന്ത്ര്യം മൗലികാവകാശങ്ങളിലുമാണ് ഭരണഘടന ഉൾപ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിർദേശക തത്വങ്ങളേക്കാൾ ഭരണഘടന പ്രാമുഖ്യം നൽകുന്നത് പൗരന്റെ മൗലികാവകാശങ്ങൾക്കാണ്. നാളിതുവരെയും ഏകസിവിൽ കോഡ് നടപ്പാക്കാൻ ഒരു സർക്കാറും മുന്നോട്ടുവരാതിരുന്നതും അതുകൊണ്ടാണ്.
ഏകസിവിൽ കോഡ് നടപ്പാക്കുക പ്രയാസകരമാണ്, അത് ഭരണഘടനയുടെ അന്തസ്സത്തയെ തകിടം മറിക്കുമെന്ന് 2017ൽ കമ്മീഷൻ വ്യക്തമാക്കിയതാണ.് ആദിവാസികൾ അടക്കമുള്ള വിഭാഗങ്ങൾക്ക് നിരവധി ഒഴിവുകൾ ഭരണഘടന നൽകുന്നുണ്ട്. അതിനെയെല്ലാം ഏകീകൃത സിവിൽ കോഡ് താളം തെറ്റിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പല ഭാഗങ്ങളിലും പല ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയിൽ ഒരു കുടുംബത്തിന്റെ മൊത്തം ആസ്തിയും ഇളയ മകൾക്കാണ് ലഭിക്കുക. മരുമകൻ അവിടെ മകളുടെ ഭർത്താവ് മാത്രമല്ല, അവരുടെ അമ്മയുടെ കൂടി ഭർത്താവാണ്. ഇതൊരു ആചാരമാണ്. നോക്കുറാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനെ മാറ്റാൻ നിയമം കൊണ്ട് സാധിക്കുമോ? ഇത്തരം ആചാരങ്ങൾ ഭരണഘടനാ പ്രകാരം സംരക്ഷണം ലഭിക്കുന്നവയാണെന്നും നിയമ കമ്മീഷൻ പറഞ്ഞു.

വിവിധ മതവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങളെല്ലാം ചേർത്തുവെച്ചുകൊണ്ട് എല്ലാവർക്കും സ്വീകാര്യയോഗ്യമാകുന്ന ഒരു ഏകീകൃത നിയമമാണ് യൂണിഫോം സിവിൽ കോഡ് കൊണ്ടുദ്ദേശിക്കുന്നതെന്നാണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നതെങ്കിലും വ്യക്തിനിയമങ്ങൾ ഹിന്ദുത്വർ ആഗ്രഹിക്കുന്ന തരത്തിൽ പൊളിച്ചെഴുതി മതന്യൂനപക്ഷങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും അതുവഴി ന്യൂനപക്ഷ സംസ്‌കാരങ്ങളും ആചാരങ്ങളും രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയുമാണ് ബി ജെ പിയുടെ ലക്ഷ്യം. ഒരു രാഷ്ട്രം ഒരു ജനത ഒരു ദേശീയത എന്ന ആർ എസ് എസ് മുദ്രാവാക്യത്തിന്റെ പ്രയോഗവത്കരണത്തിലേക്കുള്ള ചവിട്ടുപടിയാണ് മോദിസർക്കാറിന്റെ പരിഗണനയിലുള്ള ഏകസിവിൽ കോഡ്. ഒരു പൊതുനിയമത്തിന് വേണ്ടി തങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താൻ സമ്മതിക്കില്ലെന്ന് ഹൈന്ദവ സംഘടനകൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്റുവിന്റെ കാലത്ത് ഹിന്ദു റിഫോംസ് ബിൽ കൊണ്ടുവന്നപ്പോൾ, ഹിന്ദു മഹാസഭയും ബി ജെ പിയുടെ പഴയ പതിപ്പായ ജനസംഘവും അതിനെ നഖശിഖാന്തം എതിർക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ ജൂഡീഷ്യൽ എത്തിക്‌സിന് അനുയോജ്യമല്ലാത്ത വിധം ഏകസിവിൽകോഡ് പോലുള്ള പ്രശ്‌നങ്ങൾ അനാവശ്യമായി വലിച്ചുകൊണ്ടു വരുന്ന നടപടികളിൽ നിന്ന് കോടതികൾ വിട്ടുനിൽക്കേണ്ടതാണ്.

---- facebook comment plugin here -----

Latest