Connect with us

Articles

വൈദ്യുതി മേഖലക്ക് മരണമണി

Published

|

Last Updated

പാര്‍ലിമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനത്തിന്റെ പരിഗണനയില്‍ വെച്ചിട്ടുള്ള വൈദ്യുതി ബില്‍ 2021 വൈദ്യുതി വിതരണ മേഖലയുടെ സമ്പൂര്‍ണവും സര്‍വതന്ത്ര സ്വതന്ത്രവുമായ സ്വകാര്യവത്കരണം ലക്ഷ്യം വെച്ചുള്ളതാണ്. വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെയും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെയും താത്പര്യങ്ങളെ കുഴിവെട്ടി മൂടുന്ന വ്യവസ്ഥകളാണ് ബില്ലിലൂടെ നിയമമാകാന്‍ പോകുന്നത്.
പാര്‍ലിമെന്റില്‍ തങ്ങള്‍ക്കുള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് രാജ്യത്തിന്റെ പൊതുമേഖലാ കമ്പനികളെയും ജനജീവിതത്തിന്റെ രക്തനാഡികളെന്ന് വിശേഷിപ്പിക്കുന്ന വൈദ്യുതി വിതരണമുള്‍പ്പെടെയുള്ള ജനോപകാരപ്രദമായ വിതരണ സംവിധാനങ്ങളെയും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുകയാണ് ഭരണകൂടം. ഓഹരി വില്‍പ്പനയും അതിനാവശ്യമായ നിയമ ഭേദഗതികളും വഴി സ്വാതന്ത്ര്യാനന്തരം നാം കെട്ടിപ്പടുത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ഇല്ലാതാക്കുകയാണ്.

1948ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ കൊണ്ടുവന്ന നാഷനല്‍ ഇലക്ട്രിസിറ്റി സപ്ലൈ നിയമം രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ കുത്തകകള്‍ക്ക് വൈദ്യുതിയുടെ ഉത്പാദന, പ്രസരണ, വിതരണ രംഗങ്ങളില്‍ മൂലധന നിക്ഷേപം അനുവദിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആഗോളവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച നരസിംഹ റാവു സര്‍ക്കാറാണ് വൈദ്യുതി മേഖലയുടെയും സ്വകാര്യവത്കരണത്തിന് ആരംഭം കുറിച്ചത്. പിന്നീട് എന്‍ ഡി എ, യു പി എ സര്‍ക്കാറുകള്‍ വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം പിന്മടക്കമില്ലാത്ത നയമാക്കി എടുത്തുകൊണ്ട് വൈദ്യുതി ഉത്പാദന രംഗത്ത് സ്വദേശ, വിദേശ കുത്തകകള്‍ക്ക് നിക്ഷേപ സൗകര്യമൊരുക്കി കൊടുത്തു. 2003ലെ വൈദ്യുതി നിയമം ഉത്പാദന മേഖലയില്‍ ഡീലൈസന്‍സിംഗ് ഏര്‍പ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെവിടെയും വൈദ്യുത നിലയങ്ങള്‍ തുടങ്ങാമെന്നു വന്നതോടെ കോര്‍പറേറ്റ് കമ്പനികള്‍ വിതരണ രംഗത്തും ഡീലൈസന്‍സിംഗിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം കടുപ്പിച്ചു.

ഇതേ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ 2021 ഫെബ്രുവരി അഞ്ചാം തീയതി വൈദ്യുതി നിയമ ഭേദഗതിയുടെ കരട് കൊണ്ടുവരുന്നത്. അക്ഷരാര്‍ഥത്തില്‍ ഇത് രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണ മണിയായിരുന്നു. വൈദ്യുതി വിതരണ രംഗത്തെ എല്ലാ സര്‍ക്കാര്‍ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോര്‍പറേറ്റുകളുടെ കൊള്ള താത്പര്യങ്ങള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുകയാണ് ഇത്തരമൊരു നിയമ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍. എല്ലാ വിഭാഗം ജനങ്ങളും രാജ്യസ്‌നേഹികളും ഗൗരവപൂര്‍വം സമീപിക്കേണ്ടതും കാണേണ്ടതുമായ വിഷയമാണ് വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തിനായുള്ള ഈയൊരു നിയമ നിര്‍മാണം. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായാണ് കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കായി ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്. ഇതുവഴി സംസ്ഥാന സര്‍ക്കാറുകള്‍ക്കോ വൈദ്യുതി റഗുലേറ്ററി അതോറിറ്റികള്‍ക്കോ വൈദ്യുതി വിതരണ രംഗത്ത് നിയന്ത്രണം സാധ്യമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയിലെ സാധാരണക്കാരോടും കര്‍ഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ് വൈദ്യുതി ബില്‍ 2021.

മുമ്പും പല തവണ വൈദ്യുതി നിയമ ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടിന് ആരംഭിച്ച പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഭേദഗതി അംഗീകരിപ്പിക്കണമെന്ന വാശിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണ മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണം ഉറപ്പു വരുത്തുന്ന നിര്‍ദേശങ്ങളാണ് നിയമ ഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെ ജനവിരുദ്ധമായ വ്യവസ്ഥകള്‍ മുന്നോട്ട് വെക്കുന്ന വൈദ്യുതി ബില്ല് പാസ്സാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടായിരുന്നു ഇടതുപക്ഷ പാര്‍ട്ടികളും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചത്. കര്‍ഷക സമരത്തിന്റെയും പ്രധാന ആവശ്യങ്ങളില്‍ ഒന്ന് വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നാണ്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സമസ്ത മേഖലകളുടെയും സ്വകാര്യവത്കരണ നടപടികള്‍ക്ക് വേഗം കൂടി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അഞ്ചാമത്തെ തവണയാണ് ഭേദഗതി നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. 2013ലാണ് വൈദ്യുതി വിതരണം രണ്ടായി വിഭജിച്ച് സപ്ലൈ – വിതരണം എന്ന പുതിയൊരു മേഖല കൂടി സൃഷ്ടിക്കാനുള്ള ആദ്യനിര്‍ദേശം ഉണ്ടാകുന്നത്. 2014ല്‍ ഇത് കുറേക്കൂടി മൂര്‍ത്തമാക്കി പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. വൈദ്യുതി വിതരണ രംഗത്തെ വിതരണവും സപ്ലൈയുമായി വിഭജിക്കുന്നതിനോടൊപ്പം സപ്ലൈ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ സംരംഭകര്‍ക്ക് വന്‍കിട ഉപഭോക്താക്കളെ ഏറ്റെടുത്ത് ലാഭം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി പാര്‍ലിമെന്റിലെത്തിയത്. ശക്തമായ പ്രക്ഷോഭത്തിലൂടെ ജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവന്നും പാര്‍ലിമെന്റ് സമിതികളില്‍ പ്രതിരോധം തീര്‍ത്തും നടത്തിയ ഇടപെടലുകളുടെ ഭാഗമായി തുടര്‍നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് പിന്നോട്ട് പോകേണ്ടതായി വന്നു.
2018ലാണ് ഭേദഗതിക്കുള്ള അടുത്ത ശ്രമമുണ്ടായത്. എന്നാല്‍ ഈ സന്ദര്‍ഭത്തിലും രാജ്യത്താകെ ഉയര്‍ന്നുവന്ന എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടുപോയി. പിന്നീട് 2020 ഏപ്രില്‍ മാസത്തില്‍ രാജ്യം കൊവിഡ് മഹാമാരിയുടെ ഭാഗമായി ലോക്ക്ഡൗണില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും വൈദ്യുതി നിയമ ഭേദഗതി നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നത്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്ന ധാരണയായിരുന്നിരിക്കണം ഇത്തരമൊരു നീക്കത്തിന് കാരണമായത്. ഫെഡറല്‍ ഭരണ തത്വങ്ങളെ കാറ്റില്‍പ്പറത്തുന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വൈദ്യുതി മേഖലയിലുണ്ടായിരുന്ന പരിമിതമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കുന്ന നിര്‍ദേശങ്ങളായിരുന്നു അപ്പോള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായായിരിക്കണം വിതരണ രംഗത്തിന്റെ വിഭജനം കരടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ഭേദഗതി നിര്‍ദേശങ്ങള്‍ക്കെതിരെയും ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവന്നു. രാജ്യ തലസ്ഥാനത്ത് നടന്നു വരുന്ന കര്‍ഷക സമരങ്ങളില്‍ വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കുന്നത് പ്രധാന ആവശ്യങ്ങളില്‍ ഒന്നായി മാറിയതോടെയാണ് വൈദ്യുതി ബില്ലിനെതിരായ ബഹുജനാഭിപ്രായവും ശക്തമായത്. മറ്റു കാര്യങ്ങളില്‍ തീര്‍പ്പുണ്ടായില്ലെങ്കിലും വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കാമെന്ന് ചര്‍ച്ചകളില്‍ ഉറപ്പു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനിടെ പൊടുന്നനെയാണ് പുതുക്കിയ ഒരു കരടുമായി നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. വിതരണ രംഗത്തെ വിഭജിക്കുന്നതും ക്രോസ് സബ്‌സിഡി ഇല്ലാതാക്കുന്നതുമടക്കം എതിര്‍പ്പുകളെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്ന പല നിര്‍ദേശങ്ങളും നേരിട്ട് അങ്ങനെയാണെന്ന് തോന്നാത്ത രൂപത്തില്‍ കൗശലപൂര്‍വം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ കരട് രൂപപ്പെടുത്തിയിട്ടുള്ളത്.

വൈദ്യുതി വിതരണത്തിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. മാത്രമല്ല വൈദ്യുതി വിതരണമേറ്റെടുക്കുന്ന പുതിയ കമ്പനികള്‍ക്ക് സ്വന്തമായി വൈദ്യുതി ശൃംഖല സൃഷ്ടിക്കേണ്ട ആവശ്യവുമില്ല. ഇതുവഴി സ്വകാര്യ കുത്തകകള്‍ക്ക് ഈ രംഗത്തേക്ക് തടസ്സങ്ങളില്ലാതെ കടന്നുവന്ന് ലാഭംകൊയ്യാനും ആവശ്യം വന്നാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിപ്പോകാനും അവസരമൊരുക്കുന്നു. ഇതുവഴി ലാഭം ഉറപ്പുള്ള മേഖലകളെയും ഉപഭോക്താക്കളെയും മാത്രം പെറുക്കിയെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കഴിയുന്നു.
അഥവാ നഷ്ടമുണ്ടാകാന്‍ എന്തെങ്കിലും സാധ്യതകളുണ്ടായാല്‍ ഒഴിവാക്കിപ്പോകുകയും ആകാം. ഇതിനിടയില്‍ തകരുക ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമാണ്. ഇല്ലാതാകുക സാധാരണക്കാരുടെ വൈദ്യുതി സ്വപ്‌നങ്ങളായിരിക്കും. അതായത് സാധാരണ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സേവനം അപ്രാപ്യമാകും. കൃഷിക്കും ഗാര്‍ഹിക ഉപഭോഗത്തിനുമുള്ള സബ്‌സിഡി ഇളവുകളും സൗജന്യങ്ങളും പൂര്‍ണമായി തന്നെ ഇല്ലാതാകും. കടുത്ത സ്വകാര്യവത്കരണ സമ്മര്‍ദങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണ രംഗം മൂലധന കുത്തകകള്‍ക്ക് കീഴ്‌പ്പെട്ടിരുന്നില്ല. പുതിയ വൈദ്യുതി ബില്‍ നിയമമാകുന്നതോടെ മൂലധന താത്പര്യങ്ങള്‍ വൈദ്യുതി വിതരണ രംഗത്തെ ജനകീയ താത്പര്യങ്ങളെയാകെ ഇല്ലാതാക്കും. സ്വകാര്യ വൈദ്യുതി ഉത്പാദക കമ്പനികള്‍ക്ക് അവരുടെ വൈദ്യുതി ലാഭകരമായി വില്‍ക്കാനാവശ്യമായ വിതരണ സൗകര്യം ഒരുക്കിയെടുക്കാനാണെന്ന ന്യായം പറഞ്ഞു കൊണ്ട് കോര്‍പറേറ്റുകളുടെ ദുരമൂത്ത ലാഭ മോഹങ്ങള്‍ക്ക് വൈദ്യുതി വിതരണ മേഖലയെ തുറന്നുകൊടുക്കുകയാണ് വൈദ്യുതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍.

Latest